ബീഹാർ, വിഹാരങ്ങളുടെ നാട്
ബീഹാർ യാത്രകളെക്കുറിച്ച് .....
ബീഹാർ യാത്രകളെക്കുറിച്ച് .....
വാരണാസിയിൽ നിന്നും ബോധ്ഗയയിലേക്ക്
പൗരാണിക പശ്ചാതലത്താൽ സമൃദ്ധമായ രണ്ടു പട്ടണങ്ങളാണ് ബോധ്ഗയയും വാരണാസിയും. വാരണാസിയിലെ ബുദ്ധക്ഷേത്രമായ സാരനാഥ് സന്ദർശിച്ച ശേഷമാണ് ഞങ്ങൾ ബോധ്ഗയയിലേക്ക് പുറപ്പെട്ടത്.ബി.സി.530 ൽ ബുദ്ധൻ തൻ്റെ ശിഷ്യൻന്മാർക്ക് ആദ്യ ഉപദേശം നൽകിയ സ്ഥലത്തിൻ്റെ അവശിഷ്ടങ്ങൾ മനസ്സിൽ ചിതറിക്കിടക്കുന്നുണ്ട്.
വാരണ, അസി എന്നീ നദികൾ ഗംഗയിൽ കുടിച്ചേരുന്ന സ്ഥലമാണ് വാരണാസി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ഒരു കാലത്ത് കാശി രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്ന ബനാറസിൽ നിന്നും ഞങ്ങൾ തീവണ്ടിയിൽ കയറി.
ഹോളിക്കു ശേഷം നാട്ടിലേക്ക് മടങ്ങുന്ന ആളുകളെക്കൊണ്ട് പ്ലാറ്റ്ഫോം തിങ്ങി നിറഞ്ഞിരുന്നു. അതിലൂടെ വിയർത്തു കൊണ്ട് ട്രെയിനകത്തു പ്രവേശിച്ച ഒരു തടിച്ചമനുഷ്യൻ ഏവരേയും അമ്പരപ്പിച്ച് ബർത്തിലേക്ക് വലിഞ്ഞുകയറി മുകളിൽ ഇരിപ്പുറപ്പിച്ചു. ട്രെയിൻ നീങ്ങാൻ തുടങ്ങിയപ്പോൾ പതിവുപോലെ കുറച്ചു ചെറുപ്പക്കാർ ഓടി വന്ന് വണ്ടിയിൽ കയറി. വണ്ടി കൂവി വിളിച്ച് യാത്ര തുടങ്ങി. വാരണാസിയിൽ നിന്ന് നാലു മണിക്കൂർ കൊണ്ട് ബോധ്ഗയയിൽ എത്താം അതുകൊണ്ടാകും ബീഹാർ ടൂർ ഓപ്പ റെയ്റ്റേഴ്സ് വാരണാസിയും തങ്ങളുടെ യാത്രാ പദ്ധതിയിൽ ചേർക്കുന്നത്. അനേകം പാലങ്ങൾ കടന്നാണ് തീവണ്ടി മുന്നോട്ടു പോകുന്നത്. ചിലയിടങ്ങളിൽ ഒരു കര, ബീഹാറും മറുകര യു .പി യുമാണ് .
എനിക്ക് എതിർവശത്ത് ബീഹാറിയെന്നോ, ബംഗാളിയെന്നോ നിശ്ചയിക്കാൻ കഴിയാത്ത അംഗ ഛായനിറഞ്ഞ ഒരാൾ അയാളുടെ മുഖത്ത് നിരാശ നിറഞ്ഞ മീശ നരച്ചു കിടന്നിരുന്നു. അതിൽ ഇടക്കിടെ തലോടി, എന്തോ ഓർത്തു കൊണ്ടിരുന്നു. ഞാൻ അതിലേക്ക് കൗതുകപൂർവ്വം നോക്കി. തൻ്റെ പഴകിയ മൊബൈൽ ഫോൺ എടുത്ത് നമ്പറുകൾ മാറി മാറി ഞെക്കി ഫോൺ ചെവിയോട് ചേർത്തുവെച്ചു.പാഴായിപ്പോയ കുറെ ഹലോ കൾക്കു ശേഷം ആരോടോ,ദേഷ്യത്തിൽ ഒച്ചയിട്ട് സംസാരിക്കാൻ തുടങ്ങി.
വിശാലമായ തുറസ്സിലൂടെ ട്രെയിൻ ഇരമ്പിയാർത്ത് പാഞ്ഞുകൊണ്ടിരുന്നു. അടുത്ത ട്രാക്കിലൂടെ മറ്റൊരു ട്രെയിൻ എതിർദിശയിലേക്ക് കുതിച്ചു പോയി. കമ്പാർട്ട്മെൻ്റിൻ്റെ അങ്ങേ തലയിൽ നിന്നും വിചിത്രമായ തന്ത്രി നാദത്തിൻ്റെ പശ്ചാത്തലത്തിൽ ആരോ ഭജൻ ആലപിക്കുന്നുണ്ട് .തീവണ്ടിയുടെ കട കടാ ശബ്ദത്തിൽ അത് വ്യക്തമായിരുന്നില്ല. എന്നാലുംആ പാട്ടിന് എനിക്ക് പിടി തരാത്ത ഒരു ലയമുണ്ടായിരുന്നു , മറ്റൊരാൾ ഈ തിരക്കിൻ്റെ ഏകാന്തതയിലിരുന്ന് കണ്ണുമടച്ച് സ്വപ്നം കാണുന്നുണ്ടായിരുന്നു. ഇളകിക്കൊണ്ടിരിക്കുന്ന തീവണ്ടിയിൽ വീടിൻ്റെ ഓർമ്മയിലേക്ക് അയാൾ അമർന്നു പോയതുപോലെ തോന്നി. വിചിത്രമായ കഥാപാത്രങ്ങൾ. അവരുടെ അംഗ ചോടുകൾ, അവരുടെ ഗന്ധങ്ങൾ എന്നിവ കൊണ്ട് സമൃദ്ധമായിരുന്നു തീവണ്ടി.തീവണ്ടി സ്റ്റേഷനിലേക്ക് പ്രവേശിക്കുകയാണ് പതുക്കെ അതൊന്ന് മുരണ്ട് സ്റ്റേഷനിൽ നിന്നു.ഞാൻ സ്വപ്നവും യഥാർത്ഥ്യവും ഇടകലർന്ന ലോകത്തു നിന്നും പുറത്തു കടന്നു. നീളൻ പ്ലേറ്റ്ഫോമിലേക്ക് ഇറങ്ങി. ബീഹാറിലെയും യു .പി .യിലേയും സ്റ്റേഷനുകൾ വലിപ്പം കൊണ്ട് നമ്മെ ഞെട്ടിക്കും. ഏതോ തുരങ്കത്തിലൂടെ പുറത്തു കടന്നു.
സ്റ്റേഷനിൽ നിന്ന് ഹോട്ടലിലേക്ക് 500 മീറ്റർ ദൂരമേയുള്ളു. നടന്നുപോകാവുന്ന ദൂരം. ജീർണിച്ച ചവിട്ടു വണ്ടി (റിക്ഷാ വണ്ടി)കളുമായി കാത്തു നിൽക്കുന്ന ശോഷിച്ച റിക്ഷാക്കാർക്കിടയിലൂടെ വേണം പെട്ടിയുമെടുത്തുള്ള നടപ്പ്. അവർ ഞങ്ങളെ വളഞ്ഞു. ഇരുപതു രൂപ കൊടുത്താൽ ഹോട്ടലിൽ എത്തിച്ചു തരാം എന്നാണ് വാഗ്ദാനം. മനുഷ്യൻവലിക്കുന്ന വണ്ടിയിൽ കയറാൻ മനസ്സ് അനുവദിച്ചില്ല: ഒടുവിൽ ബാഗുകൾ മാത്രം വണ്ടിയിൽ വെച്ച് റിക്ഷയുടെ പിന്നാലെ നടന്നു. വഴിവാണിഭത്തിൻ്റെ തകരച്ചിലമ്പലുകളും ഓട്ടോറിക്ഷകളുടെ ഹോൺ വിളികളുടേയുംമടുപ്പിക്കുന്ന ശബ്ദത്തിലൂടെയുള്ള ഏതാനും നിമിഷത്തെ നടത്തത്തിനിടയിൽ ഞങ്ങൾ ,ഹോട്ടലിൻ്റെ മുന്നിലെത്തി.
ബീഹാറിൽ സമൃദ്ധമായി കിട്ടുന്ന പക്കാ വടയും ചായയും കഴിച്ച ശേഷം വസ്ത്രം മാറി പുറത്തേക്കിറങ്ങി. തെരുവുവിളക്കിൻ്റെ ഗന്ധക പ്രകാശത്തിലൂടെ നടന്നു. വൃത്തി രാഹിത്യം കൊണ്ട് ഏറെ ശ്രദ്ധ ആകർഷിക്കുന്നതാണ് ഗയയിലെ തെരുവുകൾ.മുണ്ഡനം ചെയ്ത ശിരസ്സുമായി തെരുവുകളിലൂടെ അലയുന്ന ബുദ്ധഭിക്ഷുക്കൾ .അവർ തന്നോടു തന്നെ പിറുപിറുക്കുന്ന രീതിയിൽ എന്തോ പറഞ്ഞു കൊണ്ടിരുന്നു. അവർക്കിടയിലൂടെ ചായം തേച്ച മുഖങ്ങളുമായി നഗര വേശ്യകളും അവരുടെ ചേഷ്ടകളുമായി പുഞ്ചിരിച്ച് നിൽക്കുന്നുണ്ടായിരുന്നു.
എല്ലാ ധർമ്മങ്ങളുടെയും ഉൺമ സൗന്ദര്യത്തേയും വൈകൃതത്തേയും ഒരു പോലെ ഉല്ലഘിക്കുന്നുണ്ട്. സൗന്ദര്യത്തേയും വൈകൃ തത്തേയും സംബന്ധിച്ച സങ്കൽപ്പങ്ങൾ നമ്മുടെ മനസ്സിൻ്റെ സൃഷ്ടികളാണ് എന്നാണല്ലോ ബുദ്ധൻ പറഞ്ഞിട്ടുള്ളത്. ബുദ്ധനെ പ്രേമിച്ച അമ്രപാലിയെക്കുറിച്ചുള്ള ചിന്തകളാണ് ആ കാഴ്ച എൻ്റെ മനസ്സിൽ ഉണർത്തിയത്.ബുദ്ധ കഥയിലെ ഈ നായികാ കഥാപാത്രത്തെ ഓർത്തുകൊണ്ട് ഞാൻ ഹോട്ടലിലേക്ക് മടങ്ങി.
ലോകത്തിലെ ആദ്യത്തെ റിപ്പബ്ലിക് ആയിരുന്നു ലിച്ഛാവി.(ബീഹാറുകാരുടെ ഗുണ്ടാ സംസ്കാരത്തെ കുറിച്ച് പരാതി പറയുന്നവർ മറന്നു പോകുന്ന ഒന്നാണിത്) B.C.750 തിനോടടുത്താണ് ലിച്ഛാവി റിപ്പബ്ലിക് നിലവിൽ വന്നത് എന്നാണ് കണക്കാക്കുന്നത്.
ബുദ്ധ കഥയിലെ നഗര സുന്ദരിയായ അംമൃപാലി വൈശാലിയിലെ അഭിസാരികയായിരുന്നു. നിർത്തത്തിലും സംഗീതത്തിലും അതീവ നിപുണയായിരുന്നു അവർ.' ബിംബിസാരൻ ലിച്ഛാവിയുമായി നിരന്തരം യുദ്ധം ചെയ്തു കൊണ്ടിരുന്നപ്പോഴും അവിടത്തെ നഗരസുന്ദരിയായ വൈശാലിയുമായി സൗഹൃദം തുടർന്നുകൊണ്ടിരുന്നു. ഒരിക്കൽ ബിം ബിസാരൻ ഏഴുദിവസം അവൾക്കൊപ്പം സഹശയനം നടത്തി എന്നും അവർക്ക് ഒരു കുട്ടി ഉണ്ടായെന്നുമാണ് പറയപ്പെടുന്നത്. പിന്നീട് ബിംബി സാരൻ ലിച്ഛാവിയെ കീഴടക്കി .അതോടെ ലോകത്തിലെ ആദ്യ റിപ്പബ്ലിക്കിൻ്റെ തിരശ്ശീല വീണു.
വേണു വനത്തിൽ വെച്ചാണ് അം മൃപാലി ബുദ്ധനെ ആദ്യം ദർശിക്കുന്നത് എന്നാണ് ബുദ്ധ കഥയിൽ പറയുന്നത്. തന്നെ ഒരു പുരുഷനും ഇതുപോലെ കണ്ടിട്ടില്ലെന്ന് അംമൃപാലി ആദ്യ നോട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞു. പരിഭ്രമവും കാമവും നിറഞ്ഞ ആൺനോട്ടങ്ങൾ മാത്രമേ അവൾ അതുവരെ കണ്ടിട്ടുണ്ടായിരുന്നുള്ളു. തൻ്റെ മനോവിചാരങ്ങൾ പോലും ബുദ്ധൻ വായിച്ചെടുക്കുന്നതായി അവൾ മനസ്സിലാക്കി .
ശാന്തിയും, സന്തുഷ്ടിയും, മുക്തിയും മാത്രമേ യഥാർത്ഥ സൗന്ദര്യം നൽകു എന്ന് ബുദ്ധൻ അവളോട് പറഞ്ഞു. "ജീവിതത്തിൻ്റെ ബാക്കി മാത്രകളെ സൂക്ഷമം ലാളിച്ചുണർത്തി ഹൃദയനിർഭരമാക്കൂ" എന്നാണ് ബുദ്ധൻ അവളെ ഉപദേശിച്ചത്. തൻ്റെ ആതിഥേയത്വം സ്വീകരിക്കാൻ മാന്തോപ്പിലേക്ക് ക്ഷണിച്ചു കൊണ്ടാണ് അവൾ അവിടെ നിന്നും മടങ്ങിയത്.
ഗയ സ്റ്റേഷനിൽ നിന്നും ഒരു മണിക്കൂർ കാറിൽ സഞ്ചരിച്ചാൽ ബോധ്ഗയയിൽ എത്തും.
അയവിറക്കി അലസം മേയുന്ന കന്നുകാലി കൂട്ടങ്ങൾ റോഡുകൾ കൈയ്യടക്കിയിരിക്കന്നത് കാണാം.അപൂർവ്വമായി മാത്രം ചില രണ്ടുനില കെട്ടിടങ്ങൾ കണ്ടു. ഗ്രാമങ്ങൾ തെരുവുകച്ചവടക്കാരും, പശുക്കളും, അഴുക്കു കുമ്പാരങ്ങളും കൊണ്ട് നിറഞ്ഞവയാണ്. വൈക്കോലും, കളിമണ്ണും കൊണ്ട് നിർമിച്ച ധാരാളം കുടിലുകൾ യാത്രാ മധ്യേകാണാം .ഭൂമിഹാറുകളും ദളിതുകളും തമ്മിൽ പരസ്പരം കൂട്ടക്കൊല നടത്തുന്ന ഒരു പ്രദേശമാണ് ഇതെന്ന് ഡ്രൈവർ പറഞ്ഞു. വണ്ടിയുടെ വേഗതയിൽ ഈ കുടിലുകൾ പതുക്കെ പതുക്കെ കാണാമറയത്തക്ക് പിൻവാങ്ങി ഈ ഗ്രാമങ്ങൾ പുക തങ്ങളിലൊളിപ്പിച്ച് അകത്ത് പുകഞ്ഞു കത്തുന്നുണ്ടായിരിക്കണം.
രൺവീർ സേനയുടെ ഒളി നീക്കങ്ങളെ പ്രതിരോധിക്കാൻ ഈ കുടിലുകൾക്ക് എങ്ങിനെയാണ് കഴിയുക, ഒറ്റ തീവെപ്പിൽ ഇവ കത്തിച്ചാമ്പലാകുകയില്ലേ?
എന്നിട്ടും അവർ പ്രതിരോധിച്ചുകാണ്ടിരിക്കുന്നു ഇതാണ് നാം കാണാത്ത ബീഹാർ .ബിംബി സാര ൻ്റെ കുതിര കുളമ്പടി കേട്ടു വളർന്ന ഒരു ജനതക്ക് ഒളിച്ചോടാൻ കഴിയില്ലല്ലോ?
പുല്ലു വളർന്നു നിൽക്കുന്ന പാടങ്ങൾക്കു നടുവിലൂടെ വണ്ടി പിന്നേയും മുന്നോട്ടു പോയി. കൺവെട്ടത്തൊന്നും കെട്ടിട നിർമിതികളില്ല. ഇല കൊഴിഞ്ഞ മരങ്ങളുടെ നിഴൽ റോഡിലേക്ക് പതിഞ്ഞ് അതിൽ വിചിത്രങ്ങളായ ചിത്രങ്ങൾ മാറ്റി വരച്ചുകൊണ്ടിരുന്നു. വഴിവക്കിൽകൂട്ടിയിട്ട ഇലക്കൂ മ്പാരങ്ങളിൽ കത്താത്ത തീ പുകഞ്ഞു പുകഞ്ഞ് അന്തരീക്ഷത്തിന് നാടകീയത സൃഷ്ടിച്ചു. ഞങ്ങളുടെ വണ്ടി അതിലൂടെ കടന്നുപോകുമ്പോൾ വല്ലാത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. ദീർഘശ്വാസം എടുത്താണ് ഞാൻ ആ പ്രദേശം തരണം ചെയ്തത്.
ബോധ്ഗയയിലേക്ക് ഇനിയുമുണ്ട് തെല്ലിട വഴി.ഗയയുടെ ഉൽക്കടതയിൽ നിന്നുള്ള ബ ഹിർഗമനമായിരുന്നു പുക നിറഞ്ഞ വഴികൾ. ദൂരെയായി വൻകിട കെട്ടിടങ്ങളുടെ തലപ്പാവുകൾ ദൃശ്യമാകാൻ തുടങ്ങി. ബോധ്ഗയയിലെ വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യമാക്കി നിർമിച്ച വൻകിട ഹോട്ടലുകളായിരുന്നു അവ. ഇന്ന് ധാരാളം വിദേശ ടൂറിസ്റ്റുകൾ ഇവിടം സന്ദർശിക്കുന്നുണ്ട് എന്നതിൻ്റെ സൂചനയാണ് ഈ ഹോട്ടലുകൾ .
ക്ഷേത്ര സമുച്ചയത്തിൻ്റെ അടുത്തേക്ക് കാറുകൾക്ക് പ്രവേശനമില്ല ,ദൂരേയുള്ള പാർക്കിങ്ങ് ഗ്രൗണ്ടിൽ വണ്ടി പാർക്ക് ചെയ്ത ശേഷം മുച്ചക്ര വാഹനങ്ങളിൽ വേണം ക്ഷേത്ര ദർശനത്തിനു പോകാൻ. ധാരാളം ടൂറിസ്റ്റ് ഗൈഡുകളും ഈ പ്രദേശത്ത് കാത്തുനിൽക്കുന്നുണ്ട്. ഞങ്ങൾ ഒരു മുച്ചക്ര വാഹനത്തിൽ ക്ഷേത്രപരിസരത്തെത്തി. കഷായധാരികളായ ഭിക്ഷുക്കൾ പതിഞ്ഞ കാലടികളുമായി അങ്ങിങ്ങ് നടക്കുന്നുണ്ട്.
ബുദ്ധബിംബങ്ങളും രുദ്രാക്ഷങ്ങളും വിൽക്കുന്ന ഏതാനും പീടികകൾ ,അനർഭാടമായ തീറ്റയിടങ്ങൾ, പൂർവ്വേഷ്യൻ ഭക്ഷണവിഭവങ്ങൾ വിൽക്കുന്ന ശീതീകരിച്ച ചില ഹോട്ടലുകൾ എന്നിവയാണ് ബോധ്ഗയയുടെ പുറത്തുള്ള കച്ചവട സ്ഥാപനങ്ങൾ .ഇളനീർ വിൽക്കുന്ന ഒരു വഴിയോര കച്ചവടക്കാരിനിൽ നിന്ന് ഇളനീർ വാങ്ങിക്കുടിച്ച് യാത്രാ ക്ഷീണമകറ്റി. ബംഗാളിൽ നിന്നാണ് കരിക്ക് ഇവിടേക്ക് വരുന്നത്. ബോധ്ഗയയെക്കുറിച്ച് വാചാലരായി ഗൈഡുകൾ ചുറ്റും കൂടി.
നിരജ്ഞന നദീതീരത്തെ ഉറുവേല എന്ന ഗ്രാമമാണ് ബോധ്ഗയയായി മാറിയത്. നിരജ്ഞനാ നദി ഇപ്പോഴും ഇന്ത്യയിലെ ബുദ്ധമതം പോലെ വറ്റിവരണ്ട് നൂലുപോലെ ഒഴുകുന്നുണ്ട്.
ആത്മ അന്വേഷണത്തിൻ്റെയും കഠിന തപസ്സിൻ്റെയും ഒടുവിലാണ് യോഗിയായ ഗൗതമൻ തൻ്റെ ശുഷ്കിച്ച ശരീരവുമായി ഇവിടെ എത്തിയത്. അദ്ദേഹം തൻ്റെ സഹനത്തിൻ്റെ പാരമ്യത്തിൽ നദീതീരത്ത് ബോധം കെട്ടുകിടക്കുന്നതാണ് അതുവഴി വന്ന സുജാത എന്ന പെൺകുട്ടി കണ്ടത്. അവൾ തൻ്റെ കൈവശമുള്ള പാൽപാത്രത്തിൽ നിന്ന് കുറച്ചു പാൽ ബുദ്ധൻ്റെ വായിലൊഴിച്ചു കൊടുത്തു. അതിൻ്റെ ഈർപ്പം തൊണ്ടയിൽ നനഞ്ഞപ്പോൾ അദ്ദേഹം കണ്ണു തുറന്നു വീണ്ടും പാലിനായി സുജാതയെ നോക്കി.
പാൽ തൻ്റെ ശരീരത്തെ ക്ഷീണമുക്തനാക്കിയെന്ന് ഗൗതമന്നറിഞ്ഞു.ഇനി മുതൽ ഇന്ദ്രീയ ചോദനകളെ നിരസിച്ചു കൊണ്ടുള്ള തപോവൃത്തി ഉപേക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു. ഇത്തരം കഠിനാനുഷ്ഠാനങ്ങങ്ങൾ സത്യപഥത്തിലേക്ക് ആരേയും കൊണ്ടുപോകില്ലന്ന് അദ്ദേഹം മനസ്സിലാക്കി.തുടർന്നുള്ള ദിവസങ്ങളിൽ ഗൗതമൻ സാധാരണ പോലെ ഭക്ഷണം കഴിച്ചു. സുജാതയും കൂട്ടുകാരികളും അദ്ദേഹത്തിന് ഭക്ഷണം എത്തിച്ചു കൊടുത്തു കൊണ്ടിരുന്നു. ഗൗതമൻ അവിടെയുള്ള ആൽമരച്ചുവട്ടിലിരുന്ന് ധ്യാനം തുടർന്നു.
(ബോധ്ഗയയിലേക്ക് ക്യേമറക്ക് പ്രവേശനമില്ല അതുകൊണ്ട് ക്ഷേത്ര കവാടത്തിൽ വെച്ച് ഫോട്ടോഗ്രാഫർമാർ എടുത്ത ചിത്രമാണ് കൂടെ കൊടുത്തിട്ടുള്ളത് )
Bodh Gaya, Bihar
ഗൗതമ ബുദ്ധൻ അവിടെയുള്ള ആൽമരച്ചുവട്ടിലിരുന്ന് ധ്യാനം ചെയ്തു.. ( ഈ മരത്തിൻ്റെ ഒരു പുത്തൻ സന്തതി ക്ഷേത്രത്തിനരികിൽ പന്തലിച്ച് നിൽക്കുന്നുണ്ട്.) ഇടക്കിടെ നിരജ്ഞനാ നദീ തിരത്ത് അദ്ദേഹം ഉലാത്തും.പ്രപഞ്ചത്തിൽ നിന്നും പാലായനം ചെയ്യാനുള്ള തീരുമാനം ഗൗതമ ബുദ്ധൻ ഉപേക്ഷിച്ചു.താൻ പ്രപഞ്ചത്തിൻ്റെ ഭാഗം മാത്രമാണെന്ന് അദ്ദേഹത്തിന് ബോധ്യമായി യാർഥാത്ഥ തിരിച്ചറിവ് സ്നേഹത്തിലേക്കും ,സഹാനുഭൂതിയിലേക്കും നയിക്കുമെന്നും അദ്ദേഹം മനസ്സിലാക്കി. ബുദ്ധൻ്റെ ജീവിതത്തിലെ ഒരു ഗതിമാറ്റമായിരുന്നു അത്. അസ്തമയ സൂര്യൻ്റെ പശ്ചാത്തലത്തിൽ ഒറ്റക്ക് നദിക്കരയിലൂടെ നടന്നുപോകുന്ന ഗൗതമനെക്കുറിച്ച് സുജാത ഓർക്കുന്നുണ്ട്.
സ്നേഹിക്കാൻ തിരിച്ചറിവു വേണമെന്നും ഈ തിരിച്ചറിവു തന്നെയാണ് മോചനമാർഗം എന്നും ബുദ്ധൻ അറിഞ്ഞു ബുദ്ധനു ശേഷം വന്ന ക്രിസ്തുവും ഇതുതന്നെയല്ലെ പറഞ്ഞത് എന്ന് അപ്പോൾ ഓർത്തു! യാത്രകൾ ചിലപ്പോൾ അകക്കാമ്പിലേക്കുള്ള യാത്രയായി തീരുന്നത് അങ്ങിനെയാണ്. അപ്പോഴാണ് ഒരാൾ സന്മാർഗത്തിൻ്റെയും, വ്യവസ്ഥാപിത ബന്ധങ്ങളുടെയും, രാജ്യത്തിൻെറയും അതിർത്തികൾ കടന്ന് സഞ്ചാരത്തിൻ്റെ ആഹ്ളാദവും ഭീതിയും സാക്ഷാത്കരിക്കുന്നത്.
ക്ഷേത്രത്തിലേക്ക് ക്യാമറക്കോ, ഫോണുകൾക്കോ, ബാഗുകൾക്കോ പ്രവേശനമില്ല. ഓരോരുത്തരുടേയും ആധാർ കാർഡ് കാണിച്ച ശേഷമേ ടിക്കറ്റ് ലഭിക്കുകയുള്ളു. നീണ്ട നടപ്പാതയിലൂടെ നടന്നും അനേകം പടവുകൾ ഇറങ്ങിയും വേണം ക്ഷേത്രത്തിനടുത്തെത്താൻ. നടന്നു വരുമ്പോൾ ക്ഷേത്രത്തിൻ്റെ മേൽക്കൂരയുടെ മുകൾ ഭാഗം മാത്രമെ ദൂരെ നിന്നും കാണുകയുള്ളു. അത്രയും താഴ്ച്ചയിലാണ് ക്ഷേത്രം നിൽക്കുന്നത്. അനേകംപടികൾ ഇറങ്ങി ഞങ്ങൾ താഴെയെത്തി. ഈ നദീതീരത്ത് എത്ര മണ്ണു വന്ന് അടിഞ്ഞുകൂടിയിട്ടുണ്ടായിരുന്നു എന്ന് ഊഹിക്കാവുന്നതെയുള്ളു. കണ്ണിങ്ങ്ഹാം എന്ന പാശ്ചാത്യ ശാസ്ത്രജ്ഞനാണ് ഗയയിലെ ക്ഷേത്രാവിശിഷ്ടങ്ങൾ ഖനനം ചെയ്ത് പുറത്തു കൊണ്ടുവന്നത്.
ബുദ്ധമതവും ഹിന്ദു മതവും പരസ്പരം ശത്രുക്കളെപ്പോലെയാണ് പെരുമാറിയിരുന്നത്. ധാരാളം ബുദ്ധമത ക്ഷേത്രങ്ങൾ ഹിന്ദു സന്യാസിമാരും അത്ര തന്നെ ഹിന്ദു ക്ഷേത്രങ്ങൾ ബുദ്ധമത വിശ്വാസികളും തകർത്തിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്.രാജൻ കാക്കനാടൻ്റെ ഹിമാലയ യാത്രത്തിൽ ഇത്തരം ധാരളം ആരാധനാലയങ്ങളെക്കുറിച്ച് പറയുന്നുണ്ട്. എന്തു തന്നെയായാലും ബുദ്ധഗയാ ക്ഷേത്രത്തിൻ്റെ ചുമരിനോട് ചാരി ഒരു ഹിന്ദു ക്ഷേത്രവും നിൽക്കുന്നുണ്ട്. അവിടെ പൂജയും നടക്കുന്നുണ്ട് .ഇതു കണ്ടപ്പോൾ അയോദ്ധ്യയിലേയും കാശിയിലേയും തർക്കങ്ങൾ പോലെ ഭാവിയിൽ തർക്ക സാധ്യതയുള്ള ഒരു സ്ഥലമായാണ് തോന്നിയത് .അതുകൊണ്ടായിരിക്കാം ഫോട്ടോഗ്രാഫി അനുവദിക്കാത്തത്.
പല പ്രാവശ്യം തകർക്കപ്പെടുകയും പുനർനിർമിക്കപ്പെടുകയും ചെയ്ത ക്ഷേത്രമാണ് ഇത്. ഒരിക്കൽ ഈ ക്ഷേത്രം പുനർനിർമിച്ചത് അഫ്ഗാനിസ്ഥാനിൽ നിന്നും വന്ന ഒരു മുസ്ലീം ചക്രവർത്തി ആയിരുന്നു എന്നാണ് ഗൈഡ് പറഞ്ഞത്. എന്നാൽ ഇത് ചരിത്ര രേഖകളിൽ കാണാൻ കഴിഞ്ഞില്ല.
ബോധ്ഗയയിലെ ബുദ്ധൻ്റെ ജീവിതത്തെക്കുറിച്ച് അശോക ചക്രവർത്തി വിശദമായി രേഖപ്പെടുത്തിയിട്ടുള്ള ഫലകം കാണാം. അതിൽ ഒരിക്കൽ ബുദ്ധൻ ധ്യാനനിരതനായി ഇരുന്നപ്പോൾ തുടർച്ചയായി മഴ പെയ്തുവെന്നും മഴയിൽ നിന്നും ബുദ്ധനെ രക്ഷിക്കാൻ ഒരു അനന്ത നാഗം ഫണം വിടർത്തി നിന്നു എന്നും പറയുന്നു. ഇതിനെ അനുസ്മരിപ്പിക്കുന്ന പാമ്പിൻ്റെ ഫണത്തിനു കീഴെ ബുദ്ധൻ ഇരിക്കുന്നഒരു ശിൽപ്പം അവിടെയുള്ള കുളത്തിൽ കണ്ടു'ബർമ്മ (മ്യാൻമാർ ) യിലും ഇത്തരം ഒരു പ്രതിമ കണ്ടതായി ഓർക്കുന്നു.
ഈ ശിൽപ്പം കണ്ടപ്പോൾ ഹരീഷിൻ്റെ മിശയെന്ന നോവലിൽ വാവച്ചനെ മഴയിൽ നിന്നും സംരക്ഷിക്കാൻ അയാളുടെ മരിച്ചു പോയ സഹോദരി കൂണായ് മുളച്ചുപൊങ്ങി വന്ന രംഗമാണ് ഓർമ്മ വന്നത്.
ജവഹരിലാൽ നെഹ്രുവും ചൗവല്ലായും തമ്മിലുണ്ടാക്കിയ ഒരു കരാർ പ്രകാരമാണ് ബോധ്ഗയാ ഒരു അന്തർദേശീയ ബുദ്ധ തീർത്ഥാടന കേന്ദ്രമായി മാറ്റാനുള്ള ശ്രമം ആരംഭിച്ചത്.ഈ പദ്ധതിയുടെ ഭാഗമായി ചൈന, ജപ്പാൻ, തായ്ലാൻ്റ്, സിലോൺ' വിയറ്റ്നാം, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങൾ ബോധ്ഗയയിൽ തങ്ങളുടെതായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മംഗോളിയൻ മുഖച്ഛായയുള്ള യാത്രികർ ജപമണികളിൽ തൊട്ടു ധ്യാനിച്ച് പ്രാർത്ഥനാനിർഭരമായ മുഖത്തോടെ മന്ദം മന്ദം നടന്നു പോകുന്നത് ഇവിടത്തെ സാധാരണ കാഴ്ച്ചയാണ്. നേപ്പാളിൽ നിന്നും വന്നതലമുണ്ഡനം ചെയ്ത കൊച്ചു കുട്ടികളുടെ വരി തെറ്റാതെയുള്ള നടത്തം കൗതുകമുണർത്തി. ശ്രീലങ്കയിൽ നിന്നും വന്ന മധ്യവയസ്സായ സ്ത്രീകൾ ചട്ടയും മുണ്ടും പോലെയുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. ബോധ്ഗയാ ക്ഷേത്രത്തിൻ്റെ മതിൽക്കെട്ടിനു പുറത്തായി എന്നാൽ ഈ കോപ്ളക്സിൽ തന്നെ ഒരു ജഗന്നാഥ ക്ഷേത്രമുണ്ട്. അതിനോടു ചേർന്ന് ഒരു മാർക്കറ്റും.
നേരം സന്ധ്യയായിരിക്കുന്നു.
"ആനന്ദാ നീ തന്നെ നിനക്ക് വിളക്കായിരിക്കുക, പുറത്തെ പ്രകാശമെല്ലാം അസ്തമിക്കും നിഴൽ സൃഷ്ടിക്കുന്ന എല്ലാ കാഴ്ച്ചകളും മായാ കാഴ്ച്ചകളും മായാ കാഴ്ച്ചകൾ സൃഷ്ടിക്കും." ജഗന്നാഥ ക്ഷേത്രത്തിലെ ഭജൻ്റെ ഉച്ചത്തിൽ ബോധ്ഗയയിലെ നിശബ്ദമൗനം മുങ്ങിപ്പോകുന്ന പോലെ തോന്നി.
യാത്ര പറയാനായി ഞാൻ ബോധ്ഗയയിലേക്ക് തിരിഞ്ഞു നോക്കി, അന്തിച്ചുവപ്പിൻ്റെ പശ്ചാതലത്തിൽ മ്ലാനമായ ബോധ്ഗയുടെ മുകൾഭാഗം എന്തോ അസ്വാസ്ഥ്യം അനുഭവിക്കുന്ന പോലെ വിങ്ങിപ്പൊട്ടി നിൽക്കുന്നു. ഇന്ത്യയിൽ സക്ഷാത്കരിക്കാതെ പോയ ബുദ്ധ ദർശനങ്ങൾ പെയ്യാതെ പോയ മേഘക്കീറുകൾ പോലെ അങ്ങിങ്ങ് പറന്നു നടക്കുന്നു.
ബോധ്ഗയയിലെ യാത്ര ഇവിടെ അവസാനിക്കുകയാണ്....
എൻ്റെ ഈ യാത്രാക്കുറിപ്പുകൾ അനുഭവത്തിൻ്റെ നേർക്കുറിപ്പുകളല്ല, കാഴ്ച്ചകൾ നൽകിയ അകം പൊരുളിൻ്റെ വിചിത്രങ്ങളായ വെളിപ്പെടുത്തലുകളാണവ. ഒരു പുക പോലെയുള്ള ഈ കാഴ്ച്ചയിൽ യുക്തിക്ക് സ്ഥാനമില്ല.യുക്തി കൊണ്ട് വിശദീകരിക്കാൻ കഴിയാത്തതാണല്ലോ ജീവിതം. ജീവിതത്തെ തളിർപ്പിക്കാനും പൊടിപ്പിക്കാനുമുള്ള എന്തെങ്കിലും ഈ വരികളിൽ ഉണ്ടൊ എന്നും അറിയില്ല....
മടക്കയാത്രയിൽ അംമൃപാലിയായിരുന്നു മനസ്സുനിറയെ .