ബോബൻ കൊള്ളന്നൂരിൻ്റെ മരുഭൂമിയിലെ ഒറ്റമരം (യാത്ര) പുസ്തകത്തെക്കുറിച്ച് മണൽക്കാട്ടിലെ അതിജീവന പോരാട്ടത്തിൻ്റെ എണ്ണമറ്റ രചനകൾ നമ്മുടെ ഭാഷയിൽ ഇടം പിടിച്ചിട്ടുണ്ട്. ഈ വിഭാഗത്തിൽ പുതിയതും എഴുപതുകളിലെ പ്രവാസത്തിൻ്റെ ഗൃഹാതുരത തൊട്ടനുഭവിക്കാൻ കഴിയുന്നതുമായ പുസ്തകമാണ് ബോബൻ കൊള്ളാന്നുർ എഴുതിയ മരുഭൂമിയിലെ ഒറ്റമരം.
ഇതൊരു യാത്രാ പുസ്തകമാണ്.കഥകൾക്കുള്ളിൽ കഥകളും വസ്തുതാ വിവരണങ്ങളും ഒളിപ്പിച്ചുവെച്ച ഒരു സഞ്ചാരിയുടെ ദിനാന്ത്യക്കുറിപ്പുകൾ. മനുഷ്യൻ്റ വേദനകളും സ്വപ്നങ്ങളും കൂടിക്കലർന്ന കവിത പോലെ ഉള്ളുലക്കുന്നതാണ് ഇതിലെ രചന രീതി. ശൂന്യവും വരണ്ടതുമായ മണൽ പരപ്പാണ് തന്നെ മാടി വിളിച്ചതെന്നറിയാതെ കലാലയ രാഷ്ട്രീയത്തിൽ നിന്നുണ്ടായ കേസുകൾ ഭയന്ന് നാട് വിടേണ്ടി വന്ന ഒരു കൗമാരക്കാരൻ്റെ ആകുലതയോടെയാണ് പുസ്തകം ആരംഭിക്കുന്നത്.
അതുവരെ അറിയപ്പെടാതിരുന്ന ഗൾഫ് രാജ്യത്തേക്ക് ആദ്യമായി കപ്പൽ കയറാൻ മുംബെയിൽ എത്തിയപ്പോൾ പിടിപെട്ട ടെയ്ഫോയ്ഡുമായാണ് ആദ്യ കടൽയാത്ര. അതൊരു ദു:സ്വപ്നം പോലെയാണ് ഓർമ്മയിൽ തെളിഞ്ഞു വരുന്നത്. ഒന്നര പതിറ്റാണ്ടു കാലമായിരുന്നു ബോബൻ്റെ പ്രവാസം വിവിധ എമിറേറ്റുകളിൽ ജോലി ചെയ്ത് നേടിയെടുത്ത അനുഭവസമ്പത്തുമായി നാട്ടിൽ തിരിച്ചെത്തി ഇടത്തരം വ്യവസായ സംരംഭത്തിന് അടിത്തറയിടുന്നു.
കേരളത്തിലെ തളർന്ന വ്യവസായ മേഖലയെ നോക്കി ആശങ്കപ്പെടുന്ന പ്രവാസികൾക്കെല്ലാം അഭിമാനിക്കാവുന്ന ഒരു മികച്ച വ്യവസായ സംരംഭകനായി മാറുന്നതാണു് പിൽകാല ചരിത്രം. ഭാരത സർക്കാറിൻ്റെയും കേരള സർക്കാറിൻ്റെയും വ്യവസായ പുരസ്കാകാരങ്ങൾ നേടിയ ബോബൻ വർഷങ്ങളുടെ നീണ്ട ഇടവേളയ്ക്കു ശേഷം അബുദാബി ചേംബർ ഓഫ് കോമേഴ്സിൻ്റെ ക്ഷണപ്രകാരം കേരളത്തിൽ നിന്ന് പുറപ്പെട്ട പ്രത്യേക അതിഥി സംഘത്തോടൊപ്പം സ്വർണഖനികളുടെ തുരുത്തിൽ വീണ്ടും വന്നു ചേരുന്നു.
തൃശൂർ ചേംബർ ഓഫ് കോമേഴ്സിൻ്റെ പ്രതിനിധിയായി ഗൾഫ് രാജ്യങ്ങൾ ചുറ്റിക്കണ്ടപ്പോൾ ഉണ്ടായ വൈകാരിക അനുഭവങ്ങളും മാറിയ ലോകത്തിൻ്റെ വിസ്മയ കാഴ്ചകളുമാണ് മരുഭൂമിയിലെ ഒറ്റമരം.
..........................................
അമ്പത് ഡോളർ കൊണ്ട് വിദേശത്ത് ജീവിക്കണം.
.............................................
പതിനഞ്ചു വർഷങ്ങൾക്കു ശേഷം പ്രിയപ്പെട്ട അറേബ്യൻ നഗരം വീണ്ടും കാണുമ്പോഴുള്ള ഒരു മധ്യവയസ്കൻ്റ നഷ്ടബോധവും,ഭയവും,അമ്പരപ്പും, ജിജ്ഞാസയും വശ്യമായ നർമ്മബോധത്തോടെ അവതരിപ്പിക്കുന്നതാണ് മരുഭൂമിയിലെ ഒറ്റമരം.
ഈ ഒറ്റമരത്തണലിൽ ഇരിക്കുമ്പോൾ പല പല മനുഷ്യരേയും നാം കണ്ടുമുട്ടുന്നു. ചിലപ്പോഴെല്ലാം മൂർച്ച കൂടിയ ഐറണിയുടെ പ്രതലങ്ങൾ അവിടെ സൃഷ്ടിക്കപ്പെടുന്നു. പണ്ടുകാലത്ത് ഗൾഫിൽ പോകുന്നവർക്ക് ബന്ധുക്കളൊ, സുഹൃത്തുക്കളൊ പരിചയക്കാരൊരൊ ഇല്ലാത്തവരാണെങ്കിൽ അവരുടെ കാര്യം കഷ്ടമായിരുന്നു.വെറും 50 ഡോളർ കൊണ്ടു വേണം അവർക്ക് വിദേശത്ത് ജീവിക്കാൻ. അന്ന് ഗൾഫിൽ പോകുന്ന ഇന്ത്യക്കാർക്ക് അനുവധിച്ചിരുന്ന പരമാവധി തുക അതായിരുന്നു.അത് അനുഭവിച്ച ആളുകൂടിയാണ് ബോബൻ.
മരുഭൂമിയിലെ ഒറ്റമരം പുസ്തകത്തെ വ്യത്യസ്തമാക്കുന്നത് അത് ചേർത്ത് പിടിക്കുന്ന നീതിബോധവും മൂർച്ച കൂടിയ സാമൂഹ്യ വിമർശനവുമാണ്. ഒരു ചിത്രകാരനും,കവിയുമായ എഴുത്തുകാരൻ്റെ ഭാഷ അതീവ ഹൃദ്യമാണ്.പുസ്തകം മടുപ്പില്ലാതെ വായിക്കാൻ അത് സഹായിക്കുന്നു.
മൂന്നാം ലോകരാജ്യങ്ങളിലെ കുടിയേറ്റ തൊഴിലാളികളുടെ സംഗമഭൂമിയായ നഗരത്തിൽ അപ്രതീക്ഷിതമായുണ്ടായ ഒരു ബോംബ് സ്ഫോടനത്തെ തുടർന്ന് സംശയത്തിൻ്റെ നിഴലിലായ ഒരു പലസ്തീനി ഒളിപ്പോരാളിയുടെ നീറുന്ന ജീവിത കഥയിലൂടെ മധ്യപൗരസ്ത്യ ദേശത്തിൻ്റെ ഇരുണ്ട ചിത്രങ്ങളും വരച്ചിടുന്നു. ഗോലാൻ കുന്നുകൾക്കും, ഗലീലി മലനിരകൾക്കും ഇടയിൽ ഇസ്രായേൽ കയ്യേറിയ ഭൂമിയിൽ നിന്നു് ആട്ടിയോടിക്കപ്പെട്ടവരുടെ പിൻമുറക്കാരനാണ് അയാൾ. നഗരത്തിൽ എവിടെ ആക്രമണം ഉണ്ടായാലും അയാൾ ചോദ്യം ചെയ്യപ്പെടുന്നതും പീഢിക്കപ്പെടുന്നതും പതിവാണ്. നഗരമദ്ധ്യത്തിലെ ഇടിഞ്ഞു പൊളിഞ്ഞ് നാമാവശേഷമായിക്കൊണ്ടിരിക്കുന്ന പഴയ ശ്മശാനത്തിലേക്ക് ഒരു തീർത്ഥാടകനെപോലെയാണ് എടുത്തുകാരൻ കടന്നു ചെല്ലുന്നത്.
ഗൾഫ് കുടിയേറ്റത്തിൻ്റെ ആറു പതിറ്റാണ്ടുകൾക്കു മുമ്പുള്ള മലയാളിയുടെ ഭൂതകാലമാണു് അവിടെ തുറന്നിടുന്നത്. യുദ്ധത്തിൻ്റെയും വംശീയ കലാപത്തിൻ്റെയും നിഴലുകൾ പരന്നു കിടക്കുന്ന പുസ്തകത്തിൽ തീവ്രവാദികളിൽ നിന്ന് തലനാരിഴക്കു രക്ഷപ്പെട്ട പെൺകുട്ടിയെ പുസ്തകം പരിചയപ്പെടുത്തുന്നുണ്ട്.നൊമ്പരങ്ങൾ ബാക്കി വെച്ചു മറയുന്ന അനേകരിൽ ഒരാൾ മാത്രമാണത്. ഒരു സൊമാലിയൻ കഥയും ഈ പുസ്തകത്തിൻ്റെ മറ്റൊരു മേന്മയായി എടുത്തു പറയേണ്ടതാണു്.
..........................................
ഗ്രീക്ക് കപ്പലും നായരും
...........................................
ഗൾഫ് ജീവിതത്തിലൂടെ കടന്നുപോയ പല മുഖങ്ങളും മരുഭൂമിയിലെ ഒറ്റമരം പുസ്തകത്തിൽ നിറയുന്നുണ്ട്. ഭക്ഷണത്തിൻ്റെ രുചിയെക്കുറിച്ച് ഓർക്കുമ്പോൾ തെളിയുഞ്ഞ നായർ ചിത്രം അതിലൊന്നാണ്. ഇന്ത്യ ചൈന യുദ്ധം പൊട്ടിപ്പുറപ്പെട്ട കാലത്ത് അറസ്റ്റ് ഒഴിവാക്കാൻ ഗ്രീക്ക് കപ്പലിൽ കയറി നാടുവിടുന്ന നായരുടെ അനുഭവ കഥ രസാവഹവും അതേ സമയം സങ്കടകരവുമാണ്.
ഒരു സിനിമകഥ പോലെ നിറയുന്നു. ഗൾഫിലെ ആദ്യത്തെ കമ്യൂണിസ്റ്റുകാരൻ, പ്രശസ്തമായ നായർ ലഞ്ച് ഹോം തുടങ്ങിയതിൻ്റെ ഉയർച്ചതാഴ്ചകൾ. ശിഥിലമാകുന്ന നായരുടെ കുടുംബ ജീവിതം. എല്ലാം ഹൃദയസ്പർശിയായി വേദനയോടെ അവതരിപ്പിക്കുന്നു.
ബോണി എം ൻ്റെ തകർപ്പൻ പാട്ടുകൾ ഒഴുകിയിരുന്ന സൂക്കുകൾ അന്വേഷിക്കുന്ന എഴുത്തുകാരൻ.അവിടെ ഇടിച്ചു നിരപ്പാക്കി ആകാശം മുട്ടിയുരുമ്മുന്ന സൗധങ്ങൾ ഉയർന്നതു ഗൗനിക്കാതെയുള്ള നൊസ്റ്റാൾജിയ സഞ്ചാരം. എസ്കലേറ്റർ സ്ഥാപിച്ച ആദ്യത്തെ ഷോപ്പിങ്ങ് മാളിലെ കൗതുകങ്ങൾ മുതൽ പുതിയ കപ്പൽ ചാലിൽ മലയാളി കപ്പിത്താനോടൊപ്പം പരീക്ഷണ ഓട്ടത്തിൽ ഭാഗഭാക്കായ കൗതുകങ്ങൾ വരെ ബോബൻ പങ്കുവെക്കുന്നു.
ഉഴുതുമറിഞ്ഞ കടലിൻ്റെ സഞ്ചാരപഥത്തിലെ പാൽ തിരകൾക്കു മുകളിലൂടെ പറക്കുന്ന പറവ മീനുകളെക്കുറിച്ചുള്ള വർണ്ണനകൾ എഴുത്തുകാരൻ്റെ കടൽയാത്രയിലെ വിസ്മയകരമായ അനുഭവമാണ്. എഴുപതുുകളിലും അതിനു മുമ്പും ജീവിച്ചവരുടെ നിഴൽ ഈ പുസ്തകത്തിലുണ്ട്. ആദ്യാവസാനം വരെ രസിച്ചു വായിക്കാവുന്ന പുസ്തകം.മലയാളത്തിലെ മികച്ച പ്രവാസരചനകളിൽ മരുഭൂമിയിലെ ഒറ്റമരത്തേയും ചേർത്തുവെക്കാം.
പ്രസാധനം : ഗ്രീൻ ബുക്സ്
തൃശൂർ
Panikkol