NORTH EAST TOUR 

Experience the Journey - Manipur| Nagaland| Assam| Myanmar

Part 1 - മണിപ്പൂരിലെ സ്ത്രീ പോരാളികൾ 


സുഖകരമായ തണുപ്പ് , സൂര്യനുദിച്ചു വരുന്നു. സന്ധ്യാശോഭകളത്രയും വെൺ പ്രഭയിലേക്ക് വഴി മാറാൻ തുടങ്ങിയിരിക്കുന്നു. അതി സൂക്ഷ്മങ്ങളായ ചില സംവേദനങ്ങൾക്ക് ഇന്ദ്രീയങ്ങൾ വഴി മാറി കൊടുക്കുന്ന  ദൃശ്യമുഹൂർത്തങ്ങളാണവ. ഇത്തരം ഒരു പ്രഭാതത്തിലാണ് ഞങ്ങൾ മൊറാങ്ങിൽ നിന്നു ഇംഫാലിലേക്ക് യാത്ര പുറപ്പെട്ടത്.


ഒന്നു രണ്ടു ഹെയർ പിൻ വളവുകൾ പിന്നീടുമ്പോഴേക്കും സൂര്യപ്രഭയിൽ വെൺമുകിലുകൾ ക്ഷീരസാഗരമായി ഒഴുകാൻ തുടങ്ങിയിരുന്നു. ഹരിതഭംഗികളുടെ ദൂരക്കാഴ്ച്ചകൾ ആസ്വദിച്ചു കൊണ്ട് ഒരു പ്രഭാത യാത്ര: വണ്ടി പിന്നേയും മുന്നോട്ടു പോയി പതുക്കെപ്പതുക്കെ യാത്ര അതിൻ്റെ ഏകാന്ത ഛായ വീണ്ടെടുത്തു.പെട്ടെന്നാണ് തൊട്ടടുത്ത ദിവസങ്ങളിൽ ഇടിഞ്ഞു വീണ പാറക്കൂട്ടങ്ങളും ചാഞ്ഞു കിടക്കുന്ന മരങ്ങളും പാതി അടർന്ന റോഡും ഞങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്.


കുന്നിൻ്റെ മറുകരയിൽ എത്തിയ വണ്ടി ചുരമിറങ്ങാൻ തുടങ്ങി. ഈ പർവ്വതോന്നതിയിൽ നിന്നും താഴോട്ടു നോക്കുമ്പോൾ കാണുന്നത് മഞ്ഞിൻ്റെ സമുദ്രമാണ്  .തണുത്ത കാറ്റിൻ്റെ സീൽക്കാരങ്ങൾ അതിന് താളമിട്ടു കൊണ്ടിരുന്നു. 


വണ്ടി സമതലത്തിൽ എത്തിയപ്പോൾ അഴുക്കും പൊടിയും നിറഞ്ഞ ഒരു പ്രാദേശിക ശകടത്തിൽ കുറച്ചു പേർ യാത്ര ചെയ്യുന്നതു കണ്ടു. റോഡരുകിൽ കമ്പിളി പുതച്ച്, പുകയൂതി വിട്ടു കൊണ്ട് കുറച്ചു പേർ ശീതക്കാറ്റ് താങ്ങാനാകാതെ വിറച്ചുകൊണ്ട് നിൽക്കുന്നു. 

നിരപ്പില്ലാത്ത റോഡിലൂടെ വണ്ടി വീണ്ടും ഏറെ ദൂരം മുന്നോട്ടു  പോയിഒരു ചെറിയ ഗ്രാമത്തിൽ എത്തി. അവിടെ കലപില കൂട്ടിയും, മുറുക്കിത്തുപ്പിയും, സ്ത്രീകൾ വട്ടം കുടി ഇരിക്കുന്നുണ്ടായിരുന്നു. ചായ കുടിക്കാനായി ആ നാൽക്കവലയിൽ വണ്ടി നിറുത്തി. അതൊരു നേപ്പാളിഗ്രാമമായിരുന്നു.

മണിപ്പൂരിൽ വ്യത്യസ്ത ദേശങ്ങളിലെ ജനങ്ങൾ കൂട്ടംകൂടി താമസിക്കുന്ന ഇത്തരം ഗ്രാമങ്ങളുണ്ട്. തങ്ങളുടെ നാട്ടിലെ ജീവിത രീതിക്കനുസരിച്ചുള്ള ജീവിതമാണ് ഇവർ ഇവിടെ നയിക്കുന്നത്. അതു കൊണ്ടു തന്നെ മണിപ്പൂരിൽ 17 ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗമുണ്ട് എന്നാണ് കണക്കാക്കുന്നത് . ബർമ്മാ അതിർത്തിയിൽ തമിഴന്മാരുടെ ഒരു ഗ്രാമമുണ്ടെന്നും അവിടെ തൈപ്പൂയ മഹോൽസവം നടക്കാറുണ്ടെന്നും ജോൺസൻ പറഞ്ഞു. പണ്ട് ബ്രിട്ടിഷുകാർ ജോലിക്കായി കൊണ്ടു വന്നതാണ് ഈ തമിഴരെ . ഞങ്ങൾ ചായ കുടിക്കാനായി ഒരു കടയിൽ കയറി .പൂരിയും ഉരുളക്കിഴങ്ങ് കറിയും കഴിച്ചു. ഹോട്ടലിനോടു ചേർന്ന് സബ് ജി വിൽക്കുന്ന ഒരു കടയുണ്ട്. അവിടെ സവോള പറിച്ചെടുത്ത് തണ്ടടക്കം ഉണക്കി,വിൽക്കാൻ വെച്ചിരിക്കുന്നത് കണ്ടു.ഇവർ സവോള തണ്ടടക്കമാണ് കറിയിൽ ചേർക്കുന്നത്  .നാട്ടിൽ ഇടക്കിടെ സവോളക്ക് തീപിടിച്ച വിലയാകും അതിൽ നിന്നും രക്ഷപ്പെടാനാണ്  ഇത് ഉണക്കി സൂക്ഷിക്കുന്നത്.


ഒരു സ്ത്രീയും അവരുടെ കുട്ടികളുമാണ് ചായപ്പീടിക നടത്തുന്നത് .ചായ കുടിക്കുന്നതിനിടയിൽ അവരുടെ പൂച്ചക്കണ്ണിലെ ഒളിച്ചു നോട്ടങ്ങൾ ഞങ്ങൾ ശരിക്കും ആസ്വദിച്ചു. അവരുടെ കയ്യിൽ മൈലാഞ്ചി കൊണ്ട് കുറച്ച് സങ്കീർണ്ണമായ ഒരു ചിത്രം വരച്ചിട്ടുണ്ട്. നേപ്പാളികളുടെ ശരീരത്തിൽ ഇത്തരം ടാറ്റു കാണുക അപൂർവ്വമാണ്.  കുറച്ചു സമയത്തിനു ശേഷം വണ്ടി ഇംഫാലിലെത്തി.മണിപ്പുരിലെ കാര്യങ്ങൾ അറേഞ്ച് ചെയ്തിട്ടുള്ളത് ധനഞ്ചയ് ആണ്. അയാൾ ഒരു കമ്പ്യൂട്ടർ അധ്യാപകനാണ്. ഇംഫാലിലെ ബിഷപ്പ് ഹൗസിനടുത്ത് കാണാം എന്നാണ് അയാൾ ജോൺസനോട് പറഞ്ഞിട്ടുള്ളത്. പട്ടണത്തിലെ സാമാന്യം തിരക്കുള്ള പ്രദേശമാണിത്. വലിയ മുറ്റമുസ്തള്ള ഒരു കൂറ്റൻ പളളിക്കു മുന്നിൽ വണ്ടി നിറുത്തി.. മണിപ്പൂരിലെ ജനസംഖ്യയിൽ 35 ശതമാനം ക്രിസ്ത്യാനികളാണ്.


അവിടെ വർണ്ണശബളമായ വസ്ത്രങ്ങൾ അണിഞ്ഞ് ധാരാളം സ്ത്രീകളും കുട്ടികളും പ്രസരിപ്പോടെ  നടക്കുന്നുണ്ടായിരുന്നു. കത്തീഡ്രലിന് ശിൽപ്പ ചാതുരിയാർന്ന മകുടവും അതിനു മുകളിൽ ഒരു ദീപക്കൂടും മോഹിനിയായി നിൽക്കുന്നുണ്ടായിരുന്നു. പളളി മുറ്റത്തെ പൊഴിഞ്ഞ ഇലകളും ഉതിർന്ന പൂക്കളും ഉന്മാദത്തിലെന്നവണ്ണം ആടി ഉലഞ്ഞു പറക്കുന്നത് 

ഏറെ നേരം നോക്കി നിന്നു.


ധനഞ്ചയ് ഞങ്ങളെ ഹൃദ്യമായി സ്വാഗതം ചെയ്തു സൗഹൃദ ബന്ധത്തിൻ്റെ ഊഷ്മളത നാം പലപ്പോഴും അനുഭവിക്കുക അന്യദേശത്തു വെച്ചായിരിക്കും.


ഇന്ത്യയിലെഏറ്റവും വലിയ ഓർക്കിഡ് ഗാർഡൻ 


പെട്ടികളെല്ലാം ധനഞ്ചയൻ്റെ വണ്ടിയിലേക്ക് കയറ്റി വെച്ച ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ ഓർക്കിഡ് ഗാർഡൻ കാണാൻ പുറപ്പെട്ടു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഓർക്കിഡുകൾ വളരുന്ന പ്രദേശമാണ് മണിപ്പൂർ - ഇവിടത്തെ പ്രധാന ആകർഷണവും വർണ്ണച്ചിറകുകൾ വിടർത്തി നിൽക്കുന്ന ഈ പൂക്കൾ തന്നെ. കാടുകളിലെ മരങ്ങളിലാണ് ഇവ വളരുന്നത്. ഗ്രാമീണ സ്ത്രീകൾ ഇവ കാട്ടിൽ പോയി പറിച്ചു കൊണ്ടുവന്ന് അതിരാവിലെ ഇമാം മാർക്കറ്റിൽ വിൽപ്പനക്ക് വെക്കും. പത്തു മണിയാകുമ്പോഴേക്കും ഇവ വിറ്റുതീരും. 


നമ്മുടെ നാട്ടിൽ വളർത്തുന്ന ഹൈബ്രിഡ് ഓർക്കിഡുകളല്ല ഇവിടെ സാധാരണ കാണുക.ഇവക്ക് കാടിൻ്റെയും ഗ്രാമത്തിൻ്റെയും ലാളിത്യമുണ്ട്. അവ സ്വാഭാവികമായി ഇവിടത്തെ മരങ്ങളിൽ വളരുന്നവയാണ്. എട്ട് ഏക്കറിലായി കയറ്റവും ഇറക്കവും നിറഞ്ഞ ഒരു സ്ഥലത്താണ് ഓർക്കിഡ് ഗാർഡൻ.വേനൽക്കാലത്താണ് ഓർക്കിഡ് പൂത്തുലയുക.ഇത് ഓഫ് സീസനാണ്. ഈ സമയത്ത് അപൂർവ്വം ചെടികളെ പൂക്കുകയുള്ളു. എന്നിട്ടും പാതയോരത്ത് നട്ടുപിടിപ്പിച്ച മരങ്ങളിൽ അവയിൽ ചിലത് പൂവണിഞ്ഞു നിന്നു. ഹർഷത്തോടെ രാമഴയുടെ തേൻ തുള്ളികളും പേറി ഇരുണ്ട ഇലകൾക്കു മുകളിൽ അവ പുഞ്ചിരിച്ചു നിന്നു .ഞങ്ങൾ അതിലൂടെ കുറച്ചു നേരം നടന്നു.പിന്നെ പുറത്തേക്കിറങ്ങി.


നനഞ്ഞ മണ്ണിൽവേരുകൾ താഴ്ത്തി തല കുമ്പിട്ടു നിൽക്കുന്ന അലറിപ്പൂ ക്കളുടെ വിഷാദ ഗന്ധവും നാളത്തെ പകൽ കാത്തിരിക്കന്ന പൂമൊട്ടുകളുടെ മാദക ഗന്ധവും കൂടിക്കലർന്ന് ഗന്ധമാപിനികൾക്ക് അളക്കാനാകാത്ത ഒരു സ്വർഗ്ഗീയമായ ഗന്ധമേളം അവിടെ ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ആ പൂങ്കാവനത്തോട് വിട പറഞ്ഞ് ഞങ്ങൾ "ഫോയ്-ഓയ് - ബി - ഹോട്ടലിലേക്ക് പുറപ്പെട്ടു.അവിടെയാണ് ഇനിയുള്ള ദിവസങ്ങൾ താമസിക്കന്നത്


(കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുടങ്ങിപ്പോയ മണിപ്പൂർ കാഴ്ച്ചകൾ വീണ്ടും തുടരുന്നു)

Part 2 - അമ്മ മാർക്കറ്റ് 


"ചന്ത, ചന്ത, എനിക്കെന്നും കവിതയുടെ കളിയരങ്ങാണ്. ചന്ത ച്ചരക്കുകൾ, ചന്ത ബഹളം - ഓ എന്തു രസം------ ".ചന്തത്തിരക്കിൽ ജീവിത ചലനങ്ങളുടെ മൽസരത്തിമർപ്പുകണ്ട് മതി മറന്നു നിൽകുന്ന കവിപി കുഞ്ഞിരാമൻ നായർ ,ഇതാണ് ലോകത്തിൽ വെച്ച് ഏറ്റവും വലിയ ലൈബ്രറി എന്നാണ് അങ്ങാടിയെ വിശേഷിപ്പിച്ചിട്ടുള്ളത്.


അമ്മമാർക്കറ്റിനെക്കുറിച്ച് ധനഞ്ചയ് പറഞ്ഞപ്പോൾ എൻ്റെ മനസ്സിലേക്ക് കയറി വന്നത് തുണി സഞ്ചി തുക്കി നടന്നു പോകുന്ന പി യെ ആയിരുന്നു.

ഇന്ന് ഇതെഴുതുമ്പോൾ മറ്റൊരു അലച്ചിലിൻ്റെ കവി ലൂവി പീറ്റർ നമ്മെ വിട്ടു പിരിഞ്ഞു പോയിരിക്കുന്നു. ഒരു വ്യവസായി ആയതു കൊണ്ട് എവിടെ ചെന്നാലും അവിടത്തെ മാർക്കറ്റ് സന്ദർശിക്കുക എന്നത് എൻ്റെ പതിവു പരിപാടിയാണ്.ഇന്ത്യയിൽ ശാസ്ത്രീയമായ രീതിയിൽ രൂപകല്പന ചെയ്ത അപൂർവ്വം മാർക്കറ്റുകളെയുള്ളു.അതിൽ രൂപകല്പനയുടെ കാര്യത്തിൽ മികച്ചു നിൽക്കുന്നത് ചാണ്ഡിഗഢ് മാർക്കറ്റ് തന്നെ.


ഇംഫാലിലെ " ഇമാ ഖെയ് തൽ" (അമ്മച്ചന്ത) ശ്രദ്ധേയമാകുന്നത് സ്ത്രീകളുടെ സാന്നിദ്ധ്യം കൊണ്ടാണ്.സ്ത്രീകൾ മാത്രം കച്ചവടം ചെയ്യുന്ന ഇത്രയും വലിയൊരു മാർക്കറ്റ് ലോകത്ത് മറ്റൊരിടത്തും ഇല്ല. ഇവിടത്തെ "ഇമാ ഖേയ് തൽ" എന്നറിയപ്പെടുന്ന ചന്ത സ്ത്രീകരുത്തിൻ്റേയും ,സംഘടന്നാശേഷിയുടെയും, സാമ്പത്തിക തൻപോരിമയുടെയും പര്യായമാണ്. ഇതിനെ അനുകരിച്ച് മണിപ്പൂരിലെ മറ്റു പട്ടണങ്ങളിലും സ്ത്രീകൾ മാത്രം കച്ചവടം ചെയ്യുന്ന ചന്തകൾ രൂപപ്പെട്ടിട്ടുണ്ട്. നമ്മുടെ നാട്ടിലെ കുടുംബ സ്ത്രി പ്രവർത്തകർ ഈ സ്ഥലം സന്ദർശിക്കേണ്ടതാണ്.സ്ത്രീകൾക്ക് എങ്ങിനെ സംരംഭകരാകാം എന്നതിൻ്റെ ഉദാഹരണമാണ് ഈ മാർക്കറ്റ്.


മണിപ്പൂരിനെക്കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ മുന്നിൽ വരുന്നത് രണ്ടു സ്ത്രീകളുടെ പേരുകളാണ്.ഇവർ രണ്ടു പേരും പോരാളികളാണ്. ഇറോം ശർമിള രാഷ്ട്രീയത്തിലും, മേരി കോം സ്പോട് സിലും പൊരുതിയാണ് മുന്നേറിയത്. മണിപ്പൂരികൾ പണ്ടുമുതലേ പോരാളികളായിരുന്നു.പർവതങ്ങളാൽ ചുറ്റപ്പെട്ട നാട്ടിൽ ധാരാളം ഗോത്ര വർഗ്ഗങ്ങൾ ഉണ്ട്. അവർക്ക് അവരുടെതായ നേതൃത്വവും . സമതലത്തിലുള്ളവരുമായി വനവാസികൾ എന്നും സങ്കർഷത്തിലായിരുന്നു .1891 ബ്രിട്ടിഷുകാർ ഇംഫാലിനെ അക്രമിച്ചപ്പോൾ പുരുഷന്മാർക്കൊപ്പം സ്ത്രികളും ആയുധമെടുത്ത് പോരാടി എന്നാണ് പറയുന്നത്.  പണ്ടുകാലത്ത് സ്ത്രീകളുടെ ത് മാത്രമായ ഒരു ഭരണ സംവിധാനവും ഇവിടെ നിലനിന്നിരുന്നു. മണിപ്പൂർ ഗസറ്റയറിൽ 1786 മുതൽ തന്നെ തുറസ്സായ സ്ഥലങ്ങളിൽ സ്ത്രികൾ കച്ചവടം ചെയ്തിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.      


നാലു മണിയോടെ ഞങ്ങൾ ഇമാം മാർക്കറ്റിലെത്തി. കൽക്കത്തയിലെ ന്യൂ മാർക്കറ്റിൻ്റെ ശൈലിയിലാണ് ഇവിടത്തെകെട്ടിടങ്ങൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്.ഇമാമാർക്കറ്റ്, ലക്ഷ്മി ബസാർ, ലിൻ തോയി അബി ബസാർ എന്നിങ്ങനെ മൂന്നു കെട്ടിടങ്ങൾ ചേർന്ന ഒരു സമുച്ചയമാണ് "ക്വായിരം ബദ് ബസാർ " എന്നു വിളിക്കുന്ന ഈ ചതുരത്തിൽ ഉള്ളത്.ഇതിൻ്റെ ഭാഗമായി കുറച്ചു മാറി മറ്റൊരു കെട്ടിടം കൂടി ഉണ്ട്. കെട്ടിടത്തിൻ്റെ പുറത്തും ധാരാളം സ്ത്രീകൾകച്ചവടം ചെയ്യുന്നു. അകത്ത് സ്ഥലം കിട്ടാത്തവരാണ് ഇവർ.ഉണക്കമീൻ മുതൽ കത്തി,വെട്ടുകത്തി വരെ ഇവർ വിൽക്കുന്നുണ്ട്. മണിപ്പൂരി സ്ത്രീകളുടെ പരമ്പരാഗത വസ്ത്രമായ ഫനെക്കും, ഇന്ന ഫിയും ധരിച്ചാണ് പലരും കച്ചവടത്തിനു വരുന്നത്.ചിലർ സാരിയും, അപൂർവ്വം ചിലർ ചുരിദാറും ധരിച്ചിട്ടുണ്ട്. എല്ലാവരുടെ നെറ്റിയിലും കുങ്കുമവും ചന്ദനവും തേച്ചിട്ടുണ്ട്. മിക്കവരും മധ്യവയസ്സിനു മുകളിലുള്ളവർ..ചെറുപ്പക്കാരികൾ ഇല്ലെന്നു തന്നെ പറയാം.


സ്ത്രീകളുടെ മുഖത്ത് നല്ല ആത്മവിശ്വാസം പ്രകടമായിരുന്നു.ബാർഗെയിൻ ചെയ്യാൻ ഇവർക്ക് നല്ല കഴിവുണ്ട്.അയ്യായിരത്തോളം സ്ത്രീകൾ ഈ കെട്ടിടങ്ങളിൽ കച്ചവടം ചെയ്യുന്നുണ്ടെന്ന് ഒരു കച്ചവടക്കാരി പറഞ്ഞു.


തറ നിരപ്പിൽ നിന്ന് നാലടിയോളം ഉയരത്തിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ധാരാളം ചവിട്ടുപടികൾ കയറി വേണം മുകളിലെത്താൻ. ഞങ്ങൾ ആ കെട്ടിടത്തിലാകെ ചുറ്റിക്കറങ്ങി.മേശകൾക്കു മുകളിലാണ് വിൽപ്പന ച്ചരക്കുകൾ പ്രദർശിപ്പിച്ചിരിക്കുന്നത്.. കച്ചവട സ്ഥലങ്ങളെ ചുമരുകളൊമറ്റോ ഉപയോഗിച്ച് മറച്ചിട്ടില്ല. അതിനാൽ തന്നെ ഇവ അടച്ചു പൂട്ടിവെക്കാൻ ഷട്ടറുകളും ഇല്ല. മേശകൾക്കു താഴെ സൂക്ഷിച്ചിട്ടുള്ള വലിയ ട്രങ്ക് പെട്ടികളിലാണ് ഇവർ ഉരുപ്പടികൾ രാത്രി പൂട്ടി വെക്കുന്നത്. എല്ലാ കെട്ടിടങ്ങളിലും ദേവി ദേവന്മാരുടെ ശില്പങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. അതിൽ ചന്ദനത്തിരികൾ പുകയുന്നുണ്ട്. ധാരാളം പൂക്കളും ഇവിടെ അർപ്പിച്ചിട്ടുണ്ട് .ഇതിൻ്റെ സുഗന്ധം കച്ചവടത്തിനു വരുന്ന വരെ സന്തോഷിപ്പിക്കുന്നു;


ഞങ്ങൾ ഒരു വിൽപ്പനക്കാരിയുടെ അടുത്തുചെന്നു.മാലകൾ, വളകൾ, സുഗന്ധ ലേപനങ്ങൾ ഇങ്ങനെ ഓരോ സ്ത്രീയും അവളെ പൂർണ്ണയാക്കാൻ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളാണ് അവൾ വിൽക്കുന്നത്. നമ്മുടെ നാട്ടിൽ പണ്ട് ഓണത്തിന് തുണികൊണ്ടുണ്ടാക്കുന്ന സഞ്ചികൾ സമ്മാനമായി കൊടുക്കുമായിരുന്നു. കുന്നംകുളം, പൊന്നാനി, ഗുരുവായൂർ തുടങ്ങിയ ഇടങ്ങളിലാണ് ഇത് കണ്ടിട്ടുള്ളത്.തുണിയുടെ വെട്ടു കഷ്ണങ്ങൾ മനോഹരമായി തുന്നിചേർത്താണ് ഈ കുട്ടി സഞ്ചികൾ നിർമിച്ചിരുന്നത്. ഇത്തരം കുട്ടി സഞ്ചികളുടെ കുറച്ചു കൂടി വലിയരൂപത്തിൽ ധാരാളം മുത്തുകളും തൊങ്ങലുകളും ചേർത്തു നിർമിക്കുന്ന തുണി സഞ്ചികളിലാണ് ഇവിടെ വിവാഹ സമ്മാനം വധുവിന് നൽകുക. ഇത്തരം സഞ്ചികൾ എല്ലാ കടകളിലും തൂങ്ങി കിടക്കുന്നതു കാണാം. ഞങ്ങൾ കുറച്ച്ഇത്തരം തുണിക്കൂടകൾ വാങ്ങി.


നിത്യജീവിതത്തിന് ആവശ്യമായ എന്തും ഈ മാർക്കറ്റിൽ കിട്ടും. അടുക്കള സാമഗ്രികൾ, ആഭരണം, തുണി, ഇറച്ചി, മീൻ, പൂക്കൾ ഇങ്ങനെ എന്തും ഇവിടെ കിട്ടും. ജാതി മത ഭേദമില്ലാതെ ആർക്കും ഇവിടെ കച്ചവടം ചെയ്യാം. സ്ത്രീയായിരിക്കണം എന്ന ഒറ്റ നിബന്ധനയേയുള്ളു എന്നാണ് പറയുന്നത്. എന്നാൽ ജനസംഖ്യയിൽ 35 ശതമാനം വരുന്ന നാഗന്മാരെ ഇവർ അടുപ്പിക്കാറില്ല എന്നും പരാതിയുണ്ട്. സമതലത്തിലെ താമസക്കാരായ "മേത്തി "കളാണ് ഈ മാർക്കറ്റ് നിയന്ത്രിക്കന്നത്. മാർക്കറ്റു മുഴുവൻ പരതിയിട്ടും ഒറ്റ മാനിക്വീനിനെയും പ്രദർശിപ്പിച്ചതായി കണ്ടില്ല, തങ്ങൾക്കും ഇവിടെ കച്ചവടം ചെയ്യാനുള്ള ഇടം വേണം എന്നു പറഞ്ഞ് പുരുഷന്മാർ ഇവിടെ പല പ്രാവശ്യം സമരം സംഘടിപ്പിച്ചിട്ടുണ്ട്. 1948 മുതൽ 1958 വരെ വളരെ ശക്തമായ സമരമാണ് നടന്നത്. എന്നാൽ സ്ത്രീകൾ സമരത്തിനെതിരെ ശക്തമായി പോരാടി വിജയം വരിച്ചു. "ന്യൂ ഹിലാൻ " എന്നാണ് ഈ സമരം അറിയപ്പെടുന്നത്. 


പണ്ട് ബ്രിട്ടിഷുകാർ പുരുഷന്മാരെ അറസ്റ്റ് ചെയ്തു കൊണ്ടു പോയപ്പോഴാണ് സ്ത്രീകൾ നിലനിൽപ്പിനായി കച്ചവട രംഗത്തേക്ക് ഇറങ്ങിയത്.അന്ന് അവർ പ്രകടിപ്പിച്ച പോരാട്ട വീര്യം ഇപ്പോഴും തുടരുന്നു. ഇഷ്ടമുള്ള ജീവിതം നയിക്കാനുള്ള സ്വാതന്ത്ര്യം മണിപ്പൂരിലെ സ്ത്രീകൾക്കുണ്ട്.ഇന്ത്യയിൽ സ്ത്രീ ശാക്തീകരണം നടപ്പാക്കിയ ആദ്യ സംസ്ഥാനമാണ് മണിപ്പൂർ സന്ധ്യയുടെ തുടിപ്പുകൾക്ക് ഇനിയും സമയമുണ്ടെങ്കിലും നിലാവില്ലാത്ത ആ ദിവസം ഇരുണ്ട രാത്രി കടന്നു വരാൻ തുടങ്ങി. കച്ചവടക്കാരികൾ തങ്ങളുടെ ഇരിപ്പിടത്തിൻ്റെ അടിയിൽ സൂക്ഷിച്ചിട്ടുള്ള ട്രങ്ക് പെട്ടികളിൽ സാധനങ്ങൾ അടക്കിവെക്കാനുള്ള തത്രപ്പാടിലാണ്. തങ്ങളുടെ ഇന്നത്തെകച്ചവടം അവസാനിപ്പിക്കാനുള്ള തിരക്കിലാണവർ.


ഇതിനിടയിൽ ഷോൾ വിൽക്കുന്ന ഒരു യുവതിയുമായി ധനഞ്ചയ് തർക്കത്തിലായി. ഉൽപ്പന്നത്തിൻ്റെ ക്വാളിറ്റിയെക്കുറിച്ച് പറഞ്ഞ് അവർ തെറ്റി.ഉള്ളില ദേഷ്യത്തിൻ്റെകെട്ടഴിച്ചതു പോലെ ക്രോധത്തോടെ കീഴ് ചുണ്ട് കടിച്ചവൾ വഴങ്ങാതെ നിന്നു.ആ ശുണ്ടി അവൾക്ക് ഒട്ടും ഇണങ്ങുന്നുണ്ടായിരുന്നില്ല. ഇളം ചുവപ്പുളള അവളുടെ മുഖത്തിന് അപ്പോൾ ചെഞ്ചോരച്ചുവപ്പായിരുന്നു. എന്തായാലും തൊട്ടടുത്ത കടയിലെ സ്ത്രീകൾ ഇടപെട്ട് പ്രശ്നം പറഞ്ഞു തീർത്തു. തങ്ങളുടെ ഉപഭോക്താക്കളെ ഇവിടെ നിന്നും അകറ്റാതിരിക്കാൻ ഇവർ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. എന്തായാലും ഞങ്ങൾ അവളുടെ കടയിൽ നിന്ന് കുറച്ച് ഷോളുകൾ വാങ്ങി.


സ്ത്രീകളുടെ സാന്നിധ്യം ഇവിടെ കച്ചവട രംഗത്തു മാത്രമല്ല മറ്റെല്ലാ തുറകളിലുമുണ്ട്. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ, പട്ടാള ക്രൂരതകൾക്കെതിരെ, സ്ത്രീപീണ്ഡനങ്ങൾക്കെതിരെയ ശക്തമായ പ്രതിക്ഷേധം സംഘടിപ്പിക്കാറുള്ളത് മണിപ്പൂരിലെ സ്ത്രീകളാണ്.

" മെയ്ര പയ്ബി " (Meira Paibi, എന്ന സംഘടനയാണ് ഇതിന്നായി പലപ്പോഴും മുന്നിൽ നിന്നു പോരാടുന്നത് നേരിട്ടു കാണുമ്പോഴാണ് ഇമാം മാർക്കറ്റ് എന്ന ചരിത്ര സത്യം നമക്കു മുന്നിൽ പുതിയ വാതിലുകൾ തുറക്കുക .സ്ത്രീകൾ മാത്രം കച്ചവടം ചെയ്യുന്ന ഇത്രയും വലിയൊരു വ്യാപാര കേന്ദ്രം ലോകത്തിൻ്റെ മറ്റൊരിടത്തുമില്ല എന്ന തിരിച്ചറിവ് നമ്മെ അമ്പരപ്പിക്കും. സ്ത്രീകരുത്തിൻ്റെയും, സാമ്പത്തിക തൻപോരിമയുടെയും, പോരാട്ടത്തിൻ്റെയും, സംഘടനാ ശേഷിയുടെയും കഥകളാണ് മണിപ്പൂരിൽ നിറയെ കേൾക്കാൻ കഴിഞ്ഞത്.


മഞ്ഞുവീഴ്ച്ച ഒഴിഞ്ഞ ദിവസമായിരുന്നതിനാൽ മാർക്കറ്റിലും തെരുവുകളിലും ധാരാളം ആളുകൾ ഉണ്ടായിരുന്നു. ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു, കുറച്ചു ദൂരം ചെന്നപ്പോൾ വഴിയരികിൽ വലിയ ഗതാഗത തടസ്സം കണ്ടു. അവിടെ നിന്നിരുന്ന സൈനീകർ തീരെ പ്രസന്നമല്ലാത്ത മുഖത്തോടെ ഞങ്ങൾക്കരികിൽ വന്ന് വണ്ടി മുന്നോട്ടെടുക്കാൻ പറ്റില്ല എന്നു പറഞ്ഞു.

മണിപ്പൂർ അസ്വസ്ഥതകളുടെ നാടാണ്, പോലിസിൻ്റെയും തീ വ്രവാദികളുടെയും നാടുകൂടിയാണിത്. അതു കൊണ്ടു തന്നെ ഇത്തരം കർശ്ശന പരിശോധനകൾ ഇവിടെ ഇടക്കിടെ കാണാം. ഹോട്ടലിലേക്ക് ഇനി കുറച്ചു ദൂരമേയുള്ളു. ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി ഹോട്ടൽ ലക്ഷ്യമാക്കി നടന്നു. പാതയോരത്തെ മരങ്ങൾ നിഗൂഢമായ എന്തോ മറക്കാൻ വെമ്പുന്ന പോലെ ഇലകൾ ഒതുക്കിയും പൂക്കൾ കൂമ്പിയും പ തുങ്ങി നിന്നു.മരങ്ങളിൽ പതുങ്ങിയിരുന്ന രാപ്പക്ഷികൾ ഇനിയും മടങ്ങാറായില്ലേ?എന്ന് ചോദിക്കുന്ന പോലെ നീട്ടിക്കുറുകി.


ഇന്ന് ചന്തയിലേക്ക് പുറപ്പെട്ടപ്പോൾ പിയുടെ ചന്തയെക്കുറിച്ചുള്ള വരികളായിരുന്നു മനസ്സിൽ. തിരിച്ചു വരുമ്പോൾ " വൈകി വന്നുവോ പാതിരാ ചന്ദ്രികേ "എന്ന വരികൾ ആകാശത്തു നിന്ന് നക്ഷത്രങ്ങൾ കൊപ്പം കൊഴിഞ്ഞു വീഴുന്നുണ്ടായിരുന്നു ഞങ്ങൾ നടത്തത്തിൻ്റെ വേഗം കൂട്ടി..

Part 3 - ഇറോം ശർമിളയും മാലോം വെടിവെപ്പും 

"Phou-oi-Bee" ഹോട്ടലിെലെ റൂഫ് ടോപ്പ് റസ്റ്റോറൻ്റിൽ ഇരുന്ന് ചായ മോന്തുമ്പോൾ പുറത്ത് നല്ല തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ടായിരുന്നു. ഇന്ന് വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ "ലൊക് ടാക്ക് " തടാകം കാണാനാണ് പോകുന്നത്. ഇംഫാലിൽ നിന്ന് നാല് പത്തിയെട്ടുകിലോ മിററർ ദൂരെയാണ് ഈ ഫ്ളോട്ടിങ്ങ് ലെയ്ക്ക്.


വണ്ടി നഗരത്തിൻ്റെ പ്രാന്തപ്രദേശങ്ങൾ പിന്നിട്ട് നെൽവയലുൾക്കു നടുവിലൂടെ നിർമിച്ച റോഡിലൂടെയാണ് ഓടിക്കൊണ്ടിരിക്കുന്നത് .കൊയ്ത്തു കഴിഞ്ഞ പാടങ്ങൾ വിണ്ടുകീറി വിറങ്ങലിച്ച് കിടക്കുന്നു. അവിടവിടെയായി വൈക്കോൽ കൂനകൾ മൗനിയായി തല കുമ്പിട്ടിരിക്കുന്നു. വല്ലാത്തൊരു വ്യഥയോടെ ആ കാഴ്ച കണ്ട് മുന്നാട്ടു പോകുമ്പോഴാണ് ധനഞ്ചയ് കൈ ചൂണ്ടി ഇവിടെ വെച്ചാണ് ഇറോം ശർമിള നിരഹാരമിരിക്കുന്നതിനു കാരണമായ വെടിവെപ്പൂ നടന്നത് എന്നു പറഞ്ഞു.

മണിപ്പൂരിൽ പട്ടാളക്കാരുടെ വെടിവെപ്പ് അത്ര പുതുമയുള്ള വാർത്തയല്ല. അതു കൊണ്ടു തന്നെ വളരെ ലാഘവത്തോടെയാണ് അയാൾ അത് പറഞ്ഞത്.


വണ്ടി നിറുത്തി അവിടെ ഇറങ്ങി.ഒരു കൊച്ചു ബസ് സ്റ്റോപ്പും അതിനടുത്തായി ഒരു സ്മാരകമന്ദിരവും അവിടെ കണ്ടു.

യാത്രകൾ അങ്ങിനെയാണ് i വൈവിധ്യങ്ങൾ നിറഞ്ഞതും വിചിത്രവുമായ കാഴ്ചയുടെ വാതിലുകൾ എപ്പോഴാണ് നമുക്കു മുന്നിൽ തുറക്കുക എന്ന് മുൻ കൂട്ടിപ്പറയാൻ ആർക്കും കഴിയുകയില്ല.


2000 നവമ്പർ രണ്ടാം തിയതിയാണ് പത്തുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് ഇവിടെ വെച്ച് നടന്നത്: അന്ന് ഈ ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിന്നിരുന്ന പത്തുപേരാണ് ആസാം റൈഫിൾസിൻ്റ വെടിയേറ്റു മരിച്ചത്.62 വയസ്സുള്ള ഇസന് ഗബം ഇബെ തോമി എന്ന വൃദ്ധയും 1988ലെ ധീരതക്കുള്ള ദേശീയ അവാർഡ് ജേതാവായ കൗമാരക്കാരൻ സിനം ചന്ദ്രാ മണിയും ഇവരിൽ ഉൾപ്പെടുന്നു.

ഇവരുടെ പേരുകൾ ബസ് സ്റ്റോപ്പിലും രേഖപ്പെടുത്തിയിട്ടുണ്ട്. "മാലോം " എന്ന ചെറിയ പട്ടണത്തിനടുള്ള ബസ് സ്റ്റോപ്പ് അതോടെ പത്രവാർത്തകളിൽ നിറഞ്ഞു ' മാലോം കൂട്ടക്കൊലക്കെതിരെ കവിയും പത്രപ്രവർത്തകയുമായ ഇറോം ചാനുശർമിള ഇതോടെ നിരാഹാരം തുടങ്ങി.


മണിപ്പൂരിൽ നിലനിൽക്കുന്ന പട്ടാളത്തിൻ്റെ പ്രത്യക അധികാരം പിൻവലിക്കണം എന്നവശ്യപ്പെട്ടാണ് 28 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ആ കവിയത്രി നിരാഹാര സമരത്തിന് തയ്യാറായത്. പ്രണയത്തിൻ്റെയും സ്വതന്ത്രത്തിൻ്റേയും പര്യായങ്ങളാണ് അതുവരെ തൻ്റെ എഴുത്തിടങ്ങളിൽ അവർ കറിച്ചു വെച്ചിരുന്നത്.ജീവിതത്തെ ജ്വലിപ്പിക്കുന്ന വേവു നിലങ്ങൾത്ത കവിതകളിൽ നിറഞ്ഞു നിന്നു. എഴുത്തിൽ നിന്നു മാറി പ്രവർത്തിയിലേക്കാണ് അവർ പിന്നീട് ചുവടുവെച്ചത് വർത്തമാനത്തിൽ മാത്രം വിപ്ലവം നിറക്കുന്ന നമ്മുടെ കവികൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒന്നായിരുന്നു ആ തീരുമാനം.തൻ്റെ എഴുത്തിൻ്റെ മൂല്യബോധങ്ങളെ മാത്രമല്ല, തൻ്റെ ശരീരപരമായ ആവശ്യങ്ങളെ കൂടി പരീക്ഷിക്കുന്ന ഒന്നായിരുന്നു അവരുടെ നിരാഹാരം.നീണ്ട പതിനാലു വർഷങ്ങൾക്കിടയിൽ രുചികരമായ ഭക്ഷണത്തിൻ്റെ മണം എത്ര പ്രാവശ്യം അവരുടെ മൂക്കിലൂടെ കടന്നു പോയിട്ടുണ്ടാകും. രുചികരമായ ഓർമ്മകൾ നാവിൽ വെള്ളമൂറിച്ചിട്ടുണ്ടാകും.അന്നനാളവും ആമാശയും ഭക്ഷണത്തിനായി കൊതിച്ചിട്ടുണ്ടാകും. എന്നിട്ടും ഒരു നുള്ളു ഭക്ഷണം അവർ സ്വയം കഴിക്കാൻ തയ്യാറായില്ല. സഹനസമരത്തിൻ്റെ ലോകത്തിലെ ഏറ്റവും വലിയ ഉദാഹരണമാണ് ഇറോം ശർമിള.


2006ൽ പ്രധാനമന്ത്രി മൻമോഹൻ സിങ്ങ് ഈ നിയമത്തിൻ ചില അയവുകൾ പ്രഖ്യാപിച്ചെങ്കിലും ഇറോം സമരത്തിൽ നിന്ന് പിൻമാറിയില്ല പട്ടാളത്തിന് അവരുടെ ഇംഫാലിലെ ആസ്ഥാനമായ "കങ്ക്ള "ഫോർട്ടിൽ നിന്ന് ഒഴിഞ്ഞു പോകേണ്ടി വന്നു എന്നതും ഒരു നേട്ടമായി പറയാം .എങ്കിലും ഇന്നും മണിപ്പൂരിൽ എവിടെ നോക്കിയാലും പട്ടാളക്കാരെ കാണാം. ഈ പട്ടാള സാനിധ്യത്തിനെതിരെ ചെറുതും വലുതുമായ അനേകം സമരങ്ങൾ നടന്നിട്ടുണ്ട് .അതിൽ പ്രധാനമായിരുന്നു സ്ത്രീകളുടെ നിൽപ്പു സമരം.


ഇന്നലെ രാത്രി അതിൻ്റെ ചെറിയൊരു രൂപമാണ് തെരു വിൽ വെച്ച് ഞങ്ങൾ കണ്ടത്.


കൊയ്ത്തു കഴിഞ്ഞ പാടത്ത് അവിടവിടെയായി വൈക്കോൽ കെട്ടുകൾ അനാഥമായി കിടന്നിരുന്നു.ഇത്രയം തുറസ്സായ ഒരു സ്ഥലത്തു വെച്ചാണ് പട്ടാളം പത്തുപേരെ വെടിവെച്ച് കൊന്നത് എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നും. സ്മാരക മന്ദിരത്തിലെ മെഴുകുതിരികൾ ഇപ്പോഴും മനമുരുകി കരയുന്നുണ്ട്. ആ മണ്ഡപത്തോട് ലാൽ സലാം പറഞ്ഞ് ഞങ്ങൾ അവിടെ നിന്ന് പിൻവാങ്ങി.

Part 4 - മെയ്റാങ്ങ് ആദ്യം ത്രിവർണ്ണ പതാക ഉയർത്തിയ സ്ഥലം (Moirang)


ചെറിയ ചെറിയ അങ്ങാടികളെ പിന്നിട്ട് വണ്ടി മുന്നോട്ടു പോയി. പലയിടത്തും ഇമാം മാർക്കറ്റിൻ്റെ ചെറിയ അനുകരണങ്ങളായിരുന്നു.മണിപ്പൂരിലെ സ്ത്രീകളുടെ സംരംഭകത്വത്തെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. ഈ വഴിയിലാണ് സുഭാഷ് ചന്ദ്ര ബോസ് മ്യൂസിയം .ഇവിടെയാണ് ആദ്യമായി ഇന്ത്യയുടെ ത്രിവർണ്ണ പതാക ഉയർത്തിയത്.രണ്ടു കെട്ടിടങ്ങളിലായാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.


1941 ലാണ് ഇന്ത്യൻ ലീജിയൺ (INDIAN LEGION) എന്നൊരു സംഘടനക്ക് സുഭാഷ് ചന്ദ്ര ബോസ് രൂപം നൽകിയത് 4500 സൈനീകരുടെ അംഗബലമാണ് ഈ സംഘടനക്ക് ഉണ്ടായിരുന്നത്. പിന്നീട് യുദ്ധതന്ത്രം മെനയാനായി ജർമ്മനിയിലേക്ക് പോയി 11943 പൂർവ്വ ഏഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ഒരു വിമോചന സേനയെ അയക്കാം എന്ന ചിന്തയോടെ ചന്ദ്ര ബോസ് ജർമനിയിൽ നിന്നും ഒരു അന്തർവാഹിനിയിൽ ജപ്പാനിലേക്ക് പുറപ്പെട്ടു. 1943 മെയ് മാസം കപ്പൽ സുമാത്ര ദ്വീപിൽ എത്തി. അവിടെ നിന്നും ജപ്പാനിലേക്ക് .അവിടെ വെച്ച് ജപ്പാൻ പ്രധാനമന്ത്രിയുമായി സംസാരിച്ച ശേഷം ജൂൺ മാസത്തിൽ സിംഗപ്പൂരിലേക്ക് . അവിടെ വെച്ചാണ് INA ക്ക് രൂപം നൽകിയത്. ഡിസംബർ മാസത്തിൻ ആൻറ മാൻ ദ്വീപുകൾ വഴി ബർമ്മയിലേക്ക് പുറപ്പെട്ടു 1942ൽ തന്നെ ജപ്പാൻകാർ ബ്രിട്ടീഷുകാരിൽ നിന്ന് ബർമ്മയെ മോചിപ്പിച്ചിരുന്നു.



ബ്രിട്ടിഷുകാർ ബർമ്മ തിരിച്ചുപിടിക്കാൻ ഒരുങ്ങിക്കൊണ്ടിരിക്കെ അതിനെ ചെറുക്കാനായി ഇന്ത്യയിലേക്ക് പട്ടാളത്തെ അയക്കാൻ ജപ്പാൻ തയ്യാറാവുന്നു. 1944ൽ ഇന്ത്യൻ അതിർത്തി കടന്നുള്ള യുദ്ധത്തിന് ജപ്പാൻകാർ തീരുമാനിച്ചു. ബ്രിട്ടിഷുകാർ ബർമ്മ തിരിച്ചുപിടിക്കാതിരിക്കാൻ പാളയത്തിൽ കയറി അക്രമിക്കുക എന്ന തന്ത്രമാണ് അവർ തയ്യാറാക്കിയത്.ബംഗാളിൻ്റെ കവാടമായ ചിറ്റഗോങ്ങായിരുന്നു ലക്ഷ്യം.യുദ്ധം തുടങ്ങിയാൽ ബ്രിട്ടിഷുകാർ ബംഗാളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഈ സമയത്ത് കോഹിമയും ഇംഫാലും പിടിച്ചെടുക്കാം എന്നതായിരുന്നു ബോസിൻ്റെ കണക്കു കുട്ടൽ - സംയുക്ത സേന കോ ഹിമ പിടിച്ചെടുത്തു.കോഹിമയിലെ ബ്രിട്ടിഷ് ശവക്കോട്ടയിൽ ഈ യുദ്ധത്തിൻ മരിച്ച 67 മലയാളി ജവാന്മാരുടെ മൃതദേഹം സംസ്കരിച്ചിട്ടുണ്ട്. കോഹിമയിൽ നിന്നും ഇംഫാലിനു സമീപം വരെ സൈന്യമെത്തി.


മുറെയ് കാങ്ളാ കൊട്ടാരത്തിൻ്റെ എതിർ വശത്ത് താവളം അടിച്ചു. എന്നാൽ കാലം തെറ്റി വന്ന കാലവർഷം മുന്നോട്ടുള്ള യാത്രയെ തടഞ്ഞു. കൊടും പേമാരിയുടെ ദിനങ്ങളായിരുന്നു അത് ഇംഫാലിനു ചുറ്റുമുള്ള നെൽവയലുകൾ വെള്ളകെട്ടുകൊണ്ട് മൂടി.ഇതേ സമയത്തൂ തന്നെ ശാന്തസമുദ്രത്തിലെ അമേരിക്കൻ മുന്നേറ്റം തടയാനായി ബർമ്മയിലുള്ള യുദ്ധവിമാനങ്ങളെല്ലാം ജപ്പാൻ അങ്ങോട്ടു മാറ്റി.

1944 അഡ്മിറൽ സുസുക്കി ജപ്പാൻ പ്രധാനമന്ത്രിയായതോടെ ബർമ്മ വിട്ടൊഴിയാൻ ജപ്പാൻകാർക്ക്  നിർദേശം കിട്ടി.ഇതോടെ INI യുടെ ശക്തി കുറഞ്ഞു; റംഗൂണിൽ യുദ്ധം തുടരാൻ സുബാഷ് ചന്ദ്ര ബോസ് ആഗ്രഹിച്ചിരുന്നെങ്കിലും ഉപദേഷ്ട്ടാക്കൾ അത് തള്ളിക്കളഞ്ഞു.അതോടെ അദേഹം രംഗൂണിൽ നിന്നും തിരിച്ചുപോയി


സുബാഷ് ചന്ദ്ര ബോസിൻ്റെ സ്മാരക മന്ദിരത്തിൽ ഈ യാത്രയുടെ വിശദമായ കുറിപ്പുകളും ഭൂപടവും സൂക്ഷിച്ചിട്ടുണ്ട്. 1944 ഏപ്രിൽ 14 നാണ്ഇന്ത്യൻ ത്രിവർണ്ണ പതാക ആദ്യമായി ഇവിടെ ഉയർത്തിയത് ഈസ്ഥലം ചരിത്രത്തിൽ എന്നും ഇടം നേടും.

നാലു വർഷം മുൻപ് സുബാഷ് ചന്ദ്ര ബോസിൻ്റെ കൽക്കത്തയിലെ വീട് സന്ദർശിച്ചിരുന്നു. ആ ഇരുനില കെട്ടിടത്തിനു താഴെ അദേഹം ഉപയോഗിച്ചിരുന്ന വാഹനവും പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു.


ഇംഫാലിൽ ഇന്ത്യാ ജപ്പാൻ സൗഹൃദത്തിൻ്റെ ഭാഗമായി ഒരു മ്യൂസിയം ഉണ്ട് അടുത്ത ദിവസം  ജപ്പാൻ പ്രധാനമന്ത്രി മോഡിക്കൊപ്പം ഇവിടെസന്ദർശിക്കും എന്ന വാർത്ത ഉണ്ടായിരുന്നു.  ഞങ്ങൾ അവിടെ എത്തി. എന്നാൻ മ്യൂസിയത്തിലേക്ക് സുരക്ഷാകാരണത്താൽ ആരേയും ഇന്ന് പ്രവേശിപ്പിക്കുന്നുണ്ടായിരുന്നില്ല.


( പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിക്ഷേധത്തെ തുടർന്ന് പരിപാടി പിന്നീട് ഉപേക്ഷിച്ചു)

Part 5 - ലൊക് ടാക് തടാകം (Loktak Lake, Manipur)


മണിപ്പൂരിലെ ഏറ്റും പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രമാണ് ലൊക് ടാക്‌ തടാകം: ഞങ്ങൾ ഒരു ബോട്ടെടുത്ത് തടാകത്തിൽ മുറ്റിക്കറങ്ങി. കേരളത്തിൽ നിന്നും വരുന്നവർക്ക് വലിയ അമ്പരപ്പൊന്നും തടാകം നൽകുന്നില്ല. എന്നാൽ ഈ തടാകത്തിൽ നിറയെ ചെറിയ ചെറിയ ഫ്ളോട്ടിങ്ങ് ദ്വീപുകൾ കണാം തടാകത്തിൽ വെള്ളം കുടിയാലും കുറഞ്ഞാലും ഇവ ഇങ്ങനെജലത്തിനു മുകളിൽ പൊങ്ങിക്കിടക്കും ഇത്തരം ചില തുരുത്തുകളിൽ മുക്കുവർ കുടിൽ കെട്ടി താമസിക്കുണ്ട്. ചെറിയ പച്ചത്തുരുത്തുകളിൽ ധാരാളം കൊറ്റികൾ ഒറ്റക്കാലിൽ തപസ്സിരിക്കുന്നതു കാണാം. ബോട്ടുകൾ അടുത്തു വരുമ്പോൾ ഇവ കൂട്ടത്തോടെ പറന്നുയരും


ഈ തടാകത്തിനടുത്താണ് നഗ് ലേയി വെള്ളച്ചാട്ടം.വേനൽക്കാലത്ത് ഇവിടെ മണിപ്പൂരിൻ്റെ അഭിമാനമായ "ഷിറൂമി" ലില്ലിപ്പൂക്കൾ പൂത്തു വിരിയും ഇതു കാണാൻ ധാരാളം സന്ദർശകർ എത്തും.വേനൽ സ്പർശം ഏൽക്കുന്നതോടെയാണ് ഇവിടത്തെ കാട്ടു ലില്ലികളും, ഓർക്കിഡുകളും പൂവണിയുന്നത്.മരങ്ങളിൽപല വർണ്ണങ്ങളിലുള്ള ഓർക്കിഡുകൾ പൂത്തു നിന്ന് സന്ദർശകർക്ക് സ്വാഗതമോതും. അപ്പോൾ ഈ കാട്ടുവഴികളിലൂടെ സഞ്ചരിക്കുന്നത് സ്വർഗത്തിലൂടെയാണെന്ന് തോന്നിപ്പോകും.ഇവിടെ അടുത്താണ് വംശനാശം നേരിടുന്ന "സാങ്ങായി "മാനുകളെ സംരക്ഷിക്കുന്ന " മ്പുൻലംരോ" ദേശീയോദ്യാനം:


കറുത്ത അരിയുടെ പായസം

സമയം ഉച്ചയാകാറായി. ഞങ്ങൾ ഇംഫാലിലേക്ക് തിരിച്ചു. ഉച്ചഭക്ഷണത്തിനായി ഒരു ഹോട്ടലിൽ കയറി. ധാരാളം ആളുകൾ അവിടെ ഭക്ഷണം കഴിക്കാനായി കാത്തു നിൽക്കുന്നുണ്ട് .നമ്മുടെ സദ്യ പോലെയുള്ള ഒരു ഭക്ഷണ രീതിയാണ് ഇവരുടേത്.ഇലയിലല്ല എന്ന ഒരു കുറവേയുള്ളു. അനേകം കറികൾ ചോറിനൊപ്പം കൊച്ചു കൊച്ചു താലികളിൽ 'മിക്ക കറിക്കും മീൻ മണമോ, മീൻരുചിയോ ഉണ്ട്.അച്ചാറിനും ചമ്മന്തിക്കു പോലും മീൻ രുചിയാണ് '


മണിപ്പൂരിൽ ധാരാളം നദികളും തടാകങ്ങളുമുണ്ട്അവിടെ നിന്നാണ് ഇവർ മീൻ പിടിക്കുന്നത് ആദ്യകാലത്തെ മൽസ്യ പ്രിയരായ ബംഗാളി സ്വാധീനവും ഇതിനു കാരണമായിട്ടുണ്ടാകും. സദ്യയുടെ ഒടുവിലത്തെ വിഭവം പായസമാണ് .മണിപ്പൂരിൽ വിളയുന്ന കറുത്ത നിറത്തിലുള്ള അരി കൊണ്ടുള്ള പായസമായിരുന്നു അത്. ഇന്ത്യയിൽ മറ്റൊരിടത്തും ഈ നെല്ല്   വിളയുന്നില്ല എന്നാണ് ധനഞ്ചയ് പറഞ്ഞത്.നല്ല രുചിയുള്ള പായസം. ഉച്ചയുറക്കത്തിനു ശേഷം ബ്രിട്ടീഷുകാർ പരിപാലിച്ചു പോരുന്ന ശവക്കോട്ട കാണാനാണ് പോയത്. ജപ്പാൻകാർ ഇംഫാൽ വരെ എത്തിയിരുന്നു. ആ യുദ്ധത്തിൽ മരിച്ചവരെയാണ് ഇവിടെ അടക്കം ചെയ്തിട്ടുള്ളത്. കോ ഹിമയിലെപ്പോലെ ഇവിടെ മലയാളികളെ അടക്കം ചെയ്തതായി രേഖകളിൽ കണ്ടില്ല. 1891 മണിപ്പൂർ ബ്രിട്ടീഷ് യുദ്ധത്തിൽ മരണപ്പെട്ടവരെയും ഇവിടെ അടക്കം ചെയ്തിട്ടുണ്ട്.


മണിപ്പൂരിലെ പ്രധാന വംശമാണ് മേത്തികൾ (MEITEl) ഇവർ സനമാനിസം (Sanamanism) എന്ന മതത്തിലാണ് വിശ്വസിക്കുന്നത് എന്നാൽ ഇന്ന് കുറേ പേർ ഹിന്ദുമതത്തിലേക്കും ക്രിസ്ത്യാനിറ്റിയിലേക്കും മതം മാറിയിട്ടുണ്ട്. പ്രകൃതിയെ ആരാധിക്കുന്ന ഒരു രീതിയാണ് ഇവരുടേത് - മണിപ്പൂരിലെ രാജാക്കന്മാർ ഈ മതക്കാരായിരുന്നു.മേത്തികളുടെ ആരാധനാലയമായ ( I badnou Pakhuanba Temple) സന്ദർശിക്കാനാണ് അടുത്തതായി ഞങ്ങൾ പോയത്.ബ്രിട്ടിഷ് സെമിത്തേരിയിൽ നിന്ന് നടന്നു പോകാനുള്ള ദൂരമേ ഇവിടേക്കുള്ളു.


ഇതിനടുത്തു തന്നെയാണ് പ്രസിദ്ധമായ പോളോഗ്രൗണ്ട്. "പോളൊ" യുടെ ജന്മസ്ഥലമാണ് ഇംഫാൽ എന്നാണ് പറയപ്പെടുന്നത്.

"കംഗ്ലാ" ഗെയ്റ്റിലെ വെടിവെപ്പ് മണിപ്പൂരിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രാവശേഷിപ്പാണ് "കംഗ്ല"  (KANGLA ) ഇംഫാലിലെ രാജകൊട്ടാരം .1891 ഒരു യുദ്ധത്തിലൂടെ ബ്രിട്ടിഷുകാർ ഈ കൊട്ടാരം കീഴടക്കി. മണിപ്പൂരിൻ്റെ സമരനായകൻ തങ്കൾ ജനറലിam (Thongal General) ബ്രിട്ടിഷുകാർ പരസ്യമായി തൂക്കിലേറ്റിയത് ഇവിടെ വെച്ചാണ്. നാട്ടിലെ കാളക്കളിക്ക് തയ്യാറാക്കുന്ന കാളകളെ അനുസ്മരിപ്പികുന്ന കൂറ്റൻ പ്രതിമകളാണ് കൊട്ടാരത്തിന് മുൻപിൽ സ്ഥാപിച്ചിരിക്കുന്നത്. അടുത്ത കാലം വരെ ഇത് ആസാം റൈഫിൾസിൻ്റെ ആസ്ഥാനമായിരുന്നു. ഇതിനു മുന്നിലാണ് ഇറോം ശർമിള ദീർഘകാലം നിരാഹാരം ഇരുന്നത്.


ഞങ്ങൾ "കംഗ്ല"യുടെ കവാടത്തിലെത്തി അകത്തു കടക്കുന്നതിനിടയിൽ പുറത്ത് വെടിച്ചെയുടെ ശബ്ദം കേട്ടു .പട്ടാള വേഷധാരികൾ തോക്കുമായി സ്ഥലം വളഞ്ഞു. അവർ ഗെയ്റ്റ് പൂട്ടി. മണിപ്പൂരികളെ ഒക്കെ തിരഞ്ഞുപിടിച്ച് കെട്ടിടത്തിനു പുറത്താക്കി. മണിപ്പൂരി കളല്ലാത്തവരെ അവിടെ തങ്ങാൻ അനുവധിച്ചു. പൗരത്വ നിയമത്തിനെതിരെ അവിടെ പ്രക്ഷോഭം നടക്കുന്നുണ്ടായിരുന്നു. അവിടെ നിന്നാണ് സ്പോടനത്തിൻ്റെയും തോക്കിൻ്റെയും ശബ്ദം കേട്ടത്. മണിപ്പൂർ അസ്വസ്ഥതകളുടെ നാടാണ്സൂക്ഷിച്ചു യാത്ര ചെയ്യണം എന്ന നിർദേശം പലയിടത്തു നിന്നും ലഭിച്ചിരുന്നു.അതു കൊണ്ടു തന്നെ തോക്കിൻ്റെ ശബ്ദം യാത്രക്കിടയിൽ ഞങ്ങൾ പ്രതിക്ഷിച്ചിരുന്നു.എന്നാൽ ഇംഫാലിലെ യാത്ര അവസാനിക്കാറാകുമ്പോൾ മാത്രമാണ് വെടി ഒച്ച കേട്ടുള്ളൂ എന്നത് സമാധാനത്തിന് വക നൽകി.


തൊട്ടടുത്ത ഫുട്ബോൾ മൈതാനത്ത് അപ്പോഴും കളി തുടർന്നുകൊണ്ടിരുന്നു. അവിടെ നിന്ന് ആർപ്പുവിളികൾ കേൾക്കുന്നുണ്ട്. സ്പോടനവും തോക്കുധാരികളുടെ പരക്കംപാച്ചിലും അവരെ ബാധിച്ചിട്ടില്ലന്ന് തോന്നുന്നു.

Part 6 - ബർമ്മയിലേക്ക് (To Burma)


രാത്രി ആയതോടെ ഇംഫാലിലെ സാഹചര്യങ്ങൾ വഷളായിത്തുടങ്ങി. പാർലമെൻറിൽ പൗരത്വ ഭേദഗതി ബിൽ അവതരിപ്പിച്ച് ചർച്ച നടക്കുകയാണ് അതിൻ്റെ പ്രതിക്ഷേധങ്ങൾ ആണ് തെരുവിൽ നടുക്കുന്നത്. അതു കൊണ്ടു തന്നെ ഇംഫാലിലെ യാത്ര അത്ര സുരക്ഷിതമല്ല. ഞങ്ങൾ അടുത്ത ദിവസം ബർമയിലേക്ക് (മ്യാൻമാറിനെ ഇവിടത്തുകാർ ഇപ്പോഴും ബർമ്മ എന്നാണ് വിളിക്കുന്നത് ) പോകാൻ തീരുമാനിച്ചു.

അടുത്ത ദിവസം പുലർച്ചെത്തന്നെ ധനഞ്ചയ് ഏർപ്പാടാക്കിത്തന്ന ടാക്സിയിൽ ബർമയിലേക്ക് തിരിച്ചു.ഇംഫാലിൽ നിന്ന് ബർമ്മ അതിർത്തിയിലേക്ക് 120 കിലോമീറ്റർ ദൂരമേയുള്ളു: എന്നാൽ ഈ ദൂരം താണ്ടാൻ മൂന്നര മണിക്കൂർ സമയമെടുക്കും.


ഇന്നലെ രാത്രി പാർലമെൻറിൽ മണിപ്പൂരിൽ ILP നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് അമിത് ഷാ പറഞ്ഞിരുന്നു.ഇത് മണിപ്പൂരിലെ സമരത്തെ ഒട്ടൊന്ന് ശാന്തമാക്കി എന്നു പറയാം. ILP വീണ്ടും കൊണ്ടുവരണം എന്നത് ഇവിടത്തെ രാഷ്ട്രീയക്കാരുടെ ഒരു ആവശ്യമായിരുന്നു,

ILP " ഇന്നർലൈൻ പർമിറ്റ് "പണ്ട് ബ്രിട്ടിഷുകാർ തങ്ങളുടെ ബിസിനസ്സ് താല്പര്യം സംരക്ഷിക്കാൻ കൊണ്ടു വന്ന ഒരു നിയമമാണ്. നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ (മണിപ്പൂർ, നാഗാലാൻ്റ്, മണിപ്പൂർ, മഘാലയ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ യാത്ര ചെയ്യാനും, താമസിക്കാനും വിസ പോലെയുള്ള ഒരു പർമിറ്റ് ആവശ്യമുണ്ട് അതാണ് ഇന്നർ ലൈൻ പർമിറ്റ്. മറ്റു സംസ്ഥാനക്കാർക്ക് അവിടെ ഭൂമി വാങ്ങാനോ കച്ചവടം ചെയ്യാനോ അനുവാദമില്ല.മൻമോഹൻ സിങ്ങ് മണിപ്പൂരിനെ ILP യിൽ നിന്ന് ഒഴിവാക്കി.അതോടെ വലിയ തോതിലുള്ള നിക്ഷേപം അവിടെ എത്തി. ടൂറിസംശക്കിപ്പെട്ടു.ധാരാളം ഹോ 'ട്ടലുകൾ ഉയർന്നു വന്നു. ഞങ്ങൾ താമസിക്കന്നതും ഒരു പഞ്ചാബി യുടെ ഹോട്ടലിലാണ് മണിപ്പൂരിലെ കുന്നിൻ പ്രദേശങ്ങൾ നാഗന്മാരുടെ കൈവശമാണ്. അവിടത്തെ ഭൂമി ഗോത്രവർഗ്ഗങ്ങൾക്കു മാത്രം അവകാശപ്പെട്ടതാണ്. അപ്പോൾ വീണ്ടും ILP കൊണ്ടുവരുന്നത് ഇവിടെ കുടിയേറിയവർക്ക് ജോലി കിട്ടാതിരിക്കാൻ മാത്രമാണ്.

വാഹനം ഇംഫാലിൻ്റെ പ്രാന്തപ്രദേശങ്ങളെ പിന്നിട്ട് ഗ്രാമപ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ തുടങ്ങി.റോഡിൻ്റെ വശങ്ങളിൽ തോക്കുധാരികളായ പട്ടാളക്കാർ ഈ പുലർവേളയിലും റോന്തുചുറ്റുന്നുണ്ട്. ചിലവാഹനങ്ങളെ അവർ തടഞ്ഞു നിറുത്തി പരിശോധിക്കുന്നുണ്ട്. വാഹനം വീണ്ടും മുന്നോട്ടു പോയി. തീർത്തും ആൾ വാസമില്ലാത്ത കുന്നിൻ ചെരുവുകളിലും പട്ടാളക്കാർ തോക്കുപിടിച്ച് ഉലാത്തുന്നു. കശ്മീരിൽ പോലും ഇത്തരം കാഴ്ച്ചകൾ വിരളമാണ്. പണ്ട് പ്രണയ ദൂതുകൾ മേഘങ്ങളായി പെയ്തിറങ്ങിയ മലഞ്ചെരിവുകൾ ഇപ്പോൾ  ചോരയിൽ ജീവിതത്തിൻ്റെ ചരിത്രമെഴുതുന്നു.


പലയിടത്തും പട്ടാളക്കാരുടെ ചെക് പോസ്റ്റുകൾ ഉണ്ട്. അവിടെ ആധാർ കാർഡും ലൈസൻസും കാണിക്കണം.അവർ നൽകുന്ന സ്ലിപ്പ് അടുത്ത ചെക് പോസ്റ്റിൽ കാണിച്ചാലെ മുന്നോട്ടുപോകാനാകൂ.


തീർത്തും ജനവാസമില്ലാത്ത സ്ഥലത്തിലൂടെയാണ് യാത്ര.റോഡ് വീതികൂ ട്ടുന്നതിനായി മലകൾ ചെത്തി മാറ്റുന്ന പണി നടക്കുകയാണ്.കഴിഞ്ഞ അഞ്ചാറു കൊല്ലമായി ഈ പണി തുടർന്നുകൊണ്ടിരിക്കുന്നു. നോർത്ത് ഈസ്റ്റിലെ റോഡുപണികളൊക്കെ നമ്മുടെ കുതിരാൻ ദേശീയ പാത പോലെ പണി നീണ്ടുനീണ്ടു പോകുന്നവയാണ്.


ബർമ്മ അടുക്കാൻ തുടങ്ങിയതോടെ തണുപ്പ് കുറയാൻ തുടങ്ങി.ഇവിടെയാണ്"Moreh"മൊറെ .ഒരു നാട്ടു ചന്തയുടെ വലിപ്പമേയുള്ളു ഈ പട്ടണത്തിന്. ഇവിടത്തെ താമസക്കാരിൽ ഭൂരിഭാഗവും തമിഴന്മാരാണ്. പണ്ട് ബ്രിട്ടീഷുകാർ ബർമ്മയിലേക്ക് കൊണ്ടുവന്നവരായിരുന്നു ഇവരുടെ പൂർവ്വീകർ. ഇവിടത്തെ ഹോട്ടലുകളിൽ ദോശയും വടയും സാമ്പാറും കിട്ടും. ഞങ്ങൾ ഇവിടെ ഇറങ്ങി ചായ കുടിച്ചു.തമിഴൻ്റെ തനത് രുചിയായ ഫിൽറ്റർ കോഫി കിട്ടുമോ എന്ന് ചോദിച്ചു. എന്നാൽ ദീർഘകാലത്തെ ഇവിടത്തെ വാസം ഇവരെ ആസാം ചായയുടെ ആരാധകരാക്കി മാറ്റിയിരിക്കുന്നു. ചായ മോന്തുന്നതിനിടയിൽ ഞാൻ കഥാകൃത്ത് യു.എ.കാദറിൻ്റെ കഥകൾ ഓർത്തു.

Part 7 - ബർമ്മയിൽ 

ഇളം നീല നിറമുള്ള മലനിരകളെ പിന്നിലാക്കി വണ്ടി ചെറുപട്ടണത്തിലൂടെ മ്യാൻമാർ അതിർത്തിയിലെത്തി.


ഇതിനു മുൻപ് ഞാൻ കണ്ടിട്ടുള്ള ഇന്ത്യാ ബംഗ്ലാദേശ്, ഇന്ത്യാ പാക് അതിർത്തികളിൽനിന്നും തീർത്തും വ്യത്യസ്തമായിരുന്നു ഈ അതിർത്തിപട്ടണം. വാഗ അതിർത്തി പട്ടാളക്കാരുടെ ശൗര്യത്തിൻ്റെയും അന്ധമായ ദേശീയതയുടെയും ഉരക്കല്ലായാണ് നമുക്കു മുന്നിൻ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ത്രിപുരയിലെ ബംഗ്ലാ ഇന്ത്യൻ അതിർത്തി അച്ചടക്കവും സൗഹാർദവും പൂത്തു നിൽക്കുന്ന കാഴ്ചയായാണ് നമ്മെ അതിരേൽക്കുക. ആൾവാസമില്ലാത്ത മലഞ്ചെരുവുകളിൽ തോക്കുമായി നിൽക്കുന്ന പട്ടാളക്കാരെ പിന്നിട്ട് ഇവിടെ എത്തുമ്പോൾ ഈ അതിർത്തിയിൽ പട്ടാളക്കാരൻ്റെ നിഴൽ പോലുമില്ല.


ഇന്ത്യാ മ്യാൻമാർ ഫ്രൻഷിപ്പ് ഗെയ്റ്റിൻ്റെ ഇരുവശവും കച്ചവട കേന്ദ്രങ്ങളാണ്. അതിനു നടുവിൽ ഒരു ചെറിയ ചെക് പോസ്റ്റ്.സിനിമാ ടാക്കീസിലെ ടിക്കറ്റ് കൗണ്ടർ പോലെ. വാഹനം പാർക്കു ചെയ്ത ശേഷം ഞങ്ങൾ കൗണ്ടറിൽ എത്തി ആധാർ കാർഡ് കൊടുത്ത് റസീറ്റ് വാങ്ങി.ഒരു പകൽ മുഴുവൻ ബർമ്മയിൽ തങ്ങാൻ ഈ റസീറ്റ് മതി .രാത്രി തിരിച്ച് ഇന്ത്യയിലേക്ക് വരണം. അടുത്ത ദിവസം വീണ്ടും പോകാം. ബർമ്മയിൽ രാത്രി തങ്ങാൻ അനുവാദമില്ല. ഞങ്ങൾ മ്യാൻമാർ ഗെയ്റ്റുകടന്ന് ബർമ്മീസ് മാർക്കറ്റിലേക്ക് പ്രവേശിച്ചു. ഇതൊരു വലിയ മാർക്കറ്റാണ്. ചൈന, വിയറ്റ്നാം കംബോഡിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളാണ് മാർക്കറ്റിൽ നിറയെ. ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഇല്ലെന്നു തന്നെ പറയാം. കച്ചവടത്തിൻ്റെ കാര്യത്തിൽ നാം എത്രയോ പിന്നിലാണ് എന്ന് നമ്മെ ഓർമിപ്പിക്കുന്നതാണ് അതിർത്തിയിലുള്ള ഈ മാർക്കറ്റ്. ഞങ്ങൾ വരുന്ന വഴിക്ക് ധാരാളം മഹേന്ദ്രാ ട്രക്കുകൾ സാധനങ്ങൾ കുത്തിനിറച്ച് വരുന്നത് കണ്ടിരുന്നു. ഇവിടെ നിന്നും ഇന്ത്യയിലേക്ക് കടത്തുന്ന ചരക്കുകളായിരുന്നു അവ.


മണിപ്പൂരിലെ സ്ത്രീകൾ കച്ചവട കാര്യത്തിൽ മിടുക്കികളാണ്.എന്നാൽ അവരേയും കടത്തിവെട്ടുന്നവരാണ് ബർമീസ് സ്ത്രീകൾ. മുറുക്ക് ഇവരുടെ ദൗർബല്യമാണ്.ഇത് ഇവരുടെ മുഖസൗന്ദര്യം വല്ലാതെ കുറച്ചിട്ടുണ്ട്. മിക്കവരുടെ പല്ലുകളും മുറുക്കാൻ കറകൊണ്ട് വികൃതമായിട്ടുണ്ട്. ധാരാളം അടക്കയും വെറ്റിലയം വിൽക്കാൻ വെച്ചിരിക്കുന്നതും കണ്ടു. മദ്യം വിൽക്കുന്ന ധാരാളം സൂപ്പർ മാർക്കറ്റുകൾ കണ്ടു. നാഗാലാൻ്റിൽ കണ്ട റൈയ്സ് വൈൻ വളരെ വിലക്കുറവിൽ ഇവിടെ വിൽക്കാൻ വെച്ചിട്ടുണ്ട്. മണിപ്പൂരിൽ മധ്യനിരോധനമായതുകൊണ്ട് വാങ്ങിയില്ല. ഇന്ത്യൻ രൂപ കൊടുത്താൽ മതി സാധനങ്ങൾ വാങ്ങാം. ഇവർ നമ്മോട് ഇന്ത്യൻ രൂപയിലാണ് വില പറയുന്നത്.ഇന്ത്യയിൽ നിന്നും വരുന്നവർ പുതപ്പുകളാണ് പ്രധാനമായും വാങ്ങിക്കൊണ്ടു വരുന്നത് . പണ്ട് ഗൾഫിൽ നിന്നും കൊണ്ടുവന്നവ ഇപ്പോഴും വീട്ടിൽ ഉള്ളതിനാൽ ഞങ്ങൾ കുറച്ച് കുട്ടിക്കുപ്പായങ്ങളും ചെരുപ്പുകളും വാങ്ങി.


ബുദ്ധക്ഷേത്രങ്ങളാണ് ഇവിടത്തെ പ്രധാന ആകർഷണം.ഇന്ത്യയിലെ ബുദ്ധക്ഷേത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഇവ. ഒരു കുന്നിൻ മുകളിൽ സ്ഥാപിച്ചിട്ടുള്ള ബുദ്ധക്ഷേത്രത്തിലേക്കാണ് ആദ്യം പോയത് അനേകം പടവുകൾ കയറി വേണം മുകളിലെത്താൻ. ഇത് ഒരു പഴയ ക്ഷേത്രമാണ്.

രണ്ടാമത്തേത് വിശാലമായ മൈതാനത്താണ് നിർമിച്ചിരിക്കുന്നത്. ചൈനീസ് വാസ്തുശില്പ രീതിയിലാണ് ഇതിൻ്റെ നിർമ്മാണം. ബോധ്ഗയയിൽ ഉള്ളതുപോലെ പാമ്പിൻ്റെ പത്തിക്കു താഴെയിരുന്ന് തവസ്സു ചെയ്യുന്ന ബുദ്ധൻ്റെ കൂറ്റൻ പ്രതിമ കണ്ടു.

ഇവിടത്തെ വീടുകളുടെ നിർമ്മാണ രീതിയാണ് എടുത്തു പറയേണ്ടത്. അനേകം ബലിഷ്ട്ടങ്ങളായ മരത്തുണുകളിൽ താങ്ങി നിൽക്കുന്ന പലകകൾ പാകിയ തറകൾക്കു മുകളിലാണ് വീടുകൾ നിർമിച്ചിരിക്കുന്നത്. പലകയും ടിൻ ഷീറ്റുമാണ് നിർമാണ വസ്ത്തുക്കൾ, ഇവിടെ വെള്ള പൊക്കത്തിൻ്റെ ഭീക്ഷണി ഉള്ളതായി തോന്നിയില്ല. ഇവരോട് ഇതിനെക്കുറിച്ച് ചോദിച്ചറിയണം എന്നുണ്ടായിരുന്നു.എന്നാൽ ഭാഷയുടെ പ്രശ്നം പൊല്ലാപ്പായി.


മാർക്കറ്റിനടുത്തുള്ള കെട്ടിടങ്ങൾ ഒക്കെ കൊൺക്രീറ്റ് കെട്ടിടങ്ങളാണ്. മിക്കവയും ഒറ്റ നില മാത്രള്ളവ. വൈകുന്നരത്തിനു മുൻപ് ബർമ്മയിൽ നിന്നും പുറത്തു കടക്കണം .ഞങ്ങൾ മാർക്കറ്റിൽ ഒന്നു കൂടി ചുറ്റിക്കറങ്ങിയ ശേഷം ഇന്ത്യാ മ്യാൻമാർ ഗെയ്റ്റ് വഴി ഇന്ത്യയിലെത്തി. സമയം നാലു മണിയായി. ഇനി നാലുമണിക്കൂർ കൂടി യാത്ര ചെയ്താലെ ഇംഫാലിലെത്താൻ പറ്റൂ..


ഞങ്ങൾ മ്യാൻമാറിൽ നിന്ന് ഇംഫാലിലേക്ക് തിരിച്ചു.നിരത്തിൻ്റെ ഒരു വശത്ത് പച്ചപ്പുകൾക്കിടയിൽ മാഞ്ഞും മറഞ്ഞും നിൽക്കുന്ന ചെറിയ കെട്ടിടങ്ങളും വീടുകളും പിന്നിട്ട് വണ്ടി കൊച്ചു കുന്നുകളെ വകഞ്ഞു മാറ്റി, വളഞ്ഞും തിരിഞ്ഞും പോയ റോഡിനെ പിൻതള്ളി , പ്രധാന പാതയിൽ പ്രവേശിച്ചു . ഇടക്കിടെ പട്ടാളക്കാരുടെ പരിശോധയുമുണ്ട്. ഈ പരിശോധനക്കായി വണ്ടി ഇടക്കിടെ ബ്ലോക്കുകളിൽ പെട്ട് കുരുങ്ങിക്കിടന്നു -മലയിടിച്ച് റോഡിനു വീതി കൂട്ടുന്നതു കൊണ്ട് പലയിടത്തും റോഡ് കല്ലും മണ്ണും കൊണ്ട് നിറഞ്ഞു കിടന്നു. കൂറ്റൻ മലകൾ കുത്തനെ അരിഞ്ഞു മാറ്റിയാണ് റോഡിനു വീതി കൂട്ടുന്നത്.ഇവയിൽ നിന്ന് വലിയ പാറകൾ താഴെക്കുപതിക്കും എന്ന മട്ടിലാണ് നിൽക്കുന്നത്. ഇതു കൊണ്ടു തന്നെ യാത്ര ദുഷ്ക്കരമായിരുന്നു - എപ്പോഴൊ മഴ പെയ്തിട്ടുണ്ട്. മഴവെള്ളം കുത്തിയൊലിച്ചു കലങ്ങി മറിഞ്ഞ് താഴേക്കു പതിക്കുന്നു. കുറച്ചു ദൂരം മുന്നോട്ടു പോയപ്പോഴേക്കും മഴ പെയ്യാൻ തുടങ്ങി. വാഹനം ഒരു ബ്ലോക്കിൽ പെട്ട് അനങ്ങാതെ നിൽക്കുകയാണ്. കുറച്ചു മാറി ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. യന്ത്രങ്ങൾ ഉപയോഗിച്ച് റോഡിലെ കല്ലും മണ്ണും മാറ്റിക്കൊണ്ടിരിക്കയാണ്. ആളുകൾ വണ്ടിയിൽ നിന്നിറങ്ങി പുറത്ത് നിൽക്കുന്നു.


എല്ലാവരുടെയും മുഖം മ്ലാനമാണ്. പട്ടാളക്കാർ ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല എന്ന മട്ടിൽ തോക്കു മേന്തി അവിടവിടെ നിൽക്കുന്നുണ്ട്.


കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം വണ്ടികൾക്ക് യാത്ര ചെയ്യാനുള്ള സിഗ്‌നൽ കിട്ടി. അവ വീണ്ടും ചുരം ഇറങ്ങാൻ തുടങ്ങി. അതോടെ രാത്രി മുഴുവൻ വഴിയിൽ തങ്ങേണ്ടി വരും എന്ന പേടി മാറി.ഇംഫാലിൽ എത്തിയപ്പോൾ രാത്രി പത്തു മണിയായി. നാളെയും ഹർത്താലാണ് .രാവിലെ ഗൊഹാത്തിയിലേക്ക് പോകണം. വിമാനം കിട്ടുമോ എന്തോ?


യാത്രകൾ അങ്ങിനെയാണ് അത് പലപ്പോഴും നമ്മെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടും.


(അവസാനിച്ചു)