കാലാപഭൂമിയിലേക്കൊരു യാത്ര

ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടർന്ന് ദില്ലിയി നടന്ന സിക്ക് വിരുദ്ധ കലാപ സമയത്ത് കലാപഭൂമിയിലൂടെ നടത്തിയ യാത്രയുടെ ഓർമ്മകളാണ് അടുത്ത ദിവസങ്ങളിലായി വിവരിക്കുന്നത്...

Part 1

അൽ വത് ബ(Al wath ba) യിലെ ഒട്ടകങ്ങളുടെ ഓട്ട മൽസരത്തിനുള്ള വേദി (Camel Grand stand) യുടെ പണി പൂർത്തിയായി വരുന്നേയുള്ളു. ഉദ്ഘാടനത്തിനായി ഷെയ്ക്ക് സായിദ് തന്നെയാണ് വരുന്നത്.

ഇതിനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് അദ്ദേഹം ഇവിടെ വരുമ്പോൾ വിശ്രമിക്കാനായി ഒരു വീടും പ്രാർത്ഥിക്കാനായി ഒരു പള്ളിയും വേണമെന്ന ആവശ്യം ഉയർന്നു വരുന്നത്. ഇനി തൊണ്ണൂറു ദിവസം മാത്രമെ ബാക്കിയുള്ളൂ അതിനകം പണി പൂർത്തിയാക്കണം.

ഇതിനിടയിലാണ് അഡ്മിനിട്രേഷൻ മേനേജർ ജോൺ ബാർക്കർ എന്ന വിളിപ്പിക്കുന്നത്. തൻ്റെ തിരിയുന്ന കസേരയിലിരുന്ന് മുഖത്ത് കൈകൾ ഊന്നി ശരീരഭാരം മുഴുവനും മേശമേൽ ആഴ്ത്തി, അയാൾ പറഞ്ഞു. കമ്പനിയുടെ മുത്തശ്ശാരി, ഇന്ദർസിങ്ങ് മരണവുമായി മല്ലിട്ടു കൊണ്ടിരിക്കയാണ്.വീട്ടിൽ പോണം എന്നൊരു ആഗ്രഹം മാത്രമാണ് അയാൾക്കുള്ളത്. അയാളുടെ സംഭാഷണത്തിൽ നിറയെ വീടിൻ്റെ മണം പറ്റി നിൽക്കുന്നുണ്ട്. ഇന്ദർസിങ്ങിനെ മരിക്കുന്നതിനു മുൻപ് അയാളുടെ ജലന്തറിലുള്ള വീട്ടിലെത്തിക്കണം. ബോബൻ ആ ഉത്തരവാദിത്വം ഏറ്റെടുക്കണം.

പേഴ്സണൽ ഡിപ്പാർട്ട്മെൻ്റ് ചെയ്യേണ്ട ജോലി എന്തുകൊണ്ട് എന്നെ ഏൽപ്പിക്കുന്നു എന്നോർത്ത് ഒരു നിമിഷം അമ്പരന്നു നിന്നു.ഞാനാണെങ്കിൻ ഇന്നു വരെ ദില്ലിയൊ പഞ്ചാബോ കണ്ടിട്ടുമില്ല. അങ്ങിനെയാണ് കലാപഭൂമായി ലേക്കുള്ള എൻ്റെ യാത്ര ആരംഭിച്ചത്.

മരണത്തിൻ്റെ ഇരുളും നിഴലും പതിഞ്ഞ കാൻസർ വാർഡിൽ വെച്ചാണ് ഞാൻ ഇന്ദർസിംഗിനെ ആദ്യം കാണുന്നത്.പുറത്ത് സൂര്യൻ അസ്തമിക്കുകയായിരുന്നു. മരണത്തെക്കുറിച്ചും വീടിനെക്കുറിച്ചും ഉള്ള പല പല ചിന്തകൾ അയാളുടെ മനസ്സിനെ ഞ്ഞെരിക്കുന്നുണ്ടാകും. അന്നെന്നോട് ഒറ്റ വാക്കു പോലും അയാൾ സംസാരിച്ചില്ല. എന്നിട്ടും അയാളുടെ മുഖത്ത് ആശങ്കകളും ഭയവും മാറി മാറി വരുന്നത് എനിക്ക് കാണാമായിരുന്നു. "വീട്ടിൽ എത്തുക " എന്ന ഒറ്റ ലക്ഷ്യമാണ് അയാളിൽ ജീവൻ്റെ തുടിപ്പുകൾ ഇപ്പോഴും നിലനിർത്തുന്നത്.വീടിൻ്റെ തുടിപ്പുകൾ നിറഞ്ഞ ഓർമ്മകൾ മനസ്സിൻ്റെ അടിത്തട്ടിൽ അമർത്തി വെച്ചായിരുന്നു അയാൾ ഇത്രയും കാലം ഒറ്റപ്പെട്ട "ദാസ് ഐലൻ്റ് " എന്ന ദ്വീപിൽ ജോലി ചെയ്തിരുന്നത്, ആശാരിയുടെ വീടോർമ്മകൾ കൊട്ടു വടി കൊണ്ട് അയാളുടെ ഹൃദയത്തിൽ എപ്പോഴും തട്ടിക്കൊണ്ടിരുന്നു .

ഇനി ഇന്ദർസിംഗിനെ നാട്ടിലെത്തിക്കേണ്ടത് എൻ്റെ ഉത്തരവാദിത്വമാണ്. കാൻസർ ബാധിച്ച് അപകടാ വസ്ഥയിലുള്ള ഒരാൾക്ക് പ്ലെയ്നിൽ കയറാൻ ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണം. അങ്ങിനെ ഒരാൾക്ക് ഒറ്റക്ക് ഇന്ത്യയിലേക്ക് പോകാൻ കഴിയില്ല. അതു കൊണ്ടു തന്നെ ഇയാളെ ജലന്തറിലുള്ള വീട്ടിലെത്തിക്കുക എന്നത് എൻ്റെ ഉത്തരവാദിത്വമാണ്. ഇനി ഇത് നടപ്പാക്കേണ്ടത് ഞാനാണ്. മഫ്റക് ഹോസ്പ്പിറ്റലിൽ നിന്നും ഇറങ്ങുമ്പോൾ ഈ മൂത്താശാരിയുടെ കാര്യത്തിൽ കമ്പനി എന്തിനാണ് ഇത്രയും താത്പര്യം എടുക്കുന്നത് എന്നായിരുന്നു എൻ്റെ ചിന്ത. എത്രയോ പേരെ ശവപ്പെട്ടിയിലാക്കി ഇവിടെ നിന്നും അയച്ചിട്ടുണ്ട്. ജോൺ ബാർക്കറുടെ വ്യക്തിപരമായ താത്പര്യമായിരിക്കാം അത്. മനുഷ്യവിഭവശേഷി കൈകാര്യം ചെയ്യുന്ന ഒരാളുടെ കഴിവ് ഓരോരുത്തരേയും മനസ്സിലാക്കുക എന്നതു തന്നെയല്ലേ?

Part 2

രോഗിയായ ഒരാൾക്ക് പ്ലെയിനിൽ ടിക്കറ്റ് കിട്ടാൻ ആശുപത്രിയിൽ നിന്നുള്ള കത്ത് വേണം. ആശുപത്രിയിലെ ഈജിപ്ഷ്യൻ ഡോക്ടർ കത്തു തരാൻ തയ്യാറല്ല. രോഗി, അത്രക്കും അവശനാണ് എന്നാണ് അയാളുടെ ഭാഷ്യം. ഒടുവിൽ അവിടത്തെ മുതിർന്ന ഡോക്ടറായ പിള്ളയെക്കൊണ്ട് ആശുപത്രിയുടെ മുതീറുമായി സംസാരിച്ചാണ് പ്രശ്നം പരിഹരിച്ചത്.അപ്പോഴേക്കും രണ്ടു ദിവസം കൂടി കഴിഞ്ഞു. എഴുത്തുമായി എയർ ഇന്ത്യയിൽ പോയി ഓഫീസിൽ എത്തിയപ്പോഴാണ് ഇന്ദിരാഗാന്ധി, സുരക്ഷാ ഭടന്മാരാൽ കൊല്ലപ്പെട്ട വിവരം ബി.ബി.സി അറിയിക്കുന്നത് .

അടുത്ത ദിവസം വൈകിയിട്ടായിരുന്നു ദില്ലിയിലേക്കുള്ള പ്ലെയിൻ .കാലത്തു തന്നെ മഫ്റക്ക് ഹോസ്പിറ്റലിൽ പോയി. ഇന്ദർസിംഗിനെ ഡിസ്ചാർജ് ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. അയാളെയും കൊണ്ട് നാലു മണിയോടെ ദില്ലിയിലേക്ക് പോകാനായി അബുദാബി എയർപോർട്ടിൽ എത്തിയപ്പോഴാണ് ദില്ലിയിലെക്കുള്ള വിമാനങ്ങൾ മുഴുവൻ റദ്ദാക്കിയ വിവരം അറിയുന്നത്. രോഗിയെ ആശുപത്രിയിൽ നിന്നും ഡിസ്ച്ചാർജ് ചെയ്തു കഴിഞ്ഞു.ഇനി അങ്ങോട്ട് പോകാനാവുകയില്ല.ദില്ലിയിലേക്ക് പ്ലെയിനുമില്ല .ഈ വാർത്ത കാൻസർ രോഗിയായ ഇന്ദർസിംഗിനെ വല്ലാതെ തളർത്തി. അയാൾ ഞ്ഞെരിയാനും മൂളാനും തുടങ്ങി. ഒടുവിൽ രോഗിയേയും കൊണ്ട് മുസാഫയിലുള്ള കമ്പനിയുടെ ലേബർ ക്യാമ്പിലേക്ക് പോയി. അവിടെ ഒരു മുറി തയ്യാറാക്കി അതിൽ കിടത്തി.മൂന്നു ദിവസത്തിനു ശേഷമാണ് ബോംബെ വഴി ദില്ലിയിലേക്കുള്ള ടിക്കറ്റ് ലഭിക്കുന്നത്.

മൂന്നു ദിവസത്തിനു ശേഷമാണ് ബോംബെ വഴി ദില്ലിയിലേക്കുള്ള പ്ലെയ്റ്റ് ടിക്കറ്റ് ലഭിച്ചത്. ബോംബെയിൽ ഇറങ്ങി അടുത്ത ദിവസം ദില്ലിക്ക് പോകണം. മറ്റ് മാർഗ്ഗങ്ങളില്ലാത്തതിനാൽ യാത്ര തുടരാൻ തീരുമാനിച്ചു.ചെക്കിങ്ങ് ചെയ്യേണ്ട സമയത്തിൻ്റെ അവസാന നിമിഷമാണ് എയർപ്പോർട്ടിൽ എത്തിയത്. സിംഗപ്പൂർ എയർലൈൻസിലുള്ള സ്വാമിനാഥൻ അതിനുള്ള ഏർപ്പാടുകൾ ചെയ്തിരുന്നു. പ്ലെയ്നിലെ ഇടുങ്ങിയുള്ള ഇരിപ്പ് രോഗിയായ ഇന്ദർസിംഗിനെ കൂടുതൽ അസ്വസ്ഥനാക്കി. ബോംബെയിൽ പ്ലെയിനിറങ്ങി. സെഞ്ചുർ ഹോട്ടലിലാണ് താമസം ഏർപ്പാടാക്കിയിട്ടുള്ളത്. രാത്രിയിൽ സിംഗ് കൂടുതൽ അസ്വസ്ഥനായികാണപ്പട്ടു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുമ്പോൾ രോഗിക്ക് നൽകേണ്ട ശുശ്രൂഷകളെക്കുറിച്ചുള്ള കുറിപ്പും മരുന്നും തന്നയച്ചിരുന്നു.അതു കൊണ്ടു തന്നെ ഹോട്ടലിൽ പറഞ്ഞ് ഡോക്ടറെ വരുത്തി, മരുന്നും ഇഞ്ചക്ഷനും നൽകി. രാത്രി ഭക്ഷണമൊന്നും അയാൾ കഴിച്ചില്ല.ഡോക്ടർ തുടർ യാത്ര വിലക്കിയെങ്കിലും ബോംബെയിൽ തങ്ങാൻ പറ്റാത്തതു കൊണ്ട് അടുത്ത ദിവസം ഉച്ചയോടെ ദില്ലിക്കു പുറപ്പെട്ടു .

ദില്ലി എയർപ്പോർട്ടിൽ നിറയെ പട്ടാളക്കാരായിരുന്നു

ഇന്ദർസിംഗുമായി അന്ന് ഉച്ചയോടെ ദില്ലി എയർപ്പോർട്ടിലെത്തി.പ്ലെയിനിൽ വെച്ച് അയാൾക്ക് ശ്വാസം മുട്ടൽ അനുഭവപ്പെട്ടു. എയർഹോസ്റ്റസ് അയാൾക്ക് ശ്വസിക്കാനായി ഓക്സിജൻ മാസ്ക് ഘടിപ്പിച്ചു കൊടുത്തു.മറ്റു യാത്രക്കാർ ഇതു കണ്ട് അമ്പരന്നു. പ്ലെയ്നിൽ ഒരു രോഗി ഉണ്ടെന്ന വിവരം അവർ ദില്ലി എയർപ്പോർട്ട് അതോറട്ടിയെ അറിയിച്ചിരുന്നു. പ്ലെയിൻ ഇറങ്ങുന്നിടത്ത് അവർ വീൽ ചെയറുമായി കാത്തു നിന്നു

ദില്ലി എയർപ്പോർട്ടിൽ നിറയെ പട്ടാളക്കാരായിരുന്നു .മരണം പടിവാതിൽക്കൽ നിൽക്കുന്ന ഒരാളെ വീൽചെയറിലിരുത്തി അവരുടെ ഇടയിലൂടെ ഞാൻ അങ്ങോട്ടും ഇങ്ങാട്ടും നടന്നു.എല്ലാ വാതിലുകളിലും മുട്ടി. വീൽചെയറിലിരിക്കുന്ന സർദാർജിയുടെ മുഖത്ത് നോക്കാൻ പോലും ആരും തയ്യാറല്ല. ഒരു നികൃഷ്ടജീവിയെപ്പോലെയാണ് ആളുകൾ പെരുമാറുന്നത്. അത്രക്കും ശക്തമായിരുന്നു അന്നത്തെ സിക്ക് വിരുദ്ധ വികാരം. ഞാനെന്തോ വലിയ തറ്റു ചെയ്യുന്നു എന്ന മുഖഭാവമായിരുന്നു അവരിലെല്ലാം .

Part 3

എൻ്റെ നിസ്സഹായതയും പരക്കംപാച്ചിലും കണ്ട് ഇന്ദർസിംഗും അസ്വസ്ഥനായി. എന്താണ് ചുറ്റും സംഭവിച്ചുകൊണ്ടിരിയുന്നതെന്ന് അയാൾക്ക് മനസ്സിലാകുന്നില്ല. വല്ല പാസ്പോർട്ട് പ്രശ്നങ്ങളുമാകും എന്നാണ് ആ പാവം കരുതിയത്. എത്രയും പെട്ടെന്ന് വീട്ടിൽ എത്തണമെന്ന ചിന്ത മാത്രമെ ആ മനുഷ്യനുള്ളു. വീടിന്, കെട്ടിടത്തേക്കാൾ ആഴവും പരപ്പും ആ മൂത്തശ്ശാരിയുടെ മനസ്സിലുണ്ട്. അവിടെ താമസിക്കുന്ന ലഭിക്കാത്തതിനേക്കാൾ ആഴമുള്ള സ്വപ്നങ്ങളാണ് പ്രവാസിയാകുമ്പോൾ മനസ്സിൽ അടിഞ്ഞുകൂടുന്ന ഓർമ്മകൾ. വീൽ ച്ചെയറിലിരുന്ന് അസ്വസ്ഥമായ ചിന്തകളിലേക്ക് അയാൾ വീണ്ടും ചക്രം ഉരുട്ടി.

ദില്ലി എയർപ്പോർട്ടിൽ എത്തുന്നവരെ അവിടെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന അറിവ് എനിക്കുണ്ടായിരുന്നില്ല. അബുദാബി ടെലിവിഷനിൽ ഇന്ദിരാഗാന്ധിയുടെ ശവസംസ്കാരച്ചടങ്ങും രാജീവ് ഗാന്ധിയുടെ സത്യപ്രതിജ്ഞാ ചടങ്ങും കാണിച്ചിരുന്നു. ബോബെയിലെ ഹോട്ടലിൽ കിട്ടിയ പത്രത്തിലാണ്‌ " ദില്ലി കത്തുന്നു" എന്ന തലക്കെട്ട് കണ്ടത്. തിരക്കു കാരണം പത്രം വായിക്കാൻ കഴിഞ്ഞില്ല.

പുറത്ത് കർഫ്യൂ നിലനിൽക്കുന്നുണ്ടത്രെ!

ടാക്സിക്കാർ ആരും ഒരു സർദാർജിയേയും കൊണ്ട് പഞ്ചാബിലേക്ക് യാത്ര ചെയ്യാൻ തയ്യാറല്ല.ഒടുവിൽ കശ്മീർ സ്വദേശിയായ ഒരു ഖാൻ ആ ദൗത്യം ഏറ്റെടുക്കാൻ തയ്യാറായി.

എയർപ്പോ:ർട്ടിനകത്തുള്ള പോലെത്തന്നെ പുറത്തും ധാരാളം പോലിസും പട്ടാളവും നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ പാസ്പോർട്ടും ടിക്കറ്റും വീണ്ടും പരിശോധിച്ച ശേഷമാണ് അവർ ഞങ്ങളെ കാറിൽ കയറാൻ അനുവദിച്ചത്. എയർപ്പോർട്ടിൻ്റെ കവാടത്തിനടുത്തു തന്നെ ഒരു ടാക്സി കാർ പകുതി കത്തിയനിലയിൽ കിടക്കുന്നുണ്ടായിരുന്നു.ഇതു കണ്ട ഖാൻ പറഞ്ഞു "ഇത് ഞങ്ങളുടെ നാട്ടിലെ പതിവു കാഴ്ച്ചയാണ് വെടിവെപ്പും കർഫ്യൂവും നിരോധനാജ്ഞയും മറ്റും. അതിലൂടെയാണ് ഞങ്ങൾ വളർന്നത്.അള്ളായുടെ കൃപയുണ്ടെങ്കിൽ ജലന്തറിലെ വീട്ടിലെത്തും. മരിക്കാരായ ഒരാളെ വീട്ടിലെത്തിക്കുക. അത് ദൈവം തന്ന നിയോഗമാണ്.

സമയം സന്ധ്യയാകാറായിരിക്കുന്നു. തെരുവുവിളക്കുകൾ കത്താൻ തുടങ്ങിയിട്ടില്ല. കാറിനകത്തേക്ക് തണുത്ത കാറ്റ് വീശാൻ തുടങ്ങിയിട്ടുണ്ടായിരുന്നു. ഞങ്ങൾ വണ്ടിയുടെ ചില്ലുകൾ ഉയർത്തി. വഴിയിലെ കടകളൊന്നും തുറന്നിട്ടില്ല. വണ്ടി കുറച്ചു കൂടി മുന്നോട്ടു നീങ്ങിയപ്പോൾ റോഡിൽ മൂന്നു നാലു ഓട്ടോറിക്ഷകൾ കത്തിച്ച നിലയിൽ കണ്ടു. അതിനടുത്തായി പട്ടാളക്കാരും നിൽക്കുണ്ടായിരുന്നു. ഓട്ടോറിക്ഷയിലെ തീ ഇനിയും കെട്ടടങ്ങിയിട്ടില്ല. ആരും അത് അണക്കാൻ ശ്രമിക്കുന്നുമില്ല. പട്ടാളക്കാർ ഞങ്ങളോട് വണ്ടി നിറുത്താൻ ആവശ്യപ്പെട്ടു.പാസ്പോർട്ടും ആശുപത്രി രേഖകളും കാണിച്ചപ്പോൾ വെറുതെ വിട്ടു. ഡ്രൈവർക്ക്, സൂക്ഷിച്ചു പോകണം എന്നൊരു മുന്നറിയിപ്പും നൽകി.

Part 4

വണ്ടി, കുറച്ചു കൂടി മുന്നോട്ടു പോയി.ഖാൻ ,വണ്ടി പെട്ടെന്ന് തിരിച്ച് മറ്റൊരു വഴിയിലേക്കെടുത്തു.റോഡിനരികിൽ കുറച്ചു പേർ വട്ടം കൂടി നിൽക്കുന്നുണ്ടായിരുന്നു.അതു കണ്ടിട്ടാണ് അയാൾ വണ്ടിയുടെ ദിശ മാറ്റിയത്. കുറച്ചു കഴിഞ്ഞപ്പോൾ വണ്ടി പഴയ മെയിൻ റോഡിൽ വീണ്ടുംവന്നു കയറി.വാഹനം പിന്നെയും മുന്നോട്ടു പോയി.ഖാൻ കാർ പെട്ടെന്ന് ബ്രെയ്ക് ചവുട്ടി നിറുത്തി. എതിർ ദിശയിലെ വഴിയിൽ ഒരാൾ വണ്ടി തട്ടി കിടക്കുന്നുണ്ട്.അടുത്തു തന്നെ ഒരു ടാക്സിയും കിടക്കുന്നുണ്ട്. അതു കണ്ട് അയാൾ അള്ളാഹുവിനെ വിളിച്ച് പ്രാർത്ഥിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ ദില്ലിയിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അയാൾ പറഞ്ഞു. കൂടുതലും ടാക്സി ഡ്രൈവർമാരായ സർദാർജികളായിരുന്നു.മനുഷ്യൻ എന്നാണ് ഈ കുരുതി അവസാനിപ്പിക്കുകയെന്ന് അയാൾ നെടുവീർപ്പിട്ടു. തൻ്റെ സഹോദരൻ പട്ടാളക്കാരുടെ ട്രക്ക് ഇടിച്ച്, കുടൽ പുറത്തുചാടി ദിവസങ്ങളോളം മഞ്ഞിൽ ഉറഞ്ഞൂ കിടന്ന കാര്യം അയാൾ ഓർത്തു. ഒറ്റ പട്ടാളക്കാരനും അയാളെ രക്ഷിച്ചില്ലത്രെ! മൂന്നു ദിവസം കഴിഞ്ഞാണ് മയ്യത്ത് വീട്ടിലെത്തിച്ചത്.

വണ്ടി, മുന്നോട്ടു പോയ്ക്കൊണ്ടിരുന്നു. ഏതൊ ക്രിസ്ത്യൻ സ്കൂളിൻ്റെ ബോർഡ് കണ്ടു. അതിനടുത്തായി ഒരു കുരിശിനു കീഴെ, ഈ തണുത്ത കാറ്റിലും കെടാതെ ഒരു മെഴുകുതിരി നീറി ഉരുകുന്നുണ്ടായിരുന്നു. തൊട്ടടുത്തായി റോഡിൽ ടയർ കൂട്ടിയിട്ട് കത്തിക്കുന്നുണ്ട്. അവിടെ കുറച്ചു യുവാക്കൾ നിൽക്കുന്നു. അവർ വാഹനം നിറുത്താൻ പറഞ്ഞു. വണ്ടിയുടെ മുൻ സീറ്റിൽ ബുൾഗാൻ താടി വെച്ച ഞാനും ഡ്രൈവർ സീറ്റിൽ ഒരു മുസ്ലീമും ഇരുക്കുന്നത കണ്ട് ഞങ്ങളോട് പൊയ്ക്കൊള്ളാൻ പറഞ്ഞു. പിന്നിൽ മൂടിപ്പുതച്ച് കിടക്കുന്ന സർദാർജിയെ അവർ ശ്രദ്ധിക്കാത്തത് ഞങ്ങളുടെ ഭാഗ്യം.

ദില്ലി തെരുവുകളുടെ കരിഞ്ഞ ഭീകര കാഴ്ച്ചകൾ പിന്നിട്ട് വണ്ടി അതിർത്തി കടന്നു.മൂക്കിൽ നിന്നും പുക മണം അകന്നു. നെൽപ്പാടങ്ങളുടെ പരപ്പിലൂടെയാണ് പാത പോകുന്നത്. ആകാശം നീല പുതപ്പിൽ പൊതിഞ്ഞു കിടക്കുന്നു. പച്ചപ്പാടം നോക്കുന്നിടം വരെ നീണ്ടു കിടന്നു. ഇടക്കിടെ ചില മൺപാതകൾ ഇരുണ്ട വര പോലെ കാണപ്പെട്ടു. രണ്ടോ മൂന്നോ കിലോമീറ്റർ പോകുമ്പോഴും സുരക്ഷാ സേനയുടെ റോഡ് ബ്ലോക്കുകൾ ഉണ്ട്.അവിടെയെല്ലാം വണ്ടി നിറുത്തി പരിശോധിക്കണം. കലാപം നടന്ന ദില്ലിയിലല്ല ഹരിയാനയിലും പഞ്ചാബിലുമാണ് കൂടുതൽ പരിശോധന എന്നത് ആശ്ചര്യമുണ്ടാക്കി.

.ഖാൻ ,വണ്ടി പ്രധാന നിരത്തിൽ നിന്നും മാറിയുള്ള ചെറിയ വഴിയിലേക്കെടുത്തു.തുടരെയുള്ള സുരക്ഷാ പരിശോധന അയാളിൽ മടുപ്പ് ഉണ്ടാക്കിയിട്ടുണ്ടാകും.

ആകാശത്തിൻ്റെ കാർവർണ്ണ പരപ്പിനും ഭൂമിയുടെ പച്ചപ്പിനും ഇടയിലൂടെ വണ്ടി ചാടിയും കുലുങ്ങിയും നീങ്ങി. വണ്ടിയുടെ കുലുക്കത്തിൽ ഇന്ദർസിംഗ് അസ്വസ്ഥനായി ഞ്ഞെരുങ്ങാൻ തുടങ്ങി.അതിസുന്ദരമായ ദൃശ്ശ്യങ്ങളാണ് ചുറ്റും .പക്ഷെ എൻ്റെ കണ്ണ് വേദാപൂർവ്വം തറച്ചിരിക്കുന്നത് ഇന്ദർസിംഗിൻ്റെ ശരീരത്തിലാണ്. അവിശ്വാസവും അതിശയവും നിറഞ്ഞ കണ്ണുകളോടെ അയാളിലേക്കു തന്നെ ഞാൻ നോക്കിയിരുന്നു.ബ്ലഡ് കാൻസർ ബാധിച്ച് ഉടനെ മരിക്കുമെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ വ്യക്തിയാണ് കഴിഞ്ഞ അഞ്ചാറു ദിവസമായി എനിക്കൊപ്പം ചിലവഴിക്കുന്നത്. മരണത്തിനു മുന്നിലും പതറാതെ തന്നെ വീട് ലക്ഷ്യമാക്കിയുള്ള അയാളുടെ പ്രയാണം എന്നെ വല്ലാതെ അമ്പരപ്പിച്ചിരിക്കുന്നു.

Part 5

വഴിയിൽ ഒരിടത്ത് ഇഷ്ടിക കൊണ്ട് പണിത ഒരു ചെറിയ കെട്ടിടമുണ്ട്.അവിടെ ഒരു ചായക്കട പ്രവർത്തിക്കുന്നുണ്ട്. ഞങ്ങൾ അവിടെ കയറി ധാരാളം പഞ്ചസാരയും എരുമപ്പാലും ചേർത്ത ചായ കുടിച്ചു. രണ്ടു മൂന്നു പാവം പിള്ളേരാണ് അവിടെ എല്ലാം ചെയ്യുന്നത്.മുതിർന്നവരെ ആരെയും അവിടെ കണ്ടില്ല - ഞങ്ങൾ കാശ് കൊടുത്ത് പോകാൻ തുടങ്ങുമ്പോൾ സ്ഥലത്തെ പ്രധാന ദിവ്യൻ അവിടെ പ്രത്യക്ഷപ്പെട്ട് ഞങ്ങളോട് പണം ആവശ്യപ്പെട്ടു.ഗുണ്ടാ പിരിവാണ്. പാക്കിസ്ഥാനിൽ നിന്ന് ലഹരിമരുന്ന് കടത്തുന്നവരാണ് ഈ പാതയിലെ പ്രധാന യാത്രക്കാർ. അവരെ ലക്ഷ്യം വെച്ചാണ് അയാളുടെ പണപ്പിരിവ്. ഡ്രൈവർ കാര്യം പറഞ്ഞ് മനസ്സിലാക്കി.ഗുണ്ട പിറുപിറുത്തു കൊണ്ട് സ്ഥലം വിട്ടു:

പാടവരമ്പത്തും കുളക്കടവിലും കുന്നിൻ ചെരുവിലുമായി പഞ്ചാബിൻ്റെ സ്വതന്ത്ര കാലത്തിൻ്റെ ഓർമ്മകൾ ഇപ്പോഴും ചിതറിക്കിടക്കുണ്ട്. ഇപ്പോൾ അവിടെ, ഒരു തരം അശാന്തി പരന്നു നിൽക്കുന്നു .എപ്പോഴും എന്തോ സംഭവിക്കും എന്ന ഭീതി. വടക്കേ ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളുടെ മനസ്സിലും തിളക്കാനും ഉരുകാനും കെൽപ്പുള്ള അഗ്നിപർവ്വതങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട് .കള്ളക്കടത്തും ഭീകരപ്രവർത്തനവും വർഗീയതയും അവക്കു മുകളിൽ കരിമ്പടം പുതച്ചു കിടക്കുകയാണ്. ഒന്ന് പൊട്ടിത്തെറിക്കാൻ തീരുമാനിച്ചാൽ ഈ കാണുന്ന പച്ചപ്പിൻ്റെ പുറംമോടിയൊക്കെ ഇല്ലാതാകും.

ഇടവഴിയിലൂടെയുള്ള യാത്ര അവസാനിപ്പിച്ച് ഞങ്ങൾ പ്രധാന നിരത്തിൽ പ്രവേശിച്ചു. സായുധ സേനയുടെ അംഗങ്ങൾതോക്കുമായി ഇടക്കിടെ നിൽക്കുന്നുണ്ട്. വഴിയിൽ ഒരു ട്രക്ക് മലർന്നടിച്ച് നാലു ചക്രങ്ങളും മുകളിലായി കിടക്കുന്നു. അതിൽ നിന്നും ഫ്രൂട്ടിയുടെ പാക്കറ്റുകൾ താഴേക്ക് ചിതറിക്കിടക്കുന്നുണ്ട്. ട്രക്കിനു മുകളിലിരുന്ന് വാനരസേന ഫ്രൂട്ടി പേക്കറ്റുകൾ ചപ്പിക്കുടിക്കുന്നു. താഴെ, മൂന്നു നാല് കൂറ്റൻ എരുമകൾ മണം പിടിച്ച് നിൽക്കുന്നുണ്ട്. ഒരാളേയും അവിടെ കണ്ടില്ല. ഇത്തരം സന്ദർഭങ്ങളിൽ മണിക്കൂറുകൾ കൊണ്ട് ട്രക്ക് കാലിയാകേണ്ടതാണ്. എന്നിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ല. സായുധ സേനയുടെ കണ്ണുകൾ അവർക്കു മേൽ പതിക്കുന്നുണ്ടെന്ന പേടിയാകാം ഇതിനു കാരണം. ആളുകൾക്ക് മോഷ്ടിക്കാനുള്ള ധൈര്യം പോലും ചിലപ്പോൾ നഷ്ടപ്പെട്ടു പോകും.

വണ്ടി ജലന്ധർ പട്ടണത്തിൽ പ്രവേശിച്ചു.സിക്ക് ക്ഷേത്രത്തോട് ചേർന്നുള്ള ഭീമാകാരമായ കുളം ട്യൂബ് ലൈറ്റുകളുടെ വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്നു .ചുറ്റുമുള്ള കെട്ടിടങ്ങളുടെ വെളിച്ചവും കുളത്തിൽ പ്രതിഫലിച്ച്, അതിനെ ഒരു മനോഹരമായ ദൃശ്യമാക്കി മാറ്റുന്നു .അതൊരു കാണേണ്ട കാഴ്ച്ച തന്നെയാണ്. ഞങ്ങൾ മരണവാറണ്ടുമായാണല്ലോ യാത്ര ചെയ്യുന്നത്. അതു കൊണ്ടു തന്നെ ആ കാഴ്ച്ചയുടെ ഭംഗി നോക്കി നിൽക്കാൻ കഴിഞ്ഞില്ല.അര മണിക്കൂർ കഴിഞ്ഞപ്പോൾ വണ്ടി എരുമത്തൊഴുകൾ നിറഞ്ഞ ഇടവഴിയിലേക്ക് പ്രവേശിച്ചു.നേരം പുലരാറായിരികന്നു. സൈക്കിളിൽ പാൽപാത്രങ്ങളുമായി ആളുകൾ പോകുന്നുണ്ട്. വസ്ത്രം കൊണ്ട് തല മറച്ച് പഞ്ചാബി സ്ത്രീകൾ തെരുവിൽ പ്രത്യക്ഷപ്പെട്ടു; ധാരാളം കയർ കട്ടിലുകൾ തെരുവിൻ്റെ ഇരുവശവും ചാരി വെച്ചിട്ടുണ്ട് ഇന്ദർസിംഗിൻ്റെ വീട് ഈ ഗലിയിലാണ്. പുറം ഒരു എരുമത്തൊഴുത്തു പോലെ തോന്നുമെങ്കിലും അകം വൃത്തിയുള്ളതാണ്.

Part 6

ഞങ്ങൾ വിട്ടിലുള്ള കയർ കട്ടിലിലിരുന്നു.ഇന്ദർസിംഗിനെ അവർ പ്രതിക്ഷിച്ചിരുന്നില്ല. അയാളുടെ ഭാര്യ ദുപ്പട്ട കൊണ്ട് തല മറച്ച് വാതിലിൽ ചാരി നിന്നു. അവർക്കതൊരു അത്ഭുതമായി. അയാൾ അസുഖമായാണ് വരുന്നതെന്ന് ഞാൻ പറഞ്ഞതുമില്ല. അയാളുടെ അമ്മ ഞങ്ങൾക്കിടയിലേക്ക് വന്നു. അവരുടെ മുഖം കണ്ടാലറിയാം എൺപതു വയസ്സിനു മുകളിൽ പ്രായമുണ്ടെന്ന്. എത്ര കാലമായി അവർ ആ മകനെ അന്വേഷിച്ചു തുടങ്ങിയിട്ട്. എത്ര കാലമായി നോവുമായി അവർ കഴിയുന്നു?

അമ്മയുടെ മുമ്പിൽ അയാളുടെ അസ്വസ്ഥമായ ചിന്തകളുടെ മൗനം ഭഞ്ജിച്ചു. അയാൾ തൻ്റെ മക്കളെ ചുറ്റും നോക്കി. മകൾ എവിടെ എന്ന് ചോദിച്ചു.അതിനുള്ള ഉത്തരം ഒരു കൂട്ട നിലവിളിയായിരുന്നു.കഴിഞ്ഞ ആഴ്ച്ച സ്കൂളിൽ നിന്നും ദില്ലിക്ക് ടൂർ പോയ മകൾ ഇനിയും തിരിച്ചു വന്നിട്ടില്ല. അവർക്ക് കുട്ടികളെക്കുറിച്ച് യാതൊരു അറിവുമില്ല. പതിനെട്ട് കുട്ടികൾ ഉണ്ടായിരുന്നു സ്കൂൾ അധികൃതർ അന്വേഷിച്ചു കൊണ്ടിരിക്കയാണ്.

ഞാനൊരു വല്ലാത്ത അവസ്ഥയിലായി. മരിക്കാറായ അച്ഛൻ്റെ ഉള്ളിലെ മകളെക്കുറിച്ചുള്ള മിടിപ്പുകളാ ണോ ഈ മരണാവസ്ഥയിലും നാട്ടിൽ പോകാൻ അയാളെ പ്രേരിപ്പിച്ചത്?

നിശബ്ദത മരവിച്ചു കിടക്കുന്ന തെരുവുകളിലൂടെ ഞാൻ ദില്ലിയിലേക്ക് തിരിച്ചു.തിരിച്ചു വരുമ്പോൾ വല്ലാത്ത മൗനം എന്നെ പിടികൂടി. മരണത്തിൻ്റെ വെടിയൊച്ച ഇത്രയും നിശ്ശബനമാണോ? എന്നെ വല്ലാതെ ഉലച്ചു ആ അവസ്ഥ!

ദുരന്തത്തിൻ്റെ ഫലം അനുഭവിക്കാൻ വിധി ബാക്കി വെച്ച എത്രയോ പേർ ഇപ്പോഴും ഈ തെരുവിലൂടെ നടക്കുന്നുണ്ടാകും. തികഞ്ഞ നിശബ്ദതയാണ് പഞ്ചാബിലെ തെരുവുകളിൽ ഞാൻ കണ്ടത്. എന്താണ് സംഭവിച്ചതെന്നു് എല്ലാവർക്കും അറിയാം. ആരാണ് ഉത്തരവാദി എന്നും അറിയാം.എന്നാൽ ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടായില്ല.

കുട്ടികൾ സൈക്കിൾ ചവിട്ടി മരണക്കിണറിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ ആ ദിവസങ്ങളിൽ എൻ്റെ സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നു.ജാലിയൻവാല ബാഗിലെ കിണറിൽ നിന്ന് ആരോ തലയുയർത്തി നോക്കി, അട്ടഹസിക്കുന്നതായും എനിക്കു തോന്നി.

സുവർണ്ണ ക്ഷേത്രത്തിലെ പട്ടാള പ്രവേശനത്തിനു ശേഷം സുരക്ഷാ സേനയിൻ നിന്ന് സർദാർജികളെ ഒഴിവാക്കുന്നതാണ് നല്ലതെന്ന ഇൻ്റലിജൻസ് ഉപദേശം ഇന്ദിരാഗാന്ധി തള്ളിക്കളഞ്ഞതാണ് അവരുടെ കൊലപാതകത്തിൽ കലാശിച്ചത്.ചരിത്രത്തിൻ ഇത്തരം കൊലപാതകങ്ങൾ ധാരാളമുണ്ട്

ചൈനയിൽ പണ്ട് ഇത്തരം ചതികളെ അതിജീവിക്കാൻ അവർ ശിഖണ്ഡികളെയാണ് രാജാവിൻ്റെ സുരക്ഷയുടെ പ്രധാന ജോലികൾക്ക് നിയോഗിച്ചിരുന്നത്. കുട്ടികളെ ചെറുപ്പത്തിൽ തന്നെ പിടികൂടി അവരുടെ ലിംഗവും വൃഷണങ്ങളും വേർപ്പെടുത്തുക എന്നതായിരുന്നു അന്നത്തെ രീതി.ഈ പ്രാകൃത ശസ്ത്രക്രിയയെ അതിജീവിക്കുന്ന കുട്ടികളാണ് വലുതാകുമ്പോൾ കൊട്ടാരത്തിലെ വിശിഷ്ട കാവൽക്കാരായി നിയോഗിക്കപ്പെട്ടിരുന്നത്. ചെറുപ്പത്തിൽ ലൈംഗീക അവയവങ്ങൾ വിച്ഛേദിച്ചുകഴിഞ്ഞാൽ പുരുഷ സ ഹ ജമായ ഹോർമോണുകൾ വറ്റുകയും അതോടെ അവർ വളർത്തുനായ്ക്കളെപ്പോലെ യജമാനൻ്റെ വിശ്വസ്തരാവുകയും ചെയ്യും. ചാഞ്ചല്യങ്ങളില്ലാതെ ജോലി നിർവ്വഹിക്കാനുള്ള മനക്കരുത്താണ് ഇത് അവർക്ക് നൽകുന്നത്. ഇതാണ് ഭരണതന്ത്രത്തിൻ്റെ വിലപ്പെട്ട കണ്ണിയായി ഇവരെ മാറ്റാൻ രാജാക്കന്മാരെ പ്രേരിപ്പിച്ചത് ഭാവിയിൽ ഇത്തരം വിശ്വസ്തരെ സൃഷ്ട്ടിക്കാൻ പുതിയ ഹോർമോൺ ചികിൽസകൾ ശാസ്ത്രം കണ്ടെത്തി കൂടെന്നില്ല.

ഒരു വ്യക്തി ചെയ്യുന്ന തെറ്റിന് ഒരു സമൂഹത്തെ മുഴുവൻ ശിക്ഷിക്കുന്നത് ശരിയാണോ?

ദില്ലി കാഴ്ച്ചകൾ കുറേ കാലം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു.

(അവസാനിച്ചു)