സ്റ്റീവ് ജോബ്സും ഞാനും

സ്റ്റീവ് ജോബ്സിൻ്റെ കഥ വായിക്കുന്നതു വരെ ഈ ലോകത്തിലെ ഏറ്റവും ഭ്രാന്തനായ വ്യവസായി ഞാനാണെന്നാണ് ഞാൻ കരുതിയിരുന്നത്. ഈ പുസ്തകം എന്നെ എൻ്റെ വ്യവസായകാലത്തേക്ക് വീണ്ടും കൂട്ടിക്കൊണ്ടു പോയി.....

Part 1

സ്റ്റീവ് ജോബ്സിൻ്റെ കഥ വായിക്കുന്നതു വരെ ഈ ലോകത്തിലെ ഏറ്റവും ഭ്രാന്തനായ വ്യവസായി ഞാനാണെന്നാണ് ഞാൻ കരുതിയിരുന്നത്.

എന്നാൽ വാൾട്ടർ ഐസക്സൺ എഴുതിയ സ്റ്റീവ് ജോബ്സിൻ്റെ ജീവിത കഥ വായിച്ചപ്പോഴാണ് എന്നേക്കാൾ വലിയ വട്ടന്മാരും വ്യവസായികളായി തിളങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞത്. വിപ്ലവവും ,കവിതയും, ചിത്രരചനയും കടന്നാണ് ഞാൻ വ്യവസായി ആയത്. എന്നാൽ അമേരിക്കയിലെ വെസ്റ്റ് കോസ്റ്റിൽ നിന്നുള്ള കഞ്ചാവ് പുകക്കുകയും ചെരിപ്പിട്ട് നടക്കുകയും ചെയ്യുന്ന വ്യത്യസ്ത കാഴ്ച്ചപ്പാടുകൾ ഉള്ള അനവധി യുവാക്കളായിരുന്നു ഇരുപത്തി ഒന്നാം നൂറ്റാണ്ടിൻ്റെ സൃഷ്ടാക്കളായി മാറിയത് എന്ന അറിവാണ് ഈ പുസ്തകം നൽകിയത്.ഇതിനെക്കാൾ നല്ലത് എന്ത് എന്ന അന്വേഷണമായിരുന്നു എഴുപതുകളിലെ എൻ്റെ തലമുറയെ പുതിയ കവിതയിലേക്കും നക്സലിസത്തിലേക്കും ആകർഷിച്ചത്. ആഅന്വേഷണമായിരുന്നു എന്നെ പിന്നീടൊരു വ്യവസായിയും എഴുത്തുകാരനുമാക്കിയത്. അന്നോളം നിലവിൽ വരാത്ത ഒരു ലോകത്തെ സങ്കല്പിക്കാൻ കെൽപ്പുള്ള അരാജകത്തിൻ്റെ തായ ഒരു മനോഭാവം ആ തലമുറയിൽ രൂപപ്പെട്ടിരുന്നു.

വെസ്റ്റ് കോസ്റ്റിലെ യുവാക്കൾക്കിടയിലും ഈ അരാജകത്തിൻ്റെ ചെരുപ്പിടാത്ത നടത്തം കാണാമായിരുന്നു.

ബ്യൂറോക്രാറ്റിക് നിയന്ത്രണത്തിൻ്റെ ഉപകരണമായ കമ്പ്യൂട്ടറിനെ വ്യക്തിപരമായ ആശയ പ്രകടനത്തിൻ്റേയും, വിമോചനത്തിൻ്റെയും പ്രതീകമാക്കി മാറ്റി എടുത്തത് അവരായിരുന്നു. പേഴ്സണൽ കമ്പ്യൂട്ടറുകൾ പുതിയ "LSD" ആയി മാറി എന്നാണ് തിമോത്തി ലിയോറി പ്രഖ്യാപിച്ചത്. പിൽക്കാലത്ത് ഹാക്കർമാർ വിമോചനത്തിനുള്ള ഉപകരണമായി ഇതിനെ മാറ്റിമറിക്കുകയും ലോകത്തിനു മുന്നിൽ ഒളിപ്പിച്ചു വെച്ച ഒരു പാട് കള്ളത്തരങ്ങൾ തുറന്നു കാട്ടപ്പെടുകയും ചെയ്തു.

ഈ പുസ്തകം എന്നെ എൻ്റെ വ്യവസായകാലത്തേക്ക് വീണ്ടും കൂട്ടിക്കൊണ്ടു പോയി.

Part 2

സ്റ്റീവ് ജോബ്സിൻ്റെ 642 പേജുകളിൽ നിറഞ്ഞു നിൽക്കുന്ന ജീവിത കഥ വായിക്കുമ്പോൾ ആപ്പിളിൻ്റെ പ്രശസ്തി അയാൾക്കു നൽകിയ നിലാ തിളക്കങ്ങളുടെ കാഴ്ച്ചയിൽ നാം അകപ്പെട്ടു പോകും.

എന്നാൽ വരികൾക്കിടയിൽ അയാൾ അനുഭവിച്ച ജീവിതാനുഭവ ങ്ങളുടെ തീച്ചൂളയിൽ ഉരുകിയ ജീവിതം നമുക്ക് കാണാം. അയാളുടെ ആന്തരിക തലത്തിലെ ഉൾവേവുകൾ നിലക്കാത്ത അലച്ചിലിലേക്കും, അന്വേഷണത്തിലേക്കുമാണ് ജോബ്സിനെ കൂട്ടിക്കൊണ്ടുപോയത്. ജോബ്സിൻ്റെ ഒറ്റയാനാ

യ ജീവിതവും ഏകാന്തതയും ഇന്ത്യയിലെ ആശ്രമങ്ങളിലാണ് അയാളെ എത്തിച്ചത് .

സ്റ്റീവ് ജോബ്സ് ഒരു അനാഥനായിരുന്നു. സിറിയൻ വംശകനായ ജൻഡാലിൻ്റെയും ജർമ്മൻ വംശകയായ ജോവാൻസ്കീമ്പിൾസിൻ്റെയും മകനായി 1955 ജനിച്ചു. ജനിച്ചതും വളർന്നതും സെൻഫ്രാൻസിസ്കോയിലെ ഒരു അനാഥാ ശ്രമത്തിൽ.പോളും ക്ലാരയും ഈ കുട്ടിയെ അവിടെ നിന്നും ദത്തെടുത്ത് അവന് സ്റ്റീവ് പോൾ ജോബ്സ് എന്ന് പേരിട്ടു. അമേരിക്കയിലെ മൗണ്ടൻ വ്യൂ എന്ന കൊച്ചു പട്ടണത്തിലാണ് ഇവർ താമസിച്ചിരുന്നത്.

പോൾ ഒരു കാർ മെക്കാനിക്കായിരുന്നു .പഴയ കാറുകൾ വാങ്ങി റിപ്പെയർ ചെയ്ത് രൂപമാറ്റം വരുത്തി വിൽക്കുകയായിരുന്നു അയാളുടെ ജോലി. " പുറമെ കാണുന്ന ഭാഗങ്ങൾ മാത്രം ഭംഗിയായിൽ പോരെന്നും നമ്മൾ കാണാത്ത ഭാഗങ്ങളുടെ നിർമ്മാണത്തിലും ശ്രദ്ധ പതിപ്പിക്കണമെന്ന തത്വം" ജോബ്സിന് പറഞ്ഞു കൊടുത്തത് വളർത്തച്ഛൻ തന്നെയാണ്. ഈ തത്വം അയാൾ ആപ്പിളിൽ ഭംഗിയായി നടപ്പാക്കി.

ജോബ്സിൻ്റ പല വ്യവസായ അനുഭവങ്ങളും എൻ്റെ വ്യവസായ അനുഭവങ്ങളുമായി ചേർന്നു പോകുന്നവയാണ്. ഞാൻ ജനിച്ച് രണ്ടു വർഷം കഴിഞ്ഞാണ് ജോബ്സ് ജനിച്ചതെങ്കിലും അമേരിക്കയിലേയും ഇന്ത്യയിലേയും വ്യവസായ അന്തരീക്ഷം തികച്ചും വ്യത്യസ്തമായിരുന്നു .ബ്യൂറോക്രാറ്റിക്ക് സംവിധാനങ്ങൾ തികച്ചും വ്യത്യസ്തവുമായിരുന്നു.അതു കൊണ്ടു തന്നെ ഇന്ത്യയിലെ വ്യവസായികൾ അനുഭവിക്കുന്നതു പോലെ ബ്യൂറോക്രാറ്റിക് സംവിധാനവുമായി കലഹിച്ച് തങ്ങളുടെ സംരംഭക മികവ് മരവിപ്പിക്കേണ്ട അവസ്ഥ അവർക്കില്ലായിരുന്നു. ഉല്പ്പന്നങ്ങളുടെ ഇന്നവേഷനിലും അവയുടെ നവീകരണത്തിലും ശ്രദ്ധ ചെലുത്താൻ അവിടത്തെ വ്യവസായികൾക്ക് കഴിയുമായി രുന്നു.അതു കൊണ്ടു തന്നെ ജോബ്സിൻ്റെ കലഹങ്ങൾ ഉല്പന്നങ്ങളുടെ നിർമാണവും നവീകരണവുമായി ബന്ധപ്പെട്ടാണ് ഉണ്ടായത്.

അനാഥനായി ജനിച്ചതുകൊണ്ടാണോ ജോബ്സിൻ്റെ കണ്ണിലെ തിളക്കത്തിലും, ചിരിയിലും നിസ്സഹായതയുടെ ദൈന്യത ചെറുപ്പത്തിൽ നിറഞ്ഞു നിന്നിരുന്നത്. ഇതായിരിക്കാം വളർന്നപ്പോൾ ആളുകളുടെ മുഖത്തേക്ക് തുറിച്ചു നോക്കുന്ന രീതിയായി മാറിയത്.

ഞാൻഅനാഥനായല്ല ജനിച്ചതും വളർന്നതുമെങ്കിലും മുലപ്പാലിൻ്റെ മധുരം അധികം നുണയാൻ ഭാഗ്യമില്ലാത്ത കുട്ടിയായിരുന്നു ഞാൻ. നന്നെ ചെറുപ്പത്തിൽ തന്നെ മുലപ്പാൽ കുടിക്കാനുള്ള ഭാഗ്യം എനിക്ക് നഷ്ടപ്പെട്ടിരുന്നു.അമ്മയുടെ വയറ്റിൽ അനുജത്തി വളരാൻ തുടങ്ങിയതാണ് ആ സൗഭാഗ്യം എന്നിൽ നിന്നും അകറ്റിയത്.

പണ്ടൊക്കെ കണ്ണിൽ കരടു പോകുമ്പോൾ ചൂടുള്ള മുലപ്പാൽ കണ്ണിൽ ഒഴിക്കുക എന്നൊന്നരീതി ഉണ്ടായിരുന്നു. വലിയ കുട്ടിയായിരിക്കെ അങ്ങിനെ കണ്ണിൽ ഒഴിച്ച മുലപ്പാൽ കവിളിലൂടെ ഒലിച്ചിറങ്ങുമ്പോൾ നാക്കു കൊണ്ട് അത് രുചിച്ചു നോക്കുക എൻ്റെ പതിവായിരുന്നു.

അയൽക്കാരിയായ ബ്രിജീത്ത ചേച്ചിയുടെ മുലപ്പാലിന് മാതൃത്വത്തിൻ്റെ മധുരും എൻ്റെ കണ്ണീരിൻ്റെ ചവർപ്പും ചേർന്ന രുചിയായിരുന്നു.

യുവാവായ ജോബ്സ് പെൺകുട്ടികളുടെ പിറകെ നടക്കാതെ കമ്പ്യൂട്ടറിനെ പ്രേമിക്കാൻ തുടങ്ങി.

അയാളുടെ ജിവിതത്തിലെ ഏകാന്തതയും ഉൾ വേവുകളുമായിരിക്കാം അയാളെ അതിനു പ്രേരിപ്പിച്ചത്. ചെറുപ്പത്തിൽ ഗോട്ടി കളിക്കാനറിയാതെ, പമ്പരം കൊത്താനറിയാതെ വീടിൻ്റെ ചുറ്റുമുള്ള നാലു മതിലിനക്കത്ത് ബാല്യം ചിലവഴിച്ച എനിക്കും പ്രണയം ജീവിതത്തിൻ്റെ ഭാഗമായില്ല.

Part 3

പണമുണ്ടാക്കുന്നതിലല്ല, മഹത്തായ വസ്തുക്കൾ സൃഷ്ടിക്കുന്നതും തൻ്റെ കഴിവനുസരിച്ച് ചരിത്രത്തിൻ്റെ പ്രവാഹത്തിലും, മനുഷ്യൻ്റെ ബോധത്തിലും അവയെ പുനസൃഷ്ടിക്കുന്നതുമാണ് തൻ്റെ യും ,വ്യവസായത്തിൻ്റെയും ലക്ഷ്യം എന്ന ധാരണക്കാരനായിരുന്നു അയാൾ.

തൻ്റെ വ്യക്തിത്വ ഘടനയുടെ പരിവൃത്തത്തിൽ നിന്നു കൊണ്ടാണ് ജോബ്സ് വ്യവസായ ലോകത്തെ കണ്ടത്. വസ്തുക്കളെ നവീകരിക്കുക എന്നത് അയാളുടെ ജന്മനായുള്ള ഊർജമായിരുന്നു. വളർത്തച്ചനിൽ നിന്നാണ് അയാൾക്ക് അത് കിട്ടിയത്.

കാലത്തിനു മുൻപേ നടക്കാൻ പുതിയ തലമുറക്ക് പ്രചോദനവും, പ്രകോപനവും, ഊർജവും നൽകിയ സംരംഭകനായിരുന്നു ജോബ്സ്. സമ്പത്ത് ജീവിതത്തെ ധന്യമാക്കുകയല്ല, പലപ്പോഴും താറുമാറാക്കുകയാണ് ചെയ്യുക എന്നാണ് അയാൾ കരുതിയിരുന്നത്.

നിലത്തിരിക്കാൻ കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന ജോബ്സിൻ്റെ വീട്ടിൽ ഫർണിച്ചറുകൾ അപൂർവ്വ വസ്തുവായിരുന്നു. തികച്ചും സസ്യ ബുക്കായിരുന്നു ജോബ്സ്. പണമുണ്ടാക്കാനുള്ള ഒരു ഉപാധിയായല്ല ഞാനും വ്യവസായത്തെ കണ്ടത്. അത് തികച്ചും അപ്രതീക്ഷിതമായി സംഭവിച്ച ഒന്നായിരുന്നു. ഭോപ്പാൽ ദുരന്തത്തെക്കുറിച്ച് അബുദാബിയിൽ ഒരു ചർച്ച സംഘടിപ്പിക്കയും അതിൻ്റെ ഭാഗമായി ഒരു ചിത്രപ്രദർശനം നടത്തുകയുമുണ്ടായി. അതിൽ ഞാൻ വരച്ച ചില ചിത്രങ്ങൾ കണ്ട ചില ചെങ്ങാതികൾ ചിത്രം വരക്കാൻ എളുപ്പമാണെന്നും എന്നാൽ വ്യവസായം തുടങ്ങുക ദുഷ്ക്കരമാണെന്നും അഭിപ്രായപ്പെട്ടു.

ജീവിതത്തിൽ ഒരിക്കൽ പോലും വ്യവസായത്തെക്കുറിച്ച് ചിന്തിക്കാത്ത എന്നിൽ "വ്യവസായം തുടങ്ങിയാൽ എന്തു സംഭവിക്കും" എന്ന ചോദ്യം അതോടെ ഉയർന്നു വരികയായിരുന്നു.

ഇതിനുള്ള ഉത്തരം തേടലായിരുന്നു ഫോസ്റ്റർ ഫുഡ് എന്ന സ്ഥാപനത്തിൻ്റെ നിർമിതിയിൽ കലാശിച്ചത്.

ഹാർഡ് വെയർ എഞ്ചിനീയർ ആകുന്നതിൽ അഭിമാനിച്ചിരുന്ന ജോബ്സിന് വല്ലപ്പോഴും അൽപ്പം വൈദ്യുതി ആഘാതം ഏൽക്കുന്നത് അഭിമാനമായിരുന്നു. എന്നാൽ വ്യവസായം തുടങ്ങാൻ പുറപ്പെട്ട എനിക്ക് ധാരാളം പൊള്ളുന്ന ആഘാതങ്ങളാണ് ഏൽക്കേണ്ടി വന്നത്. അനീതികൾ നിറഞ്ഞ ബ്യൂറോക്രാറ്റ് സംവിധാന ങ്ങളുമായി തുടർച്ചയായി കലഹിക്കാനാണ് എൻ്റെ സംരംഭക ജീവിതം വഴിവെച്ചത്.

ഈ കലഹങ്ങൾക്കിടയിലും ഇന്ത്യയിലെ മികച്ച വ്യവസായ സംരംഭകനായി സർക്കാർ എന്നെ തിരഞ്ഞെടുത്തു എന്നത് മറ്റൊരു അനുഭവം

വ്യവസായത്തിൻ്റെ തുടക്കം തന്നെ ഒരു കലഹത്തിലൂടെയായിരുന്നു. ആദ്യമായി ജില്ലാ വ്യവസായ കേ ന്ദ്രത്തിൽ പോകുന്നത് വ്യവസായം തുടങ്ങാനുള്ള അപേക്ഷ വാങ്ങാനാണ്. എന്നാൽ അവിടെ ആ അപേക്ഷാ ഫോറം ലഭ്യമായിരുന്നില്ല.അബുദാബിയിൽ നിന്നും ഒരു ലീവിനു വന്നപ്പോഴായിരുന്നു ആ അനുഭവം. തിരിച്ച് ഗൾഫിൽ എത്തിയ ശേഷം അയച്ച റിമൈൻററുകൾ കൊണ്ടും ഫലമുണ്ടായില്ല.ഒടുവിൽ അന്നത്തെ വ്യവസായ മന്ത്രി ഗൌരിയമ്മയുടെ പേരിൽ 200 രുപയുടെ ഡ്രാഫ്റ്റ് എടുത്ത് അതോടൊപ്പം ഒരു കുറിപ്പും വെച്ച് അയച്ചുകൊടുത്തു.

"മാഡം, കഴിഞ്ഞ ആറുമാസമായി തൃശൂർ ജില്ലാ വ്യവസായ കേ ന്ദ്രത്തിൽ വ്യവസായം തുടങ്ങാൻ വരുന്നവർക്ക് കൊടുക്കുന്ന അപേക്ഷാ ഫാറം ലഭ്യമല്ല അതുകൊണ്ട് ദയവു ചെയ്ത് ഈ പൈസ ഉപയോഗിച്ച് അപേക്ഷാ ഫോറത്തിൻ്റെ ഫോട്ടോ കോപ്പികൾ എടുത്ത് അവിടെ എത്തിച്ചു കൊടുക്കണം" ഡ്രാഫ്റ്റ് അയച്ച് ഏതാനും ദിവസത്തിനകം അപേക്ഷാ ഫോറം നാട്ടിലെ വിട്ടിലെത്തി.

ഇങ്ങനെ സർക്കാരുമായി നിരന്തരം കലഹിച്ചാണ് വ്യവസായം തുടങ്ങിയത്...

Part 4

സർഗാത്മകതയെ സാങ്കേതിക വിദ്യയുമായി യോജിപ്പിക്കാനാണ് ജോബ്സ് ശ്രമിച്ചത്.അധികം വിലയില്ലാത്ത ഒരു വസ്തുവിന് നല്ലൊരു രൂപകല്പനയും ലളിതമായ കാര്യശേഷിയും ഉണ്ടെങ്കിൽ അതാണെനിക്കിഷ്ടം എന്നാണ് അയാൾ പറഞ്ഞത്..

നാണം കുണുങ്ങിയായ സ്റ്റീവ്സ് കച്ചവടത്തിൻ്റെ പ്രാഥമിക പാഠങ്ങൾ പഠിച്ചത് "ഫീഡ്സ് "എന്ന സുഹൃത്തിൽ നിന്നാണ്. എന്നാൽ ഒരു ആത്മീയവാദിയായിരുന്ന ഫീഡ്സ് പിന്നീട് സ്വർണ്ണഖനികളുടെ ഉടമയായപ്പോൾ അത് ആത്മവഞ്ചനയാണ് എന്നായിരുന്നു ജോബ്സിൻ്റെ പ്രതികരണം.

ആപ്പിളിൻ്റെ നിർമ്മാണത്തിൽ ജോബ്സിൻ്റെ പങ്ക് വളരെ ചെറുതായിരുന്നു.എന്നാൽ ആശയം ജോബ്സിൻ്റെതായിരുന്നു. ആപ്പിളിൻ്റെ സങ്കീർണ്ണമായ സർക്യൂട്ട് ഡിസൈൻ തയ്യാറാക്കിയത് ജോബ്സിൻ്റെ സുഹൃത്തും പാർട്ടണറുമായ "പോസ്നിക്കാണ് " അതിൻ്റെ പവ്വർ സിസ്റ്റം തയ്യാറാക്കിയത് ചെയിൻ സ്മോക്കറും, മാർക്സി സ്റ്റുമായ "റോസ് ഹോൾ ട്ടാണ്. "മാർക്കറ്റിങ്ങ് തന്ത്രങ്ങൾ തയ്യാറാക്കിയത് "മൈക്ക് മർക്കുലു, " ആയിരുന്നു.എന്നാലും ആപ്പിളിനെ ഒരു ബിസിനസ്സ് മോഡലായി അവതരിപ്പിച്ചത് ജോബ്സ് ആയിരുന്നു.

മൈക്കിൻ്റെ മാർക്കറ്റിങ്ങ് ആശയങ്ങൾ ജോബ്സിൻ്റെ തുമായി പൊരുത്തപ്പെടുന്നതായിരുന്നു. ധനികനാകാനുള്ള ലക്ഷ്യത്തോടെ ഒരിക്കലും കമ്പനി തുടങ്ങരുത്. നിങ്ങൾക്ക് വിശ്വാസമുള്ള എന്തെങ്കിലും നിർമിക്കുക. ദീർഘകാലം നില നിൽക്കുന്ന ഒരു കമ്പനി സൃഷ്ടിക്കുക ഇതായിരിക്കണം ലക്ഷ്യം എന്നാണ് മൈക്കിൾ കരുതിയിരുന്നത്.

"ഐഫോണിൻ്റേയൊ, ഐപേഡിൻ്റേയോ ഒരു പെട്ടി നിങ്ങൾ തുറക്കുമ്പോൾ അത് സ്പർശിക്കുന്നതിൻ്റെ അനുഭവം ആ ഉൽപ്പന്നത്തെക്കുറിച്ച് നിങ്ങളുടെ കാഴ്ച്ചപ്പാടിനെ സ്വാധീനിക്കണമെന്ന് ഞങ്ങൾ ആ ഗ്രഹിക്കുന്നു എന്ന് " .ജോബ്സ് ഒരിക്കൽ പറയുകയുണ്ടായി. മൈക്കിളിൽ നിന്നാണ് ഈ തത്വം എനിക്ക് കിട്ടിയതെന്നും അയാൾ പറഞ്ഞു

എൻ്റെ വ്യവസായ സ്വപ്നങ്ങളും സങ്കൽപ്പങ്ങളും, ലക്ഷ്യങ്ങളും, ദർശനങ്ങളും, ഒത്തുചേർന്ന ഒരു ഉൽപ്പന്നമായിരുന്നു 1998 ൽ ഫോസ്റ്റർ പുറത്തിറക്കിയ"LIFE Time" ഷുഗർഫ്രീ ബിസ്ക്കറ്റ്. ഇന്ത്യയിലെ ബിസ്ക്കറ്റ് നിർമ്മാണ ചരിത്രത്തിലെ നിർണായകമായ കാൽവെപ്പായിരുന്നു അത്. അതു വരെ ഇന്ത്യയിൽ പഞ്ചസാര ചേർക്കാത്ത ബിസ്ക്കറ്റ് നിർമിച്ചിരുന്നില്ല. അതു കൊണ്ടു തന്നെ പ്രമേഹരോഗികൾക്ക് ബിസ്ക്കറ്റ് അപ്രാപ്യമായിരുന്നു.(മുപ്പതാം വയസ്സിൽ പ്രമേഹരോഗിയായ ഞാൻ ഇത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്) അന്ന് അവർക്ക് നൽകിയിരുന്ന ആരോ റൂട്ട്, മാരി, ബിസ്ക്കറ്റുകളിൽ 20 ശതമാനം വരെ പഞ്ചസാര ഉണ്ടായിരുന്നു.

ഇന്ത്യയിൽ ആദ്യമായി ഫോസ്റ്റർ ഇറക്കിയ ഷുഗർ ഫ്രീ ബിസ്ക്കറ്റ് ആ ചരിത്രത്തെ മാറ്റിമറിച്ചു. ആപ്പിളിൻ്റെ നിർമാണത്തിൻ ജോബ്സിൻ്റെ പങ്ക് എത്ര കുറവായിരുന്നാ അതുപോലെ ഷുഗർ ഫ്രീ ബിസ്ക്കറ്റിൻ്റെ നിർമാണത്തിൻ എൻ്റെ പങ്കും വട്ടപൂജ്യമായിരുന്നു.എന്നാൽ അതിൻ്റെ ആശയവും ബിസിനസ്സ് മോഡലും എൻ്റെതായിരുന്നു. വർഷങ്ങൾക്ക് മുൻപ്" CFTRl"

|(സെൻട്രൽ ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് )

ഗവേഷണം നടത്തി കണ്ടെത്തിയ ഉൽപ്പന്നമായിരുന്നു അത്. അവരുടെ അലമാരിയിൽ ആരും ശ്രദ്ധിക്കാതെ പൊടിപിടിച്ചു കിടന്നിരുന്ന ആ കണ്ടെത്തലിനെ ഒരു ബിസിനസ്സ് മോഡലാക്കി നിർമിച്ച് ബ്രാൻ്റ് ചെയ്ത് വിപണിയിൽ എത്തിക്കുകയായി രുന്നു ഞാൻ

പഞ്ചസാര ചേർക്കാതെ ബിസ്ക്കറ്റ് നിർമിക്കാനുള്ള ശ്രമത്തെ ഡയറക്ടർ ബോർഡ് എനിക്ക് വട്ടാണെന്നു പറഞ്ഞ് ആദ്യം നിരസിക്കുകയായിരുന്നു .

സെയിൽസ് ടീമും ഇതൊരു പാഴ് വേലയാണെന്നും പരസ്യത്തിനും നിർമാണത്തിനും ചെലവാക്കുന്ന പണം നഷ്ടമാകും എന്നും പറഞ്ഞ് അത് മുടക്കി.

എന്നാൽ ഒടുവിൽ എൻ്റെ നിർബന്ധത്തിനു വഴങ്ങി ഉൽപ്പന്നം വിപണിയിൽ എത്തിയപ്പോൾ അത് ഒരുവൻ ഹിറ്റായി.

Part 5

വ്യവസായ സംരംഭകനായി മാറിയ ഒരു കലാപകാരിയുടെ മാനസിക സംഘർഷങ്ങളായിരുന്നു ജോബ്സിൻ്റെ ചിന്തയുടെ വൈരുദ്ധ്യത്തിനു കാരണം .

"ഞങ്ങൾ വ്യത്യസ്തമായ രീതിയിൽ ലോകത്തെ നിരീക്ഷിച്ചു, ഞങ്ങൾക്ക് വ്യക്തികളെ കുറിച്ചും വ്യത്യസ്തമായ കാഴ്ച്ചപ്പാടുകൾ ഉണ്ടായിരുന്നു.അതു കൊണ്ടു തന്നെ ഞങ്ങളുടെ മൂല്യബോധവും വ്യത്യസ്തമായിരുന്നു." വിവേകപൂർണ്ണമായ വിവേചനത്തിൻ്റെയും വൈവിധ്യത്തിൻ്റെയും സമ്മേളനമായിരുന്നു അത്.

ചിത്രങ്ങൾ രചിക്കുകയും അവയോടൊപ്പം ജീവിക്കുകയും ചെയ്യുമ്പോൾ, അവയുടെ രൂപവും ഭാവവും, വിചിത്രമായ പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്ന ശബ്ദവീചികളും, തനിക്ക് അനുഭവേദമാകും, എന്നൊരിക്കൽ അയാൾ പറയുകയുണ്ടായി.

(അമേരിക്കയിലെ മോഡേൺ ആർട്ട് ഗാലറിയിൽ ഒരിക്കൽ ഐഫോൺ പ്രദർശിപ്പിക്ക പോലും ഉണ്ടായി)

ഒരു വ്യവസായി ആയില്ലെങ്കിൽ ഫ്രാൻസിൽ പോയി കവിത എഴുതി ജീവിക്കുമായിരുന്നു എന്നാണ് ഒരു ചോദ്യത്തിന് മറുപടിയായി അയാൾ ഒരിക്കൽപറഞ്ഞത്

ജോബ്സിൻ്റെ കാലത്തെ യുവാക്കൾ പിരിലൂസന്മാരായിരുന്നു എന്നാണ് ചിലർ കരുതുന്നത്.എന്നാൽ അവർ പ്രതിഭാശാലികൾ കൂടിയായിരുന്നു. ലോകത്തെ മാറ്റാൻ കഴിയും എന്നു വിശ്വസിക്കാൻ മാത്രം ഭ്രാന്തുള്ളവരായിരുന്നു അവർ

1973 ൽ ജോബ്സ് ഇന്ത്യ സന്ദർശിച്ചു. പത്തൊൻപതുകാരൻ്റെ പൂർവ്വ ദേശത്തെ ആത്മീയതയിലും, ബുദ്ധമതത്തിലും, ജ്ഞാനപ്രകാശനത്തിനു വേണ്ടിയുള്ള, താല്പ്പര്യവും അന്വേഷണവുമാണ് ഇന്ത്യ സന്ദർശിക്കാൻ അയാളെ പ്രേരിപ്പിച്ചത്.

" പാശ്ചാത്യ യുക്തിചിന്ത പാശ്ചാത്യ സംസ്കാരത്തിൻ്റെ വലിയ നേട്ടമാണ്.ഇത് ഇന്ത്യക്കാർ പഠിച്ചിട്ടില്ല.പകരം അന്തർ ജ്ഞാനത്തിൻ്റെയും അനുഭവപാഠ സിദ്ധാന്തത്തിൻ്റെയും ശക്തിയാണ് അവർക്കുള്ളത് " എന്ന് സ്റ്റീവ് സ് വിശ്വസിച്ചു.

ഈ "സഹജാവബോധം " അയാളുടെ പിന്നീടുള്ള ജീവിതത്തെ വല്ലാതെ സ്വാധീനിച്ചു.

എഴുപതുകളിലെ അമേരിക്കൻ യുവത്വത്തെ "ഹിപ്പിസം" സ്വാധീനിച്ചു എങ്കിൽ ബംഗാളിൽ രൂപം കൊണ്ട നക്സലിസമാണ് ഇന്ത്യൻ യുവത്വത്തെ സ്വാധീനിച്ചത്.

വിട്ടു വിഴ്ച്ചകളോട് പൊരുത്തപ്പെടാത്ത മനസ്സായി രുന്നു ആകാലഘട്ടത്തിൻ്റെത് ,അതിനു നിർബന്ധിച്ചപ്പോഴൊക്കെ അവർ പൊട്ടിത്തെറിച്ചു.എം ഗോവിന്ദനും, അയ്യപ്പപണിക്കരും, ടി.ആറും, ജോൺ അബ്രഹാമും, രാജൻ കാക്കനാടനും, കെ വേണുവും അടങ്ങിയ തലമുറ അങ്ങിനെ യായിരുന്നു.

ജോബ്സിൻ്റെ ജീവിതരീതിയും അങ്ങിനെയായിരുന്നു. നിങ്ങളുടെ ചിന്തകൾ മനസ്സിൽ അട്ടിയട്ടിയായി വച്ച് പ്രത്യേക രൂപങ്ങൾ കൈക്കൊള്ളുന്നു. പലരുടെയും മനസ്സിൽ അത് ഗ്രാമഫോൺ റെക്കോർഡിലെ വരകൾ പോലെസ്ഥിരമായി പതിഞ്ഞിരിക്കും. അതിൽ നിന്നുള്ള മോചനം ഒരിക്കലും സാധ്യമല്ല. ജോബ്സ് ഒരു ഇൻ്റർവ്യൂ വിൽ പറഞ്ഞതാണ്

സഹജീവികളിൽ ചിലരുടെ പ്രവർത്തികളിൽ പിഴവു കാണുമ്പോഴൊക്കെ അയാൾ കലഹിച്ചു. പല സഹപ്രവർത്തകർക്കും അയാൾ പേടി സ്വപനമായി. പതിയെ പതിയെ ആപ്പിളിലും ഇത് അയാളെ അസ്വീകാര്യനാക്കി. ഇങ്ങനെയാണ് ജോബ്സ് താൻ വളർത്തി കൊണ്ടുവന്ന ആപ്പിളിനോട് ആദ്യം വിട പറഞ്ഞത്

1974ൽ ഞാൻ അബുദാബിയിലേക്ക് പോയി. കേരളത്തിലെ സാഹചര്യം അപ്പോൾ എനിക്ക് ഇവിടെ തുടരാൻ പറ്റാത്ത വിധമായിരുന്നു. അന്വേഷികളുടെഅസ്വസ്ഥരുമായ ഒരു യുവത്വമായിരുന്നു ,അന്ന് ഗൾഫിലേക്ക് കുടിയേറിയവരിൽ പലർക്കും ഉണ്ടായിരുന്നത്. (അന്ന് ഗൾഫിൽ വൈദ്യുതി പോലും എല്ലായിടത്തും എത്തിയിട്ടില്ല.)

അടിയന്തരാവസ്ഥയുടെ മുന്നിൽ പകച്ചു നിന്ന ഒരു തലമുറയുടെ വിദേശപ്രതിനിധികളായിരുന്നു അവരിൽ പലരും. ഒറ്റയായും തെറ്റയായും നടന്നിരുന്ന ക്ഷോഭിക്കുന്ന യുവത്വത്തിൻ്റെ മുന്നിൽ ഗൾഫിലെ ജോലിയും ജീവിതവും പുതിയ ലോകത്തിൻ്റെ വാതിലുകളാണ് തുറന്നിട്ടത്. ലഭ്യമായ ലോകാനുഭവങ്ങളുടെ വാതിൽ അവരെ പുതിയ കാഴ്ച്ചപ്പാടുകളിലേക്ക് നയിച്ചു.

എനിക്കാകട്ടെ ഒരു ബ്രിട്ടിഷ് കമ്പനിയിലാണ് ജോലി ലഭിച്ചത്.അത് ആധുനീക മേ നേജ്മെൻ്റ് രീതികളെക്കുറിച്ച് അറിയാനും പഠിക്കാനുമുള്ള അവസരം നൽകി. എന്നാൽ വിദേശത്തു നിന്ന് പഠിച്ച മേനേജ്മെൻറ് രീതിയുമായി തീരെ ഒത്തു പോകാത്തതായിരുന്നു കേരളത്തിലേത്. നമ്മുടെ ഉദ്യോഗസ്ഥസങ്കൽപ്പവും, വ്യവസായ സങ്കൽപ്പവും എങ്ങിനെ കാശുണ്ടാക്കാം എന്ന തത്വത്തിൽ, അധിഷ്ഠിതമായിരുന്നു.

അതു കൊണ്ടു തന്നെ ഇവിടത്തെ സർക്കാർ സംവിധാനവുമായി പൊരുത്തപ്പെടാൻ എനിക്കായില്ല. ഇത് സർക്കാരുമായി പല കലഹങ്ങൾക്കും വഴിവെച്ചു.(ഈ കലഹങ്ങൾക്കിടയിലും അഞ്ചു ഫാക്ടറികൾ തുടങ്ങാനും 400ൽ ഏറെ പേർക്ക് തൊഴിൽ കൊടുക്കാനും കഴിഞ്ഞു)

ഇതാകട്ടെ വലിയ പബ്ലി സിറ്റിക്കും വഴിയൊരുക്കി. പത്രങ്ങളിലും ടി വി യിലും തുടരെ വന്നിരുന്ന വാർത്തകൾ ( മനോരമയും മാതൃഭൂമിയും ഫുൾ പേജ് വാർത്തകൾ വരെ അന്ന് നൽകിയിട്ടുണ്ട്). ഞാനറിയാതെത്തന്നെ വ്യവസായ രംഗത്തെഒരു ഹീറോ വേഷം എനിക്ക് കിട്ടി. ഇക്കാലത്താണ് സംസ്ഥാന സർക്കാരിൻ്റെ മികച്ച വ്യവസായ സംരംഭകനുള്ള അവാർഡ് എനിക്ക് കിട്ടുന്നത്. അന്നത്തെ വ്യവസായ മന്ത്രി സുശീലാ ഗോപാലൻ ആ ചടങ്ങിൽ പങ്കെടുക്കാതിരുന്നത് പത്രങ്ങളിൽ വലിയ വാർത്തയായി .

ഇതിനിടയിലാണ് "XLRI "യിൽ നിന്നുംMBA എടുത്ത മാർക്കറ്റിങ്ങ് മേനേജർ "Boban is more Famous than Foster" എന്നൊരു കുറിപ്പെഴുതി ഡയറക്ടർ ബോർഡിലേക്ക് അയച്ചത്. ഇത് സ്വാഭാവികമായും വിദേശത്തുള്ള ഭൂരിപക്ഷ ഡയറക്ടർമാരേയും അസ്വസ്ഥരാക്കി.

കുറച്ചു കാശുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കമ്പനിയിൽ പണം ഇൻവെസ്റ്റ് ചെയ്തവർ എൻ്റെ പ്രവർത്തികളിൽ അസ്വസ്ഥരാകാൻ തുടങ്ങി. അതൊടെ ഞാൻ അവരുടെ ഇടയിൽ അനഭിമതനാകാനും തുടങ്ങി.

ഈ പുസ്തകം വായിക്കുമ്പോൾ സ്റ്റീവ്സിൻ്റെ ഒരു വരി മനസ്സിൽ വീണ്ടും വരുന്നു

" സ്വയം പര്യാപ്തതക്കുള്ള ഒരു ഉപകരണം മാത്രമാണ് പണം അതിനെ ജീവിതത്തിൻ്റെ ഭാഗമാക്കാൻ ഞാൻ അനുവദിച്ചില്ല "

Part 6

ടെ ടേണോവർ, ഇതായിരുന്നു അന്നത്തെ ഫോസ്റ്റർ.കൂടാതെ കോഴിക്കോട്ടെ കിൻഫ്രാ പാർക്കിൽ പുതിയ ഫാക്ടറിക്കുള്ള സ്ഥലത്തിൻ്റെ കരാറും.

ഭൂമിയുടെ വില വൻതോതിൽ കേരളത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്.. ഫോസ്റ്ററിൻ്റെ ഭൂമി വില പുസ്തകത്തിൽ 1000 രൂപ മാത്രമായിരുന്നു. കമ്പനി പിടിച്ചെടുത്താൽ കുറഞ്ഞകാശിന് ഇത് സ്വന്തമാക്കാം എന്ന് ആർക്കെങ്കിലും ചിന്തയുണ്ടായോ എന്ന് അറിഞ്ഞു കൂടാ! എന്തായാലും അത്തരം ചില പ്രവർത്തനങ്ങളാണ് പിന്നീട് അവിടെ അരങ്ങേറിയത്!

2001 ൽ ആണ് എനിക്ക് ദേശീയ അവാർഡ് കിട്ടുന്നത്.ഇന്ത്യൻ പ്രധാനമന്ത്രിയാണ് അവാർഡ് നൽകുന്നത്.വിജ്ഞാൻ ഭവനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഞാൻ കുടുംബ സമേതമാണ് ദില്ലിക്ക് പോയത്.

ഇതിനെ ഒരു ആഘോഷമാക്കാൻ ഡയറക്ടർമാർ തീരുമാനിച്ചു അവാർഡ് സമ്മാനിക്കുന്ന ദിവസം മനോരമയുടെ എല്ലാ പതിപ്പുകളിലും ഒരു ഫുൾ പേജ് പരസ്യം നൽകിയായിരുന്നു അത് നടപ്പാക്കിയത്. എല്ലാ ഡയറക്ടർമാരുടെയും ചിത്രം വലിയ പ്രാധാന്യത്തോടെ കൊടുത്തുകൊണ്ടായിരുന്നു ആ പരസ്യം വന്നത്. തങ്ങൾക്കു കൂടി ഇത് അവകാശപ്പെട്ടതാണ് എന്ന് പറയാതെ പറയുകയാണ് ചെയ്തത് - ഇതിൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ലെങ്കിലും മറ്റുപത്രങ്ങളിൽ ലഭിക്കുമായിരുന്ന വാർത്താപ്രാധാന്യം ആ പരസ്യം ഇല്ലാതാക്കി!

15 ലക്ഷം രൂപയാണ് ഇതിനായി പൊടിച്ചത്.

ഓഫീസിൽ തിരിച്ചെത്തിയപ്പോൾ ഇത് ഒരു പൊട്ടത്തരമായി എന്ന് ഞാൻ പറഞ്ഞത് വിദേശത്തുള്ള ഡയറക്റ്റഴ്സിൽ വലിയ മുറുമുറുപ്പ് ഉണ്ടാക്കി.

ചിലർ എന്നെ മാറ്റണം എന്ന് പറഞ്ഞെങ്കിലും ദേശീയ അവാർഡ് കിട്ടിയ ആളെ മാറ്റുന്നത് ശരിയല്ല എന്ന വാദത്തിന് മുൻതൂക്കം ലഭിച്ചു.

നാഷണൽ അവാർഡ് കിട്ടിയതിൻ്റെ പിന്നാലെ ചൈനയിൽ നിന്നും ലഭിച്ച ഒരു ക്ഷണപ്രകാരം ഞാൻ അങ്ങോട്ടു പോയി. അരികൊണ്ട് ന്യൂഡിൽസ് ഉണ്ടാക്കാനുള്ള ഒരു ഫാക്ടറി തുടങ്ങുകയായിരുന്നു ലക്ഷ്യം

ചേലക്കരയിൽ 10,000 സ്ക്വയർ ഫീറ്റ് കെട്ടിടവും ഒരേക്കർ ഭൂമിയും വാങ്ങി പ്രവർത്തനത്തിനുള്ള ശ്രമം ആരംഭിക്കാനിരിക്കെ, മകളെ ആർക്കിടക്ച്ചറിനു ചേർക്കാൻ ഞാൻ മദ്രാസിൽ പോയി. അവിടെ വെച്ചാണ് എനിക്ക് ആദ്യത്തെ ഹാർട്ടറ്റാക്ക് ഉണ്ടായത്. അവിടത്തെ ആശുപത്രിയിൽ സംഭവിച്ച ചില പിഴവുകൾ ആരോഗ്യത്തെ വല്ലാതെ ബാധിച്ചു.മാസങ്ങളോളം ഓഫീസിൽ പോകാൻ കഴിഞ്ഞില്ല.

ഞാൻ "ഫോസ്റ്റർ ഹോട്ട് ബ്രഡ് " എന്ന സ്ഥാപനത്തിൻ്റെ എം.ഡി സ്ഥാനം ഒഴിച്ച് മറ്റെല്ലാം രാജിവെച്ചു എന്നാൽ.ചെയർമാനായി തുടർന്നു.2003 ൽ വീണ്ടും ഒരു ഹൃദയ ശസ്ത്രക്രിയക്കു കുടി എനിക്ക് വിധേയനാകേണ്ടി വന്നു., ഇതാടെ എന്നിൽ നിന്ന് കൂടുതലായി എന്തെങ്കിലും ലഭിക്കും എന്ന വിശ്വാസം പലർക്കും നഷ്ടപ്പെട്ടിട്ടുണ്ടാകാം.എന്നാൽ കോഴിക്കോട്ടെ ഫാക്ടറി തുടങ്ങണമെങ്കിൽ എൻ്റെ സേവനം ആവശ്യവുമാണ് ഇതായി സ്ഥിതി.

1997 ൽ ആണ് ജോബ് സിന് കാൻസർ പിടിപെടുന്നത് അങ്ങോട്ടുമിങ്ങോട്ടും കാറോടിച്ച് ക്ഷീണിച്ചു തളർന്നു്, സംസാരിക്കാൻ പോലും കഴിയാതെ വീട്ടിലെത്തും.കിഡ്നിയിലെ കല്ലും മറ്റ് അസുഖങ്ങളും ബാധിച്ച് ശരീരത്തിൻ്റെ പ്രധിരോധശേഷി ക്ഷയിച്ചു എന്നാണ് ജോബ്സ് പറഞ്ഞിട്ടുള്ളത്.

കോഴിക്കോട്ടേക്കുള്ള തുടർച്ചയായ യാത്ര എന്നെയും വല്ലാതെ തളർത്തിയ ഒരു കാലമുണ്ടായിരുന്നു.ഇതിൻ്റെ ഒടുവിലാണ് 2003 ൽ എനിക്ക് മൂന്നാമത്തെ ഹൃദയശസ്ത്ര ക്രിയക്ക് വിധേയനാകേണ്ടി വന്നത്.

താൻ പെട്ടെന്ന് മരിച്ചു പോകും എന്ന ഓർമ്മ ജിവിതത്തിലെ പ്രധാന തീരുമാനങ്ങൾ എടുക്കാൻ തന്നെ പ്രേരിപ്പിച്ചു എന്നാണ് ജോബ്സ് എഴുതിയിട്ടുള്ളത്.

" അഹംഭാവവും, മോഹഭംഗത്തേയോ, പരാജയത്തെക്കുറിച്ചുള്ള, എല്ലാ ഭീതിയും മരണത്തിനു മുന്നിൽ മാഞ്ഞു പോകും.എറ്റവും പ്രധാനമായത് മാത്രം അവശേഷിക്കും. അത് നിങ്ങൾ മരിക്കാൻ പോകയാണ് എന്ന ഓർമ്മയാണ്. നിങ്ങൾ നഗ്നനായിക്കഴിഞ്ഞിരിക്കുന്നു. ഇനി ഹൃദയത്തിൻ്റെ കല്പനകളെ അനുസരിക്കാതിരിക്കാൻ കഴിയില്ല ".ജോബ്സിൻ്റെ വരികളാണിത്.

തൃശൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്ര എന്നെ വല്ലാതെ തളർത്തിയിയിരുന്നു.പലപ്പോഴും അതിൽ നിന്നുള്ള മോചനം ഞാൻ ആഗ്രഹിച്ചു. എന്നിട്ടും 2005ഡിസംബർ മാസത്തോടെ ഫ ഫാക്ടറിയുടെ ഉൽപാദനം തുടങ്ങാൻ കഴിഞ്ഞു.മാർച്ചോടെ ബ്രേയ്ക്ക് ഈ വൺ കടന്നു.അതോടെ എൻ്റെ ലക്ഷ്യം പൂർത്തിയായി.

എന്നാൽ 2006 ഏപ്രിൽ മാസത്തിൽവീണ്ടും ഹൃദയം പണിമുടക്കി. ശ്രി ചിത്രയിൽ ഒരു ശസ്ത്രക്രിയ കൂടി ചെയ്യേണ്ടി വന്നു. അസുഖം മാറി

തിരിച്ച് കോഴിക്കോട് വന്ന എനിക്ക് കമ്പനിയിൽ നിന്നും ലഭിച്ചത് തിക്ത അനുഭവങ്ങളായിരുന്നു.

(ഇതിനിടയിൽ കൃഷ്ണദാസും ഞാനും പ്രമോട്ടർമാരായി ഗ്രീൻ ബുക്സ് എന്ന സ്ഥാപനത്തിന് തുടക്കമിട്ടിരുന്നു. കൃഷ്ണദാസിൻ്റെ ബ്രെയിൻ ചൈൽഡായായിരുന്നു അതെങ്കിലും ഗ്രീൻ ബുക്സിൻ്റെ പ്രോജക്റ്റ് റിപ്പോർട്ടും, ബിസിനസ്സ് മോഡലും തയ്യാറാക്കിയത് ഞാനായിരുന്നു.

ജോബ്സാണ് ആദ്യമായി ഡിജിറ്റൽ ബുക്ക് തയ്യാറാക്കിയത് "ഗുട്ടൻബർഗിനു ശേഷം പുസ്തക പ്രസാധന രംഗത്തെ വിപ്ലവമായിരുന്നു അത്.അതു പോലെ ഷെല്ലിക്കു ശേഷം മലയാള പുസ്തക പ്രസാധന രംഗത്തെ ഒരു വിപ്ലവമായിരുന്നു ഗ്രീൻ ബുക്സ്

2006 ജൂണിൽ ഞാൻ ഫോസ്റ്ററിൽ നിന്ന് രാജിവെച്ച് പുറത്തു പോന്നു. എന്നെ പുറത്താക്കി എന്നു പറയുന്നതാണ് കൂടുതൽ ശരി. എന്നാൽ ഞാൻ പുറത്തുവന്നിട്ട് ഇത്ര കാലമായിട്ടും പുതിയതായി ഒന്നും അവർ കണ്ടു പിടിച്ചില്ല.

അസാധ്യമായത് ചെയ്യുക ഒരു രസമാണ് ചിലപ്പോൾ അതും ഒരു ഭ്രാന്തായിരിക്കാം...

(ഇവിടെ വെച്ച് നിറുത്തുന്നു)